ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലൈംഗികതയും കുറ്റകൃത്യങ്ങളും നിറഞ്ഞ സിനിമകൾ കുട്ടികളിൽ വൻതോതിൽ സ്വാധീനം ചെലുത്തും . ഇത്തരം സിനിമകൾ ചെറുപ്രായത്തിൽ കാണുന്നത് കുട്ടികളെ പല മാനസിക പ്രശ്നങ്ങളിലേയ്ക്കും കുറ്റകൃത്യങ്ങളിലേയ്ക്കും നയിക്കാനുമുള്ള സാധ്യതയുണ്ട്. മയക്കുമരുന്ന് പോലുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങൾ അടങ്ങിയ സിനിമകൾ ഇത്തരം ചെയ്തികളെ കുറിച്ച് അവരിൽ ആകാംക്ഷ ജനിപ്പിക്കുവാനും ആകർഷണം തോന്നാനും കാരണമാകുമെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിരമായി ഇത്തരം സിനിമകൾ കാണുന്നത് കുട്ടികളുടെ പഠനത്തിലുള്ള ഏകാഗ്രതയെ ബാധിക്കുകയും ചെയ്യും.
കുട്ടികൾ കാണുന്ന സിനിമകളുടെ റേറ്റിങ്ങിലും സെൻസറിങ്ങിനും കർശനമായ മാർഗനിർദേശങ്ങളുമായി യുകെ ഫിലിം ബോർഡ് രംഗത്തു വരും. 12/12 – A റേറ്റസ് സിനിമകളിലെ ലൈംഗിക, അക്രമ രംഗങ്ങൾ ഉൾപ്പെടുത്തുന്നതിന് കർശന മാർഗനിർദേശങ്ങളാണ് ഫിലിം ബോർഡിൻറെ ഭാഗത്തുനിന്ന് മുന്നോട്ട് വച്ചിരിക്കുന്നത്. 12, 12 A സിനിമകളിലെ ലൈംഗിക രംഗങ്ങൾക്കും നഗ്നത ദൃശ്യങ്ങൾക്കും കർശനമായ മാർഗ്ഗ നിർദ്ദേശങ്ങൾ അവതരിപ്പിച്ചപ്പോൾ തന്നെ സിനിമകളിലെ ട്രെയിലറുകളിൽ ചില ഇളവുകളും അനുവദിച്ചിട്ടുണ്ട്. ട്രെയിലറുകളിൽ ഇനി നേരത്തെ ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്ന F- വേർഡ് പോലുള്ള പോലുള്ള വാക്കുകൾ ഉപയോഗിക്കാൻ അനുമതിയുണ്ട്.
അഞ്ച് വർഷമായി ബ്രിട്ടീഷ് ബോർഡ് (ബി ബി എഫ് സി )ഓഫ് ഫിലിം ക്ലാസ്സിഫിക്കേഷൻ ഈ കാര്യങ്ങളെ കുറിച്ച് വിവിധ തരത്തിലുള്ള പഠനങ്ങളും ഗവേഷണങ്ങളും നടത്തുകയായിരുന്നു. പ്രേക്ഷകരുടെ ഭാഗത്ത് നടത്തിയ പഠന ഗവേഷണങ്ങളിൽ സിനിമകളിൽ കൂടി വരുന്ന ലൈംഗിക, ആക്രമങ്ങളെ കുറിച്ച് കടുത്ത ആശങ്കയാണ് പലരും പങ്കുവെച്ചത്. 12,000 ആളുകളിൽ നടത്തിയ സർവേയിൽ നിലവിൽ സിനിമകളിൽ കാണിക്കുന്ന ലൈംഗിക അക്രമ സംഭവങ്ങൾ കുട്ടികൾക്ക് തികച്ചും അനുചിതമായവയാണെന്ന അഭിപ്രായമാണ് പലരും പ്രകടിപ്പിച്ചത്.
അതുകൊണ്ടുതന്നെ കുട്ടികൾ കാണുന്ന 12, 12 A റേറ്റിംഗ് ഉള്ള സിനിമകളിൽ അവതരിപ്പിക്കുന്ന ലൈംഗിക രംഗങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്ന് പ്രതികരിച്ച മിക്കവരും ആവശ്യപ്പെട്ടു. പൊതുജനാഭിപ്രായം സ്വരൂപിക്കാനായി 28 ട്രെയിലറുകളും 151 ക്ലിപ്പുകളും 33 സിനിമകളും ആണ് സർവേയിൽ പങ്കെടുത്തവർക്കായി പ്രദർശിപ്പിച്ചത്. ഇതിൽ ജെയിംസ് ബോണ്ട് സിനിമ ഗോൾഡൻ ഫിംഗറും ഉൾപ്പെടുന്നു. യുകെയിൽ ഓരോ 5 വർഷം കൂടുമ്പോഴാണ് സിനിമകളുടെ ഉള്ളടക്കം സംബന്ധിച്ചുള്ള റേറ്റിഗിനായുള്ള മാനദണ്ഡങ്ങൾ പുതുക്കുന്നത്.
Leave a Reply