യുകെയിൽ 2 ഡോസ് വാക്സിനെടുത്തവർക്ക് 140 ആംബർ ലിസ്റ്റ് രാജ്യങ്ങളിലേക്ക് പറക്കാം. വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് ഈ മാസം അവസാനം മുതൽ ക്വാ റൻ്റീൻ നിബന്ധനകളിൽ ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചതോടെ വേനൽക്കാല അവധി യാത്രകൾക്ക് വീണ്ടും ചിറകു മുളക്കുകയാണ്.
ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സാണ് കോമൺസിൽ ബ്രിട്ടൻ ദീർഘകാലമായി കാത്തിരുന്ന പ്രസ്താവന നടത്തിയത്. നിലവിൽ ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് മടങ്ങുന്ന യാത്രക്കാർ 10 ദിവസം വരെ ക്വാറൻ്റീനിൽ പോകേണ്ടതുണ്ട്. ജൂലൈ 19 ന് പ്രാബല്യത്തിലാകുന്ന പുതിയ നിയമം ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ, ഇറ്റലി എന്നിവയുൾപ്പെടെയുള്ള മികച്ച അവധിക്കാല ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കും.
ഇളവുകൾ പ്രാബല്യത്തിലാകുന്നതോടെ ഈ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. കോവിഡ് തകർച്ചയ്ക്ക് ശേഷം ഈ തള്ളിക്കയറ്റം പരമാവധി ഉപയോഗപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ടൂർ ഓപ്പറേറ്റർമാരും എയർലൈനുകളും. അവധി ആഘോഷിച്ച് മടങ്ങി വരുന്നവർക്ക് ക്വാ റൻ്റീൻ വേണ്ടെങ്കിലും ബ്രിട്ടനിലെത്തി രണ്ടാം ദിവസം ഇവർ പിസിആർ ടെസ്റ്റ് ചെയ്യേണ്ടതുണ്ട്.
നിലവിൽ കുട്ടികൾക്ക് വാക്സിൻ നൽകുന്നില്ലെങ്കിലും ക്വാറൻ്റീൻ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ മുതിർന്നവരോടൊപ്പം അവരും രണ്ടാം ദിവസത്തെ കോവിഡ് ടെസ്റ്റിൽ നെഗറ്റീവ് ആകണം. 2 ഡോസ് വാക്സിൻ എടുക്കാത്ത ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് മടങ്ങി വരുന്ന യാത്രക്കാർക്ക് ക്വാ റൻ്റീൻ നിർബന്ധമാണ്. ഇത് ലംഘിക്കുന്നവർക്ക് 10,000 പൗണ്ട് വരെ പിഴ ചുമത്തുമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.
അതിനിടെ സ്കൂൾ അവധിക്കാലത്തിനു മുമ്പേ യുകെ ഇന്ത്യയെ റെഡ് ലിസ്റ്റിൽനിന്നും നീക്കി, ഹോട്ടൽ ക്വാറന്റീൻ നിബന്ധനകൾ ഒഴിവാക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യക്കാർ. രണ്ടുഡോസ് വാക്സീനെടുത്ത ഇന്ത്യക്കാർക്കു ജർമനി കഴിഞ്ഞദിവസം ക്വാറന്റീൻ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ യുകെയിലും ഇളവുകൾ വേണമെന്ന ആവശ്യം മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിലും ശക്തമാണ്.
ഈ ആവശ്യം ഉന്നയിച്ച് ആരംഭിച്ച ഓൺലൈൻ പെറ്റീഷനിൽ ഇതിനോടകം 22,000അധികം പേർ ഒപ്പിട്ടു കഴിഞ്ഞു. ഒരു ലക്ഷം പേർ ഒപ്പിട്ടാൽ പരാതി പാർലമെന്റിന്റ പരിഗണനാവിഷയമാകും. രണ്ടുഡോസ് വാക്സീനെടുത്തവർക്ക് ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്കി നൽകണമെന്നാണു പരാതിയുടെ ഉള്ളടക്കം. ഓൺലൈൽ പെറ്റീഷനിൽ പങ്കു ചേരാനുള്ള ലിങ്ക് താഴെ.
Leave a Reply