യുകെയും ഇന്ത്യയും തമ്മിൽ നടത്തിവന്നിരുന്ന സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ എങ്ങുമെത്തിയില്ല. ഈ വിഷയത്തിൽ ഇതുവരെ 14 റൗണ്ട് ചർച്ചകളാണ് ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയത് . ഇന്ത്യൻ ഉദ്യോഗസ്ഥരുമായി രണ്ടാഴ്ചയായി നടത്തി വന്നിരുന്ന ചർച്ചകൾ എങ്ങുമെത്താതെ ഇന്നലെയാണ് ഏറ്റവും പുതിയ ചർച്ചകൾ അവസാനിച്ചത്. ഇന്ത്യയും യുകെയും അടുത്ത പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. ഇന്ന് ഇന്ത്യയിൽ അടുത്ത പൊതു തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. പൊതു തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് സ്വതന്ത്ര വ്യാപാര കരാറിന് അന്തിമ രൂപം നൽകാനാണ് മാരത്തോൺ ചർച്ചകൾക്കായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ കിണഞ്ഞ് പരിശ്രമിച്ചത്.

ഇന്ന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞാൽ സ്വതന്ത്ര വ്യാപാര കരാറിനുള്ള ചർച്ചകൾ നിർത്തിവയ്ക്കേണ്ടതായി വരും. ഈ വിഷയത്തിലുള്ള പുതിയ ചർച്ചകൾ ഇനി വരുന്ന സർക്കാരുമായി മാത്രമേ സാധിക്കുകയുള്ളൂ. ഈ വിഷയത്തിൽ പ്രധാനമന്ത്രി ഋഷി സുനകും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും പലവട്ടം ഫോണിലൂടെ ബദ്ധപ്പെട്ടതായാണ് അറിയാൻ സാധിക്കുന്നത്. ഇരുപക്ഷവും കരാർ യാഥാർത്ഥ്യമാക്കുന്നതിന് തൊട്ടരികിൽ എത്തിയതായാണ് റിപ്പോർട്ടുകൾ.

യുകെ സമ്പദ് വ്യവസ്ഥയുടെ 80 ശതമാനം വരുന്ന സേവനമേഖലയ്ക്ക് ഇന്ത്യൻ വിപണിയിലേയ്ക്കുള്ള പ്രവേശനമാണ് യുകെ മുന്നോട്ട് വച്ച പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന്. 1.4 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യ 2050 ഓടെ ലോകത്തിലെ തന്നെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പുതിയ കരാറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പറയാറായിട്ടില്ലെന്നും ആത്യന്തികമായി ബ്രിട്ടീഷ് ജനതയുടെ താത്പര്യങ്ങൾ സംരക്ഷിച്ച് മാത്രമേ മുന്നോട്ടു പോവുകയുള്ളൂ എന്നും ബിസിനസ് ആൻ്റ് ട്രേഡ് ഡിപ്പാർട്ട്മെൻറ് വക്താവ് പറഞ്ഞു.