ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: വനിതാ സഹപ്രവർത്തകരോടുള്ള ലൈംഗിക ദുരുപെരുമാറ്റ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ബ്രിട്ടീഷ് സർക്കാരിന്റെ എത്തിക്സ് ആൻഡ് ഇന്റഗ്രിറ്റി കമ്മീഷൻ മേധാവി സ്റ്റുവർട്ട് സ്റ്റെർലിങ് ചുമതലകളിൽനിന്ന് താൽക്കാലികമായി മാറിനിന്നു. നേരത്തേ ജോലി ചെയ്തിരുന്ന നോർതാംപ്റ്റൺഷെയർ പൊലീസിൽ അദ്ദേഹത്തിനെതിരെ ഉയർന്ന പരാതികളിൽ അന്വേഷണം നടത്തുകയും ഒരു കേസിൽ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു എന്ന വിവരമാണ് പുറത്തുവന്നത്. 2025 ഒക്ടോബറിലാണ് പുതിയതായി രൂപീകരിച്ച കമ്മീഷന്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവായി അദ്ദേഹം നിയമിതനായത്. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും വസ്തുതകൾ വേഗത്തിൽ പരിശോധിക്കുന്നതിനായി അദ്ദേഹം ചുമതലകളിൽനിന്ന് മാറിനിന്നതായും സർക്കാർ വക്താവ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2002-ൽ പൊലീസ് ഉദ്യോഗസ്ഥനായിരിക്കെ വനിതാ സഹപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ സ്റ്റുവർട്ടിനെതിരെ അച്ചടക്ക അന്വേഷണം നടന്നതായി സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു. പൊലീസ് സ്റ്റേഷനിൽ വെച്ച് വനിതാ സഹപ്രവർത്തകയുടെ മാറിടത്തിൽ അനുചിതമായി സ്പർശിച്ചെന്നായിരുന്നു ആരോപണം. രണ്ടാഴ്ചത്തെ ശമ്പളത്തിന് തുല്യമായ സാമ്പത്തിക പിഴയാണ് അന്ന് ശിക്ഷയായി ലഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ 2008-ൽ ജോലിക്ക് പുറത്തുനടന്ന ഒരു സാമൂഹിക ചടങ്ങിനിടെ മറ്റൊരു വനിതാ സഹപ്രവർത്തകയോട് ലൈംഗിക ദുരുപയോഗ പെരുമാറ്റം നടത്തിയെന്ന പരാതിയും ഉയർന്നിരുന്നു. ഈ ആരോപണം സ്റ്റുവർട്ട് നിഷേധിച്ചു. രണ്ടാമത്തെ സംഭവത്തിൽ ക്രിമിനൽ അന്വേഷണം ഉണ്ടായിട്ടില്ലെന്നും പൊലീസ് പ്രൊഫഷണൽ സ്റ്റാൻഡേർഡ്സ് വിഭാഗം പരാതി പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹത്തിന്റെ പ്രതിനിധി വ്യക്തമാക്കി. 2002-ലെ അച്ചടക്ക നടപടിയുടെ ഡിജിറ്റൽ രേഖകൾ കൈവശമുണ്ടെന്ന് നോർതാംപ്റ്റൺഷെയർ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

2009-ൽ കാബിനറ്റ് ഓഫീസിൽ ചേർന്ന സ്റ്റുവർട്ട് പിന്നീട് വിവിധ ഉന്നത പദവികളിൽ പ്രവർത്തിച്ചു. 2019-ൽ നാഷണൽ പൊലീസ് ചീഫ്സ് കൗൺസിലിൽ ഡെപ്യൂട്ടേഷനിൽ സേവനമനുഷ്ഠിച്ചു. എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകളുടെ ആസൂത്രണത്തിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് 2023-ൽ അദ്ദേഹത്തിന് ഒബിഇ ബഹുമതിയും ലഭിച്ചിരുന്നു. പൊതുജീവിതത്തിലെ അഴിമതിയും ദുരുപയോഗ പെരുമാറ്റം തടയുന്നതിനും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി ലേബർ പാർട്ടി 2024-ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതാണ് ഈ കമ്മീഷൻ. പ്രധാനമന്ത്രിക്ക് പൊതുജീവിതത്തിലെ ദുരുപയോഗ പെരുമാറ്റം തടയുന്നതുമായി ബന്ധപ്പെട്ട ഉപദേശം നൽകുന്നതും മേധാവിയുടെ ചുമതലയായിരുന്നു. നിയമനസമയത്ത് ആവശ്യമായ വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്തിയിരുന്നോ എന്ന കാര്യം ക്യാബിനറ്റ് ഓഫീസ് ഇപ്പോൾ പരിശോധിക്കും.