ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യൻ സമുദ്രത്തിലെ തന്ത്രപ്രധാന മേഖലയായ ഷാഗോസ് ദ്വീപുകൾ മൊറീഷ്യസിനു കൈമാറാനുള്ള നടപടികൾ യുകെ താൽക്കാലികമായി നീട്ടിവച്ചു. ഡൊണൾഡ് ട്രംപ് ഉയർത്തിയ എതിർപ്പാണ് തീരുമാനം വൈകാൻ കാരണമായത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറും മൊറീഷ്യസ് പ്രധാനമന്ത്രി നവീൻ റാംഗുലാംയും തമ്മിൽ കഴിഞ്ഞ മേയിൽ ഒപ്പുവച്ച കരാർ മേയ് 13ന് പാർലമെന്റിൽ പരിഗണിക്കാനിരിക്കെ ഉണ്ടായ മാറ്റം രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്.

ആദ്യഘട്ടത്തിൽ കൈമാറ്റത്തെ പിന്തുണച്ചിരുന്ന ട്രംപ് പിന്നീട് നിലപാട് മാറ്റുകയും ഇത് ‘ഭീമമായ പിഴവ്’ ആകുമെന്ന് വിമർശിക്കുകയും ആയിരുന്നു . ഇതോടെ കരാറിനുള്ള യുഎസ് പിന്തുണ പിൻവലിക്കപ്പെട്ടു. കൈമാറ്റ കരാറിൽ യുകെ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെങ്കിലും, യുഎസ് പിന്തുണയോടെ മാത്രം നടപടി മുന്നോട്ടുകൊണ്ടുപോകുകയുള്ളുവെന്ന് ലണ്ടൻ വ്യക്തമാക്കിയിട്ടുണ്ട്.

ഏകദേശം 60 ദ്വീപുകൾ ചേർന്നതാണ് ഷാഗോസ് ദ്വീപുസമൂഹം. ഇതിലെ ഏറ്റവും വലിയ ദ്വീപായ ഡീഗോ ഗാർസ്യയിൽ യുകെ–യുഎസ് സംയുക്ത സൈനിക താവളമുണ്ട്. കരാർ പ്രകാരം ഈ ദ്വീപ് 99 വർഷത്തേക്ക് ബ്രിട്ടന്റെ നിയന്ത്രണത്തിൽ തുടരുമെന്നാണ് നിബന്ധന. 1814 മുതൽ ബ്രിട്ടീഷ് ഭരണത്തിലായിരുന്ന ഈ പ്രദേശം 1965ൽ മൊറീഷ്യസിൽ നിന്ന് വേർതിരിച്ചാണ് ‘ബ്രിട്ടിഷ് ഇന്ത്യൻ ഓഷ്യൻ ടെറിട്ടറി’ ആയി നിലനിർത്തിയത്. 2019ൽ അന്താരാഷ്ട്ര നീതിന്യായ കോടതി ദ്വീപുകൾ മൊറീഷ്യസിനു തിരികെ നൽകണമെന്ന് നിർദേശിച്ചിരുന്നുവെങ്കിലും നടപ്പിലായിരുന്നില്ല.











Leave a Reply