കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുളള, ഭരതം, ധനം, കമലദളം, മായാമയൂരം, ചെങ്കോൽ എന്നു തുടങ്ങി മലയാളികൾ എന്നും നെഞ്ചിലേറ്റുന്ന നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് സിബി മലയിൽ- മോഹൻലാൽ കൂട്ടുക്കെട്ട് മലയാളത്തിനു സമീപിച്ചത്. മലയാളസിനിമയ്ക്ക് പുതിയൊരു ഭാവുകത്വം സമ്മാനിച്ച സംവിധായകരിൽ ഒരാൾ കൂടിയാണ് സിബിമലയിൽ.

അക്കൂട്ടത്തിൽ ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് ദശരഥം. കാലത്തിനു മുൻപെ സഞ്ചരിച്ച ചിത്രമെന്നൊക്കെ പറയാവുന്ന തരത്തിൽ വേറിട്ടുനിന്ന ആ ചിത്രം പ്രേക്ഷകരിൽ ഏൽപ്പിച്ച നൊമ്പരം ചെറുതല്ല. കൃത്രിമ ബീജസങ്കലനം, വാടക ഗർഭപാത്രം തുടങ്ങിയ കാര്യങ്ങൾ മലയാളികൾക്ക് അത്ര പരിചിതമല്ലാതിരുന്ന ഒരു കാലത്താണ് സിബിമലയിൽ- ലോഹിതദാസ്- മോഹൻലാൽ കൂട്ടുക്കെട്ടിൽ ‘ദശരഥം’ പിറക്കുന്നത്. തികഞ്ഞ നിഷേധിയായ, സ്ത്രീകളെ വെറുക്കുന്ന, മുഴുക്കുടിയനായ, അതിസമ്പന്നനായ രാജീവ് മേനോൻ മോഹൻ ലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. സിനിമയുടെ ക്ലൈമാക്സിൽ, ഉള്ളിന്റെയുള്ളിൽ അനാഥത്വം പേറി “ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാമോ?” എന്ന് ചിരിച്ച് കൊണ്ട് രാജീവ് മേനോൻ ചോദിക്കുമ്പോൾ ഉള്ളു വിങ്ങാത്ത പ്രേക്ഷകർ കുറവായിരിക്കും. ഒട്ടേറെ വൈകാരിക രംഗങ്ങൾ കോർത്തിണക്കിയ സിനിമ കൂടിയായിരുന്നു ‘ദശരഥം’.

ദശരഥത്തിന് ഒരു രണ്ടാം ഭാഗം ചെയ്യണമെന്ന് താൻ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും നടക്കാതെ പോയ ആ ആഗ്രഹമാണ് കരിയറിലെ ഏറ്റവും നിരാശയെന്നും തുറന്നുപറയുകയാണ് സിബി മലയിൽ ഇപ്പോൾ.

പലരും ദശരഥത്തിന്റെ രണ്ടാം ഭാഗത്തിനു പറ്റിയ കഥയെന്നു പറഞ്ഞു എന്നെ സമീപിച്ചിട്ടുണ്ട്. പക്ഷേ അതിൽ എനിക്കേറ്റവും ഇഷ്ടം തോന്നിയത് ഹേമന്ദ് കുമാർ എഴുതിയ തിരക്കഥയാണ്, അതന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം രാജീവൻ എന്ന കഥാപാത്രം അയാളുടെ ശരി തെറ്റുകളെ അളന്നുകൊണ്ട് പുതിയൊരു നിലപാടിലേക്ക് എത്താൻ ശ്രമിക്കുന്നതാണ്. പക്ഷേ ആ സിനിമ സംഭവിക്കാതെ പോയത് എനിക്കെന്റെ കരിയറിലെ ഏറ്റവും നിരാശപ്പെടുത്തിയ കാര്യമാണ്. ലാലിന്റെ ഭാഗത്തുനിന്ന് എനിക്കതിനൊരു സപ്പോർട്ട് കിട്ടിയില്ല. വേണുചേട്ടൻ ഈ സിനിമ ചെയ്യാൻ ഏറെ ആഗ്രഹിച്ചിരുന്ന ഒരാളാണ്. ഞാൻ ലാലിനോട് സംസാരിക്കാം എന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. വേണുചേട്ടനോട് ഞാൻ പറഞ്ഞത്, ലാലിനെ പറഞ്ഞു ബോധ്യപ്പെടുത്തുകയല്ല, സ്വയം ബോധ്യപ്പെടുകയാണ് വേണ്ടതെന്നാണ്. ഞാനതിനു വേണ്ടി ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ആ നഷ്ടത്തെ കുറിച്ച് എനിക്ക് മാത്രമേ അറിയൂ. ഇനി ആ സിനിമ സംഭവിക്കില്ല. ലോഹിതദാസിനുള്ള ആദരവായി ദശരഥം രണ്ടാം ഭാഗത്തിന്റെ തിരക്കഥ പുസ്തക രൂപത്തിൽ ഇറക്കും,” സിബി മലയിൽ പറയുന്നു.

“എക്സൈറ്റഡ് ആവാത്ത ആളുകളെ എക്സൈറ്റ് ചെയ്യിക്കാനാവില്ലല്ലോ. എനിക്ക് റീച്ചബിൾ ആവാത്ത അവസ്ഥകളിലേക്ക് എത്തിപ്പെടുന്നു എന്നതിന്റെ സങ്കടം കൂടിയുണ്ട്. ഒരുപാട് കടമ്പകൾ കടക്കേണ്ടിയിരിക്കുന്നു ഇവരുടെയടുത്തേക്ക് ഒക്കെ എത്താൻ. അത്തരം കടമ്പകൾ കടക്കാൻ എനിക്ക് താൽപ്പര്യമില്ല. ഞാനതിനു ശ്രമിച്ചു, ഹൈദരാബാദിൽ പോയി കഥ പറഞ്ഞു, അരമണിക്കൂർ ആണ് എനിക്ക് കിട്ടിയത്. അതിനു ശേഷം 6 മാസം കൊണ്ട് തിരക്കഥയെഴുതി പൂർത്തിയാക്കി, പക്ഷേ അതൊന്നു വായിച്ചുകേൾക്കാനുള്ള അവസരം എനിക്ക് തന്നില്ല. ഈ കഥയെ കുറിച്ച് കേട്ടവരും വായിച്ചവരുമൊക്കെ പല തവണ ഇതിനെ കുറിച്ച് ലാലിനോട് സംസാരിച്ചു. പല കാരണങ്ങൾ പറഞ്ഞ് ലാൽ ഒഴിഞ്ഞുമാറി. എനിക്ക് നേരിടത്ത് എത്തിച്ചേരാനാവാത്തിടത്തേക്ക്, എനിക്ക് നേരെ മുഖം തിരിക്കുന്നിടത്തേക്ക് ഞാൻ പോവാറില്ല. ഞാനിനി സിനിമകൾ ചെയ്തില്ലെങ്കിലും, മാറ്റിനിർത്തപ്പെട്ടാലും ഞാനെന്ന വ്യക്തിത്വത്തെ ഇല്ലാതാക്കി കൊണ്ട് എനിക്ക് ജീവിക്കാനാവില്ല, അങ്ങനൊരു ജീവിതം വലിയൊരു ദുരന്തമാണ്. അദ്ദേഹത്തിന് എന്നെ ആവശ്യമുണ്ടെന്നു തോന്നുന്നെങ്കിൽ അദ്ദേഹം വരട്ടെ,” സിബി മലയിൽ കൂട്ടിച്ചേർത്തു.

കൊത്ത് ആണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിബി മലയിൽ ചിത്രം. ആസിഫ് അലി, നിഖില വിമൽ, റോഷന്‍ മാത്യു, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, വിജിലേഷ് കരയാട് തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ഹേമന്ദ് കുമാർ ആണ് ചിത്രത്തിന്റെ തിരക്കഥ.