ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- രണ്ട് ബിസിനസ് ഗ്രൂപ്പുകൾ തമ്മിലുള്ള വൈരാഗ്യത്തിന്റെ ഇരയായി മാറിയത് 19കാരിയായ അയ ഹെചെമ് എന്ന നിയമ വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ്. കഴിഞ്ഞ മെയ് 17 നാണ് ലങ്കാഷെയറിലെ ബ്ലാക്ക്ബർണിൽ വീട്ടിലേക്കുള്ള അവശ്യ സാധനങ്ങൾ വാങ്ങിച്ചു നടന്നുവരികയായിരുന്ന അയയ്ക്കു നേരെ വെടിയുതിർക്കപ്പെട്ടത്. ഫിറോസ് സുലൈമാൻ എന്ന ടയർ ബിസിനസുകാരൻ തന്റെ എതിരാളിയായ ക്വിക്ക്ഷൈൻ ടയേഴ്സ് ഉടമ പാച്ചാഹ് ഖാനെ അപകടപ്പെടുത്തുന്നതിനായി തയ്യാറാക്കിയ പദ്ധതിയിൽ, അയ അറിയാതെ പെടുകയായിരുന്നു. കാർ ഓടിച്ചിരുന്ന ഡ്രൈവർ ആന്റണി എന്നിസും, കൊലയാളി സമീർ രാജയും ക്വിക്ക്ഷൈൻ ടയർ കടയുടെ മുന്നിലൂടെ മൂന്നുവട്ടം സഞ്ചരിച്ചതായി സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. നാലാമത്തെ പ്രാവശ്യം ആണ് അവർ വെടിയുതിർക്കാൻ ശ്രമിച്ചത്. ആദ്യതവണ പരാജയപ്പെട്ടെങ്കിലും, രണ്ടാമത്തെ തവണത്തെ പരിശ്രമത്തിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന അയ ഹെചെമ് എന്ന വിദ്യാർഥിനിയാണ് ഇരയായി മാറിയത്. ഇവരുടെ കൂട്ടാളികളായ അയാസ് ഹുസൈൻ, അബുബക്കർ സാടിയ, ഉത്മൻ സാടിയ എന്നിവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.


കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി അയയുടെ കുടുംബം വ്യക്തമാക്കി. ഒരു അഡ്വക്കേറ്റ് ആകാൻ ആഗ്രഹിച്ച അയയുടെ നഷ്ടം കുടുംബാംഗങ്ങൾക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറമാണെന്നവർ വ്യക്തമാക്കി. അയയെ വെടി വെയ്ക്കപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭ്യമായി. റമദാൻ വ്രതം മുറിക്കുന്നതിന് ആവശ്യമായ ഭക്ഷണ സാധനങ്ങൾ വാങ്ങിക്കുവാനാണ് അയ പുറത്തിറങ്ങിയത്.
പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ, ഒരു ടൊയോട്ട കാറിലെത്തിയ അക്രമി വെടിയുതിർക്കുന്ന ദൃശ്യങ്ങളുണ്ട്. നെഞ്ചിന് നേർക്കാണ് അയയ്ക്ക് വെടിയേറ്റത്. 2019 ൽ ആർ ഐ ടയർ കടയ്ക്ക് അടുത്തായി ക്വിക്ക്ഷൈൻ പ്രവർത്തനം ആരംഭിച്ചതോടെയാണ് ഇരുകൂട്ടരും തമ്മിലുള്ള ശത്രുത ആരംഭിക്കുന്നത്. അന്വേഷണത്തിൽ ഉടനീളം യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവരാൻ തങ്ങളാലാവും വിധം ശ്രമിച്ചുവെന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ സോ റൂസോ വ്യക്തമാക്കി. കുടുംബാംഗങ്ങളോടുള്ള അഗാധമായ ദുഃഖവും അദ്ദേഹം രേഖപ്പെടുത്തി.