ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ് . ഒരാഴ്ചയ്ക്കുള്ളിൽ ഒരു ദശലക്ഷം പേർക്ക് വൈറസ് ബാധിച്ചതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ഓരോ 16 പേരിൽ ഒരാൾക്ക് രോഗം ബാധിച്ചതായാണ് റിപ്പോർട്ടുകൾ . നിലവിലെ രോഗവ്യാപനത്തിന്റെ പിന്നിൽ BA. 2 എന്ന ഒമിക്രോണിന്റെ ജനിതക വകഭേദമാണെന്ന് കണ്ടെത്തിയിരുന്നു.
ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട്‌ലൻഡിലും പ്രതിദിന രോഗവ്യാപന നിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും വടക്കൻ അയർലൻഡിൽ അണുബാധ കുറയുന്നതിന്റെ സൂചനകൾ കാണിച്ചു തുടങ്ങി . പ്രതിദിന രോഗവ്യാപന നിരക്ക് കൂടുന്നതിന്റെ അനന്തരഫലമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും മരണനിരക്കും ഉയർന്നേക്കാമെന്ന ആശങ്ക ശക്തമാകുകയാണ്. ഭൂരിപക്ഷം പേർക്കും വാക്സിൻ നൽകാനായത് വൈറസ് ബാധിതർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ കുറയ്ക്കുമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മാർച്ച് 24 – ന് 1740 പേരാണ് വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ തന്നെ പകുതിയോളം പേർ കോവിഡിന് പകരം മറ്റെന്തെങ്കിലും ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ടപ്പോൾ കോവിഡ് സ്ഥിരീകരിച്ചതാകാനും സാധ്യതയുണ്ട്. കോവിഡ് വ്യാപനം എൻഎച്ച്എസിനെ പ്രതിസന്ധിയിൽ ആക്കുകയാണ്. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം തന്നെ ജീവനക്കാരിൽ പലർക്കും കോവിഡ് ബാധിച്ചത് പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്. കോവിഡ് കാരണം ഇംഗ്ലണ്ടിലെ എൻ എച്ച് എസ് ആശുപത്രികളിൽ ജീവനക്കാരുടെ അഭാവം മാർച്ച് 13 വരെയുള്ള ആഴ്ചയിൽ 31% ആണ് വർധിച്ചത്.
Leave a Reply