യുകെയിൽ ഡെൽറ്റ വകഭേദം ബാധിച്ചുള്ള കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധന. കഴിഞ്ഞ ദിവസങ്ങളിൽ 35,204 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതർ 1,11,157 ആയി. ഡെൽറ്റ കേസുകളിൽ 46% വർധനയുണ്ടായെന്നു യുകെ ആരോഗ്യവകുപ്പിന്റെ കണക്കുകൾ പറയുന്നു.

ഇന്ത്യയിൽ ആദ്യം തിരിച്ചറിഞ്ഞ ‘ആശങ്കാ വകഭേദമായ’ ഡെൽറ്റ, പിന്നീട് ഡെൽറ്റ പ്ലസ് ആവുകയും കൂടുതൽ രോഗവ്യാപന ശേഷി കൈവരിക്കുകയും ചെയ്തെന്ന് ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വകുപ്പ് (പി‌എച്ച്ഇ) അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. വാക്സീന്റെ രണ്ടു ഡോസും സ്വീകരിക്കുന്നതു മികച്ച പ്രതിരോധം തീർക്കുന്നതായും പിഎച്ച്ഇ പറഞ്ഞു.

‘രാജ്യത്തെ വാക്സിനേഷന്റെ വിജയം, കോവിഡ് കേസുകളും ആശുപത്രി പ്രവേശവും തമ്മിലുള്ള അനുപാതം കുറച്ചുവെന്നാണു ഡേറ്റ സൂചിപ്പിക്കുന്നത്. ഒരു ഡോസിനേക്കാൾ രണ്ടു ഡോസ് വാക്സീൻ കോവിഡിനെതിരെ വളരെ ഫലപ്രദമാണ്. മികച്ച സംരക്ഷണമാണ് നൽകുന്നതെങ്കിലും വാക്സീനും പൂർണ പരിരക്ഷ നൽകാനാവില്ല. അതിനാൽ നിലവിലെ ജാഗ്രത തുടരണം’– യുകെ ആരോഗ്യ സുരക്ഷാ ഏജൻസി ചീഫ് എക്സിക്യൂട്ടീവ് ഡോ. ജെന്നി ഹാരിസ് പറഞ്ഞു.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ലാംബ്ഡയെ (Lambda– സി.37) വേരിയന്റ്സ് അണ്ടർ ഇൻ‌വെസ്റ്റിഗേഷൻ (വി‌യു‌ഐ) പട്ടികയിൽ ചേർത്തതായും പി‌എച്ച്ഇ അറിയിച്ചു. രാജ്യത്താകെ ആറു ലാംബ്ഡ കേസുകൾ കണ്ടെത്തിയിട്ടുണ്ട്. വിദേശ യാത്രകളുമായി ബന്ധപ്പെട്ടാണു ഈ കേസുകളെല്ലാം. പെറുവിൽ ആദ്യമായി റിപ്പോർട്ടു ചെയ്‌ത ലാംബ്ഡ 26 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.