യുകെയിൽ കോവിഡ് മൂന്നാം തരംഗത്തിൻ്റെ കാര്യത്തിൽ വിദഗ്ദർ രണ്ടു തട്ടിൽ. രാജ്യത്ത് ഡെൽറ്റ വകഭേദം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഒരു മൂന്നാം തരംഗം ഉടൻ ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി വാക്സിൻ വിദഗ്ധനായ ഡോ.ആദം ഫിൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. അതിവേഗത്തിൽ പടരുന്ന കോവിഡിെൻറ ഡെൽറ്റ വകദേദമായിരിക്കും കോവിഡ് മൂന്നാം തരംഗത്തിലേക്ക് നയിക്കുയെന്ന് ഫിൻ വാക്സിനേഷനുമായി ബന്ധപ്പെട്ട കമ്മിറ്റിയെ അറിയിച്ചു.
യുകെയിൽ ഡെൽറ്റ വകഭേദം വാക്സിനുകളും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്. എന്നാൽ, പ്രതീക്ഷിച്ചത്ര വർധനവ് ഉണ്ടാവുന്നില്ലെന്നത് ആശ്വാസകരമാണ്. എത്രയും വേഗം പ്രായമായവർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകുകയാണ് വേണ്ടത്. അത് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറക്കാൻ സഹായിക്കുമെന്ന് ഫിൻ പറഞ്ഞു.
പ്രായമായവരെ വാക്സിൻ നൽകി സംരക്ഷിച്ചാൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും മരണവും കുറക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.കെയിൽ ഇതുവരെ 540 പേർക്ക് കോവിഡിെൻറ ഡെൽറ്റ വകഭേദം ബാധിച്ചുവെന്നാണ് കണക്കാക്കുന്നത്. അതേസമയം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ വർധന മൂന്നാം തരംഗ സൂചനയല്ലെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻ്റ് ട്രോപ്പിക്കൽ മെഡിസിനിലെ വാക്സിനോളജി പ്രൊഫസർ ബ്രണ്ടൻ റെൻ പറയുന്നു.
മുതിർന്ന ജനസംഖ്യയുടെ 81% ത്തിലധികം പേരും ആദ്യത്തെ കൊറോണ വാക്സിൻ ഡോസും 59% രണ്ട് ഡോസുകളും ലഭിച്ചവരാണ്. അതിനാൽ ജാഗ്രത അനിവാര്യമാണെങ്കിലും മൂന്നാം തരംഗ സാധ്യത വിരളമാണെന്ന് റെൻ ചൂണ്ടിക്കാട്ടി. വാക്സിനേഷൻ്റെ പുരോഗതി പരിഗണിക്കുമ്പോൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ജൂൺ 19 വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും റെൻ പറഞ്ഞു.
എന്നിരുന്നാലും ശ്വാസകോശ വ്യവസ്ഥയെ ബാധിക്കുന്ന പുതിയ വൈറസുകളുടെ ആവിർഭാവം യുകെയെ സംബന്ധിച്ചിടത്തോളം “അപകടകരമായ ഒരു ശൈത്യകാലം” എന്ന ഭീഷണി മുന്നോട്ടു വക്കുന്നതായി വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. തണുപ്പു കാലം കഴിയുന്നതുവരെ കൂടുതൽ ലോക്ക്ഡൗണുകൾക്കുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
രാജ്യത്തെ പുതിയ കേസുകളില്‍ 94 ശതമാനം വരെ ഡെല്‍റ്റ വേരിയന്റ് കാരണമാണ്. കോവിഡ് മൂന്നാം തരംഗമുണ്ടാവാനുള്ള സാധ്യത മുന്നിൽ കണ്ട് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനുള്ള തീരുമാനത്തിൽ നിന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ ആഴ്ച പിന്നോക്കം പോയിരുന്നു.
Leave a Reply