ലണ്ടന്‍: ഈ വര്‍ഷം മുതല്‍ നടപ്പാക്കിയ ജിസിഎസ്ഇ പരീക്ഷാരീതിയിലെ പരിഷ്‌കാരം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ആന്‍ഡ് കോളേജ് ലീഡേഴ്‌സ് ആണ് ഈ മുന്നറിയിപ്പ് നല്‍കിയത്. പുതിയ സമ്പ്രദായത്തില്‍ കുട്ടികള്‍ക്ക് പരീക്ഷയ്ക്കായി എട്ട് മണിക്കൂര്‍ അധികം ഇരിക്കേണ്ടതായി വരുന്നുണ്ടെന്ന് സ്‌കൂള്‍ ലീഡര്‍മാര്‍ വിലയിരുത്തുന്നു. പുതിയ രീതിയില്‍ നടന്ന ജിസിഎസ്ഇ പരീക്ഷയുടെ ഫലം ഇന്ന് പുറത്തുവരും.

പരീക്ഷാ സമ്പ്രദായത്തിലെ പരിഷ്‌കരണം കുട്ടികളില്‍ കൂടുതല്‍ സമ്മര്‍ദ്ദവും ആകാംക്ഷയും സൃഷ്ടിക്കുന്നുണ്ടെന്നാണ് സ്‌കൂള്‍ ലീഡര്‍മാര്‍ അറിയിക്കുന്നത്. ഇത് വരുന്ന വര്‍ഷങ്ങളില്‍ വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് എഎസ്‌സിഎല്‍ ജനറല്‍ സെക്രട്ടറി ജെഫ് ബാര്‍ട്ടന്‍ പറഞ്ഞു. കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന മാനസിക പ്രശ്‌നങ്ങള്‍ ഒന്നുകൂടി കൂട്ടാനേ ഈ പരിഷ്‌കരണം ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പേപ്പറുകള്‍ എഴുതാനുള്ള പുതിയ ജിസിഎസ്ഇ കുട്ടികളുടെ മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്നും ബാര്‍ട്ടന്‍ വ്യക്തമാക്കി.

ഇപ്പോള്‍ കണക്ക് ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്ക് മാത്രമാണ് പുതിയ ഗ്രേഡിംഗ് നടപ്പാക്കിയിരിക്കുന്നതെങ്കിലും 2020ഓടെ ഇത് എല്ലാ വിഷയങ്ങളിലും ബാധകമാക്കും. വാര്‍ഷിക പരീക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ഉയര്‍ന്ന ഗ്രേഡുകള്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതും ബ്രിട്ടീഷ് സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ ലോക നിലവാരത്തിലേക്ക് എത്തിക്കുന്നതിന്റെയും ഭാഗമായാണ് ഈ പരിഷ്‌കരണം കൊണ്ടുവന്നതെന്നാണ് വിശദീകരണം.