ന്യൂസ് ഡെസ്ക് മലയാളം യുകെ

റീട്ടെയിൽ വിൽപന ശക്തമായതോടെ നവംബറിൽ യുകെയുടെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കണക്കുകൾ പ്രകാരം 0.3% വളർച്ചയാണ് നവംബറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് നേരത്തെ പ്രഖ്യാപിച്ചതിലും കൂടുതലാണ്. ഇതോടെ മാന്ദ്യത്തിന്റെ കാർമേഘങ്ങൾ ഒഴിഞ്ഞു പോകുമോ എന്നാണ് സാമ്പത്തിക വിദഗ്ധർ ഉറ്റു നോക്കുന്നത്.


ബ്ലാക്ക് ഫ്രൈഡേയിലെ വിൽപന ശക്തമായത് സമ്പദ് വ്യവസ്ഥയുടെ ഉണർവിന് കാരണമായതായാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്സിന്റെ കണക്കുകൾ കാണിക്കുന്നത്. എന്നാൽ പ്രതിസന്ധി കാലഘട്ടം കഴിഞ്ഞില്ലെന്ന അഭിപ്രായവും ശക്തമാണ്. ഡിസംബറിലെ കണക്കുകൾ പുറത്തുവരുമ്പോഴും വളർച്ചാ നിരക്ക് തുടർന്നില്ലെങ്കിൽ രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതി ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. ശക്തമായ ചില്ലറ വില്പനയ്ക്കൊപ്പം പണിമുടക്ക് ഇല്ലാതിരുന്നതുമാണ് നവംബറിലെ വളർച്ചയ്ക്ക് കളമൊരുക്കിയത്. എന്നിരുന്നാലും ഒരു മാസത്തെ വളർച്ചയെ മാത്രം കണക്കാക്കി സാമ്പത്തിക രംഗത്തെക്കുറിച്ച് ഒരു പ്രവചനം സാധ്യമല്ലെന്നാണ് ക്യാപിറ്റൽ ഇക്കണോമിക്സിലെ യുകെ ഡെപ്യൂട്ടി ചീഫ് എക്കണോമിസ്റ്റ് ആയ റൂത്ത് ഗ്രിഗറി ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെടുന്നത്.

മൂന്നുമാസമോ അതിൽ കൂടുതലോ വളർച്ച നിരക്കിലെ ഉയർച്ച താഴ്ചകളാണ് സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ഒരു വിധിനിർണ്ണയം നടത്തുന്നതിന് ഉപയോഗിക്കുന്നത് . യുഎസ്, ജർമ്മനി ഉൾപ്പെടെയുള്ള മറ്റെല്ലാ പ്രധാന രാജ്യങ്ങളുടെയും സാമ്പത്തിക നില മെച്ചപ്പെടുമ്പോൾ ഈ വർഷം യുകെയുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച കുറയുമെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് നേരത്തെ (ഐഎംഎഫ്) പ്രവചിച്ചിരുന്നു . ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശം ആഗോള ഊർജ വില ഉയർത്തിയത് ഇതിന് ഒരു കാരണമാണ്. എന്നാൽ ഓരോ രാജ്യങ്ങളിലും ഇത് വ്യത്യസ്‌ത രീതിയിലാണ് ബാധിച്ചിരിക്കുന്നത്. യുഎസിന് പെട്രോളിയം ഉൽപ്പന്നങ്ങളുടെ സ്വന്തം ആഭ്യന്തര സ്രോതസ്സുകൾ ഉണ്ട്. മറ്റ് ചില യൂറോപ്യൻ രാജ്യങ്ങൾക്കാകട്ടെ കൂടുതൽ ഊർജ സ്രോതസ്സുകളുണ്ട്. ഉദാഹരണത്തിന്, ഫ്രാൻസിന് ഒരു വലിയ ആണവ ശൃംഖലയുണ്ട്. അതേസമയം നോർവേ കൂടുതലായി ജലവൈദ്യുതിയേയാണ് ആശ്രയിക്കുന്നത് . എന്നാൽ വൈദ്യുതി ഉൽപാദനത്തിന്റെ ഏറ്റവും ചെലവേറിയ രൂപമായ ഗ്യാസിന്റെ വിലയെ അടിസ്ഥാനമാക്കിയാണ് ബ്രിട്ടൻ വൈദ്യുതിയുടെ വില നിശ്ചയിക്കുന്നത്. പകർച്ച വ്യാധിയുടെ സമയത്ത് മിക്ക രാജ്യങ്ങളിലും തൊഴിലാളികളുടെ എണ്ണവും തൊഴിലാവസരങ്ങളും തമ്മിലുള്ള അസന്തുലാവസ്ഥ വളരെ കൂടിയ നിരക്കിൽ ആയിരുന്നു . എന്നാൽ കോവിഡിന് ശേഷം മറ്റുള്ള രാജ്യങ്ങളിൽ കാര്യങ്ങൾ പൂർവസ്ഥിതിയിൽ ആയെങ്കിലും യുകെയിൽ ഇപ്പോഴും പ്രശ്നങ്ങൾ അവശേഷിക്കുന്നു.