രാജ്ഞിയുടെ ജൂബിലി ആഘോഷം പൊടിപൊടിച്ച ബ്രിട്ടനിൽ ആഘോഷം കഴിഞ്ഞപ്പോൾ കുതിച്ചു കയറി കോവിഡ്. ഏകദേശം പതിനഞ്ച് ലക്ഷത്തോളം ആളുകൾക്ക് നിലവിൽ വൈറസ് ബാധയുണ്ടെന്നാണ് ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

നാലു ദിവസം നീണ്ട ആഘോഷമായിരുന്നു ഇതിനായി സർക്കാർ പ്രത്യേകം അവധിവരെ നൽകി സംഘടിപ്പിച്ചത്. ഒമിക്രോണിന്റെ വകഭേദങ്ങളായ ബിഎ-4, ബിഎ-5 എന്നിവയാണ് ഇപ്പോൾ ബ്രിട്ടനിൽ പടരുന്നത്. മറ്റൊരു കോവിഡ് തരംഗത്തിന്റെ തുടക്കമാണോ ഇതെന്ന് സംശയമുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാൻ സമയം ആയിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

രാജ്യത്ത് 45 പേരിൽ ഒരാൾക്കു വീതം കോവിഡ് ഉണ്ടെന്ന സ്ഥിതിയാണിപ്പോൾ. കഴിഞ്ഞയാഴ്ച ഇത് 65 പേരിൽ ഒരാൾക്ക് എന്ന നിലയിലായിരുന്നു. രോഗബാധയിൽ 43 ശതമാനത്തിന്റെ വർധനയാണ് ഒരാഴ്ചകൊണ്ട് ഉണ്ടായത്. രാജ്ഞിയുടെ കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കാൻ ജനം കൂട്ടത്തോടെ തെരുവിലിറങ്ങിയതും സ്ര്ടീറ്റ് പാർട്ടികൾ സംഘടിപ്പിച്ചതുമാണ് ഇതിനു കാരണമായി വിലയിരുത്തപ്പെടുന്നത്.

കോവിഡ് ഭീഷണി സജീവമായി നിലനില്‍ക്കുമ്പോഴും ഇനി ഒരു നിയന്ത്രണം വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. നീണ്ട കാലത്തെ അടച്ചുപൂട്ടലുകള്‍ ജന ജീവിതത്തെയും സാമ്പത്തിക മേഖലയെയും അത്രയേറെ ബാധിച്ചു കഴിഞ്ഞു. എന്നാൽ കഴിഞ്ഞാഴ്ച രാജ്യത്തു കോവിഡ് വ്യാപനത്തിലുണ്ടായ വര്‍ദ്ധന 40 ശതമാനമാണ്.

രോഗ വ്യാപനം ഉയരുന്നതിനിടെ ആശങ്കയാകുന്നത് കെയര്‍ഹോമുകളിലെ കണക്കാണ്. ചികിത്സ തേടി ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. ശൈത്യ കാലം വരുന്നതോടെ ഫ്‌ളൂ പടരുക പതിവാണ്. ഇതിനിടെ കോവിഡ് കൂടിയെത്തുന്നതോടെ ആരോഗ്യ മേഖല സമ്മര്‍ദ്ദത്തിലാകും.

ഇപ്പോള്‍ തന്നെ പൊതു സ്ഥലങ്ങളില്‍ തിരക്കേറുകയാണ്. സ്ഥിതി ഇനിയും വഷളായേക്കുമെന്നാണ് ആരോഗ്യ മേഖലയുടെ ആശങ്ക. അതുകൊണ്ടു ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നത്.