ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയുടെ ദേശീയ കടബാധ്യത വാർഷിക സാമ്പത്തിക ഉത്പാദനത്തിന്റെ 100 ശതമാനം എത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 1960 നു ശേഷം ഈ ഒരു അവസ്ഥ ഉടലെടുക്കുന്നത് രാജ്യത്ത് ആദ്യമായാണ്. അടുത്തമാസം ബഡ്ജറ്റ് അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന ചാൻസിലർ റേച്ചൽ റീവ്സിന് ഇത് കടുത്ത വെല്ലുവിളിയായിരിക്കും എന്നാണ് വിലയിരുത്തുന്നത്.
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കുകളിലാണ് രാജ്യത്തെ സാമ്പത്തിക വിദഗ്ദ്ധരെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത് . ആഗസ്റ്റ് വരെയുള്ള കാലയളവിൽ ഗവൺമെന്റിന്റെ കടബാധ്യത 4.3 ശതമാനം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട് . ജൂലൈ 4- ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ അധികാരമേറ്റെടുത്ത കെയർ സ്റ്റാർമർ സർക്കാർ സാമ്പത്തിക പരാജയങ്ങൾക്ക് പ്രധാനമായും കൺസർവേറ്റീവ് പാർട്ടിയുടെ മുൻ സർക്കാരുകളെയാണ് പഴിചാരുന്നത്. മുൻ സർക്കാരുകളുടെ കെടുകാര്യസ്ഥതയും പൊതു ധനകാര്യത്തിന്റെ ശോചനീയമായ അവസ്ഥയുമാണ് കണക്കുകളിൽ കൂടി ദൃശ്യമാകുന്നതെന്ന് ട്രഷറി ചീഫ് സെക്രട്ടറി ഡാരൻ ജോൺസ് പറഞ്ഞു.
അടുത്ത പൊതു ബഡ്ജറ്റിൽ സാമ്പത്തിക സ്ഥിതിയുടെ വളർച്ചയ്ക്കായി എന്തൊക്കെ ചാൻസിലർ ഉൾപ്പെടുത്തും എന്നത് രാജ്യത്തെ സാമ്പത്തിക വിദഗ്ധരുടെ ഇടയിൽ വൻ ചർച്ചയായിട്ടുണ്ട്. നികുതി വർദ്ധനവ് ലഘൂകരിക്കാൻ സർക്കാരിന് മേൽ കടുത്ത സമ്മർദ്ദമുണ്ട്. രാജ്യത്തെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ഒക്ടോബർ 30 – ന് അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ വേദനാജനകമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാമെന്നാണ് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ഈ വിഷയത്തിൽ പ്രതികരിച്ചത്.
Leave a Reply