ന്യൂസ് ഡെസ്ക്, മലയാളം യുകെ

പടിപടിയായി പണപ്പെരുപ്പം കുറഞ്ഞതും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറവ് വരുത്തുമെന്ന സൂചനകൾ നൽകിയതും ജനപ്രീതിയിൽ വൻ ഇടിവ് നേരിട്ടു കൊണ്ടിരുന്ന ഋഷി സുനകിനും കൺസർവേറ്റീവ് പാർട്ടിക്കും പ്രതീക്ഷ നൽകുന്ന കാര്യങ്ങളായിരുന്നു. എന്നാൽ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ യുകെയുടെ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ച അത്ര വളർച്ച നേടിയില്ലെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് പ്രധാനമന്ത്രി ഋഷി സുനകിന് വൻ തിരിച്ചടിയായതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മാർച്ചിൽ നേടിയ 0.4 ശതമാനം വളർച്ചയ്ക്ക് ശേഷം ഏപ്രിൽ മാസത്തിൽ സാമ്പത്തിക വളർച്ച മന്ദഗതിയിലാണെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സിൻ്റെ കണക്കുകൾ കാണിക്കുന്നത്.


പ്രതിസന്ധിയിലായ റീട്ടെയിൽ മേഖല, ഉത്പാദന രംഗത്തെ മാന്ദ്യം, നിർമാണ ഉത്പാദനത്തിലെ ഇടിവ് എന്നിവ മൂലമാണ് സമ്പദ്‌വ്യവസ്ഥയ്ക്ക് മുന്നേറാൻ കഴിയാതിരുന്നത്‌ . സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ കുറിച്ച് പ്രധാനമന്ത്രി ഋഷി സുനകിന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് ഷാഡോ ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു. 2023 ലെ മാന്ദ്യത്തിൽ നിന്ന് സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുകയാണെന്ന് മാർച്ചിലെ വളർച്ചാ നിരക്ക് ചൂണ്ടി കാട്ടി പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാൽ പണപെരുപ്പം നിയന്ത്രണ വിധേയമായതായും ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നുമാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട കണക്കുകളോട് കൺസവേറ്റീവ് പാർട്ടിയുടെ വക്താവ് പ്രതികരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വളർച്ച നിരക്കിലെ മുരടിപ്പിന്റെ കണക്കുകൾ പുറത്തുവന്നത് വോട്ടെടുപ്പിൽ പ്രതിഫലിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഏറ്റവും പുതിയ അഭിപ്രായ സർവേകളിൽ ലേബർ പാർട്ടി കൺസർവേറ്റീവ് പാർട്ടിയെ അപേക്ഷിച്ച് വളരെ മുന്നിലാണെന്ന റിപ്പോർട്ടുകൾ ഇന്നലെ പുറത്തുവന്നിരുന്നു. 2022 -ൽ ലേബർ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുത്തതു മുതൽ പ്രതിപക്ഷ നേതാവായ കെയർ സ്റ്റാർമർ സർവേകളിൽ വളരെ മുന്നിലാണ്. ജൂലൈ നാലിന് ബ്രിട്ടനിൽ നടക്കുന്ന അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് അനുകൂലമായ തരംഗം യുകെയിൽ നിലവിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കെയർ സ്റ്റാർമർ നയിക്കുന്ന ലേബർ പാർട്ടിക്ക് 44 ശതമാനം വോട്ടു വിഹിതമാണ് അഭിപ്രായ സർവേകളിൽ പ്രവചിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഋഷി സുനക് നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിയുടെ വോട്ട് വിഹിതം 22.9 ശതമാനം മാത്രമാണ്.