യുകെയിൽ കോവിഡ് സംബന്ധമായ നിയന്ത്രണങ്ങളെല്ലാം വ്യാഴാഴ്ച മുതൽ അവസാനിപ്പിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ പ്രഖ്യാപിച്ചു. ചികിൽസയും വാക്സിനേഷനും കൊണ്ട് കോവിഡിനെ ചെറുത്ത്, അതിനൊപ്പം ജീവിക്കുക എന്ന നയമായിരിക്കും ഇനി പിന്തുടരുക.
വ്യാഴാഴ്ച മുതൽ കോവിഡ് പോസീറ്റീവാകുന്നവർ നിർബന്ധിത ഐസൊലേനു വിധേയരാകേണ്ടതില്ല. എന്നാൽ സാധ്യമെങ്കിൽ ഐസൊലേഷൻ ആകാമെന്ന നിർദേശമുണ്ട്. കോവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രത്യേക പേമെന്റുകളും വ്യാഴാഴ്ച മുതൽ ഇല്ലാതാകും.
രോഗലക്ഷണങ്ങൾ ഉള്ളവർക്ക് നിലവിൽ നൽകുന്ന സൗജന്യ പരിശോധന ഏപ്രിൽ ഒന്നിന് അവസാനിക്കും. സെൽഫ് ഐസൊലേഷൻ കാലത്ത് നൽകിയിരുന്ന അവധിയും ശമ്പളവും ഇനിമുതൽ ഉണ്ടാകില്ല. എന്നാൽ 75 വയസ്സുനു മുകളിലുള്ളവർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവര്‍ക്കും സൗജന്യ പരിശോധന തുടരും. ഇവർക്ക് ഒരു ഡോസ് സൗജന്യ ബൂസ്റ്റർ വാക്സീൻകൂടി നൽകും.
ഇംഗ്ലണ്ടിലും നോർതേൺ അയർലൻഡിലും വെയിൽസിലുമെല്ലാം സമാനമായ നിയമം വ്യാഴാഴ്ച പ്രാബല്യത്തിൽ വരുമ്പോൾ സ്കോട്ട്ലൻഡിൽ മാത്രം നേരിയ നിയന്ത്രണങ്ങൾ തുടരും. രോഗികളുമായി സമ്പർക്കത്തിലാകുന്നവരെ കണ്ടെത്താനുള്ള കോൺടാക്ട് ട്രേസിംങ് സംവിധാനം വ്യാഴാഴ്ച അവസാനിക്കും. ഐസൊലേഷൻ കാലത്ത് ലോം ഇൻകം ഗ്രൂപ്പിലുള്ളവർക്ക് നൽകിയിരുന്ന 500 പൗണ്ട് പേമെന്റ് വ്യാഴാഴ്ച നിലയ്ക്കും.
സ്റ്റാറ്റ്യൂട്ടറി സിക്ക് പേ, എംപ്ലോയ്മെന്റ് അലവൻസ് എന്നിവയൊന്നും ഇനി കോവിഡിനായി പ്രത്യേകം ഉണ്ടാകില്ല. ഐസൊലേഷന്റെ പേരിൽ അവധിയെടുത്താൽ സാധാരണ സിക്ക് ലീവായി പരിഗണിക്കപ്പെടും. സൗജന്യ പരിശോധനയ്ക്കായി ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെക്ടറിന് നൽകിയിരുന്ന ഫണ്ടിങ് നിർത്തലാക്കും.
വിദേശത്തുനിന്നും വരുന്നവർ പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിക്കണമെന്ന നിബന്ധന തൽക്കാലം തുടരുമെങ്കിലും ഇതും ഒഴിവാക്കുന്നകാര്യം സർക്കാർ ഏപ്രിൽ ഒന്നിനുശേഷം പരിഗണിക്കും. ഇത്തരത്തിൽ എല്ലാ നിയന്ത്രണങ്ങളും ആനുകൂല്യങ്ങളും പിൻവലിച്ചുകൊണ്ട് കോവിഡിൽനിന്നുള്ള സമ്പൂർണമായ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ നടത്തിയത്.
രാജ്യത്തെ പ്രഥമ പൗരയായ എലിസബത്ത് രാജ്ഞിയ്ക്കു പോലും കോവിഡ് സ്ഥിരീകരിക്കുകയും, ദിവസേന അര ലക്ഷത്തിലധികം ആളുകൾ കോവിഡ് രോഗികളായി മാറുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് ബ്രിട്ടന്റെ ഈ കോവിഡ് ‘സ്വാതന്ത്ര്യ’ പ്രഖ്യാപന എന്നതും ശ്രദ്ധേയമാണ്.
Leave a Reply