ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയുടെ സമ്പദ്‌വ്യവസ്ഥ ഒക്ടോബറിൽ പ്രതീക്ഷിച്ച വളർച്ച കൈവരിക്കാതെ 0.1% ചുരുങ്ങിയതായുള്ള ഔദ്യോഗിക കണക്ക് പുറത്ത് വന്നിരിക്കുകയാണ്. ഈ വർഷം, സാമ്പത്തിക വിദഗ്ധർ 0.1% വളർച്ച പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതിന്റെ വിപരീതമായുള്ള കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. തുടർച്ചയായി മൂന്ന് മാസവും സമ്പദ്‌വ്യവസ്ഥ 0.1% ഇടിഞ്ഞതും ആശങ്ക ഉയർത്തുന്ന ഒന്നാണ്. ജാഗ്വാർ ലാൻഡ് റോവർ അനുഭവിച്ച സൈബർ ആക്രമണത്തെ തുടർന്ന് വാഹന നിർമ്മാണം വൻതോതിൽ ബാധിക്കപ്പെട്ടതും ഇടിവിന് പ്രധാന കാരണമായി കാണപ്പെടുന്നു. സെപ്റ്റംബർ മുഴുവൻ നിലച്ചിരുന്ന നിർമ്മാണശാലകൾ ഒക്ടോബറിൽ ഭാഗികമായി മാത്രമാണ് പ്രവർത്തനം തുടങ്ങിയത്. എന്നിരുന്നാലും ഉത്പാദനത്തിൽ ലഭിച്ച തിരിച്ചുവരവ് വളരെ കുറവായിരുന്നു.

വാഹന നിർമ്മാണം മാത്രം 17.7% ഇടിഞ്ഞതോടെ വ്യവസായരംഗത്തെ ആഘാതം കൂടുതൽ രൂക്ഷമായി. ഒക്ടോബറിൽ 1.1% വളർച്ച രേഖപ്പെടുത്തിയെങ്കിലും ഓഗസ്റ്റ് മാസത്തെ നിലയിലേക്ക് വാഹന നിർമാണം തിരിച്ചെത്താനായില്ലെന്ന് ഒ എൻ എസ് സൂചിപ്പിച്ചു. സേവനമേഖലയിലും പുരോഗതി കാണാനായില്ല. രാജ്യം മൊത്തം സമ്പദ്ഘടനയിലെ മൂന്ന് നാലിലൊന്ന് വിഹിതമുള്ള ഈ മേഖല ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ ഒന്നും വളർച്ച കാണിച്ചില്ല. ഉപഭോക്താക്കളും സ്ഥാപനങ്ങളും ബജറ്റ് പ്രഖ്യാപനത്തെ ചൊല്ലി അനിശ്ചിതത്വത്തിൽ ചെലവുകൾ മാറ്റിവച്ചതും സാമ്പത്തിക പ്രവർത്തനം മുട്ടുകുത്താൻ കാരണമായി. ഓരോ മാസവും വ്യത്യാസം കാണുന്ന ജി ഡി പി കണക്കുകൾ ക്ക് പകരം മൂന്നുമാസം തോറുള്ള കണക്ക് കൂടുതൽ യാഥാർത്ഥ്യചിത്രം നൽകുന്നുവെങ്കിലും ഒക്ടോബർ മാസത്തിലേറ്റ ഇടിവ് രാജ്യത്തിന്റെ വളർച്ചാപരമായ പരിശ്രമങ്ങൾക്ക് ഒരു തിരിച്ചടിയായി. ഈ വർഷം തുടക്കത്തിൽ ഉണ്ടായ ശക്തമായ വളർച്ച താളംതെറ്റി തുടർച്ചയായ ദുർബലതയിലേക്കാണ് നീങ്ങുന്നതെന്ന് ബാർക്ലേസ് ബാങ്ക് മുൻ ബിഒഇ ഉപദേശകനായ ജാക്ക് മീനിംഗ് വ്യക്തമാക്കി.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതകൾ ഈ കണക്കുകൾ ശക്തിപ്പെടുത്തുന്നുവെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഊർജ്ജബിൽ കുറയ്ക്കലും വലിയ അടിസ്ഥാന സൗകര്യനിക്ഷേപങ്ങളും ഉൾപ്പെടുന്ന നടപടികൾ മുന്നോട്ടുവെക്കുന്നതായി ട്രഷറി വ്യക്തമാക്കി. എന്നാൽ ഷാഡോ ചാൻസലർ മെൽ സ്‌ട്രൈഡ് ഈ ഇടിവിന് ലേബർ സർക്കാരിന്റെ സാമ്പത്തിക തെറ്റായ തീരുമാനം കാരണമാണെന്ന് ആരോപിച്ചു. ജാഗ്വാർ ലാൻഡ് റോവറിന്റെ ഉത്പാദനം പ്രതീക്ഷിച്ചതുപോലെ പൂർണ്ണമായി പുനരാരംഭിക്കാത്തതും സമ്പദ്‌വ്യവസ്ഥയിൽ തിരിച്ചടികൾ തുടരുമെന്ന് സൂചിപ്പിക്കുന്നു. ബജറ്റിനെ ചൊല്ലിയുള്ള അനിശ്ചിതത്വം ചെലവിന്റെ പുനരുജ്ജീവനത്തെ കൂടുതൽ വൈകിപ്പിച്ചുവെന്നും വിശകലനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.











Leave a Reply