ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂലൈ നാലിലെ പൊതു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ലേബർ സർക്കാരിന്റെ മുൻപിൽ ഒട്ടേറെ വെല്ലുവിളികളാണ് അവശേഷിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രകടനപത്രിയിൽ പറഞ്ഞ പല വാഗ്ദാനങ്ങളും നടപ്പിലാക്കാൻ സർക്കാരിന് എത്രമാത്രം സാധിക്കും എന്നുള്ളമെന്നതിനെ കുറിച്ച് പല ആശങ്കകളും ഉയർന്നു കഴിഞ്ഞു. ശക്തമായ കുടിയേറ്റ വിരുദ്ധ വികാരവും എൻഎച്ച്എസിൻ്റെ കെടു കാര്യസ്ഥതയും ഉയർത്തി കാട്ടിയാണ് ലേബർ പാർട്ടി അധികാരത്തിലെത്തിയത്. ഇതോടൊപ്പം അധികാരത്തിലെത്തിയാൽ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് ലേബർ പാർട്ടി വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ പ്രധാനമന്ത്രി അടുത്ത് പ്രഖ്യാപിച്ച 1.5 ദശലക്ഷം വീടുകൾ നിർമ്മിക്കാനുള്ള പദ്ധതികളുടെ നടത്തിപ്പിനെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങളാണ് ഉയർന്നു വരുന്നത്. ഇത്രയും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനുള്ള മനുഷ വിഭവ ശേഷി ബ്രിട്ടനില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നൈപുണ്യ ദൗർലഭ്യം, പ്രായമായ തൊഴിലാളികൾ, ബ്രെക്‌സിറ്റ് എന്നിവ തൊഴിൽ ശക്തി കുറയുന്നതിന് പിന്നിലെ ചില ഘടകങ്ങളാണെന്ന് ഹോം ബിൽഡേഴ്‌സ് ഫെഡറേഷൻ (എച്ച്ബിഎഫ്) പറഞ്ഞു.
എന്നാൽ നിർമ്മാണ മേഖലകളിൽ നേരിടുന്ന കടുത്ത ക്ഷാമം പരിഹരിക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കൂടുതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള സാധ്യത ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ യുകെയിലെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. 2024 ഓടെ 1.5 മില്യൺ വീടുകൾ പൂർത്തിയാക്കാനുള്ള ഭവന പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് നിർമ്മാണ തൊഴിലാളികളുടെ ക്ഷാമം നേരിടുമെന്ന വിമർശനത്തോടെ പ്രതിയാത്മകമായാണ് സർക്കാരും പ്രതികരിച്ചിരിക്കുന്നത്. കൺസ്ട്രക്ഷൻ ഇൻഡസ്ട്രി ട്രെയിനിംഗ് ബോർഡിൻ്റെ (സിഐടിബി) കണക്കനുസരിച്ച് നിലവിലെ തൊഴിലാളികൾ 2.67 ദശലക്ഷമാണ്. എന്നാൽ ഓരോ 10,000 പുതിയ വീടുകൾ നിർമ്മിക്കുന്നതിനും, ഈ മേഖലയ്ക്ക് 12 ട്രേഡുകളിലായി ഏകദേശം 30,000 പുതിയ റിക്രൂട്ട്‌മെൻ്റുകൾ ആവശ്യമാണെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഹൗസ് നിർമ്മാണ വ്യവസായത്തിൻ്റെ ട്രേഡ് ബോഡിയായ എച്ച്ബിഎഫ് പറയുന്നു. പുറത്തുവരുന്ന ഈ വിവരങ്ങൾ അനുസരിച്ച് നിർമ്മാണ മേഖലയിൽ പ്രാവണ്യമുള്ള ഒട്ടേറെ തൊഴിലാളികളെ യുകെയിൽ ആവശ്യമായി വരും.
Leave a Reply