ട്രക്ക് ഡ്രൈവർമാരുടെ കുറവുമൂലം ഇന്ധനം വിതരണം ചെയ്യുന്നത് പ്രതിസന്ധിയിലായതോടെ എണ്ണ വിലയിലും വർധനവ്. ബാരലിന് 80 ഡോളറാണ് നിലവിൽ വിവിധ മേഖലകളിലെ വില നിലവാരം. തുടർച്ചയായ ആറാം ദിവസവും ബ്രെന്റ് ക്രൂഡ് വില ഉയർന്നതും ബ്രിട്ടന് തിരിച്ചടിയായി. കൂടുതൽ രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനാൽ ആഗോള വ്യാപകമായി ആവശ്യം വർദ്ധിച്ചതാണ് എണ്ണ വില ഉയരാൻ കാരണം.

അതേസമയം ഏതാനും ദിവസമായി തുടരുന്ന പ്രതിസന്ധി ഇന്നലെ കൂടുതൽ രൂക്ഷമായി. പല പെട്രോൾ സ്റ്റേഷനുകളിലും സ്റ്റോക്കില്ലെന്ന ബോർഡ് ഉയർന്നു. ചില നഗരങ്ങളിൽ 90% പെട്രോൾ സ്റ്റേഷനുകളും കാലിയായതായാണു വിവരം. പരിഭ്രാന്തരാകേണ്ടെന്ന് സർക്കാരും വിതരണക്കാരും ആവർത്തിക്കുമ്പോഴും പെട്രോൾ സ്റ്റേഷനുകൾക്കു മുന്നിൽ വാഹനനിര നീളുകയാണ്.

ബ്രെക്സിറ്റ്, തൊഴിൽ, താമസ നിയമങ്ങൾക്കു പിന്നാലെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള ട്രക്ക് ഡ്രൈവർമാർ കൂട്ടത്തോടെ മടങ്ങിയതാണ് പുതിയ പ്രതിസന്ധിക്കു കാരണം. ട്രക്ക് ഡ്രൈവർമാർക്കായി 5000 താൽക്കാലിക വീസ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഭാരവാഹനങ്ങളോടിക്കാൻ സൈന്യത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്നും ആവശ്യമുയർന്നു.

വിരലിൽ എണ്ണാവുന്ന പെട്രോൾ പമ്പുകൾ മാത്രമാണ് ഇപ്പോൾ പല നഗരങ്ങളിലും പ്രവർത്തിക്കുന്നത്. ഇവയ്ക്കു മുന്നിൽ മണിക്കൂറുകൾ നീളുന്ന ക്യൂവും. ഇതുമൂലമുണ്ടാകുന്ന ഗതാഗത കുരുക്കും അതിരൂക്ഷമാണ്. ഹൈവേകളിലും സ്ഥിതി വ്യത്യസ്തമല്ല.

ലണ്ടൻ ഉൾപ്പെടെയുള്ള വൻനഗരങ്ങളിലാണ് ഇന്ധനക്ഷാമം അതിരൂക്ഷം. പമ്പുകൾ ഓരോന്നായി അടഞ്ഞതോടെ തുറന്നിരിക്കുന്ന പമ്പുകളിൽ പാനിക് ബൈയിങ്ങിനായി ആളുകൾ ഇരച്ചെത്തി. ഇത് പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നു. വലിയ ട്രക്കുകൾക്കൊഴികെ മറ്റെല്ലാ വാഹനങ്ങൾക്കും പരമാവധി നൽകുന്ന ഇന്ധനത്തിന്റെ അളവ് പമ്പുകളിൽ 30 ലീറ്ററാക്കി കുറച്ചു. പെട്രോളിനും ഡീസലിനും 10 മുതൽ 20 പെൻസിന്റെ വരെ വർധനയും രണ്ടു ദിവസങ്ങൾക്കുള്ളിൽ ഉണ്ടായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ധനക്ഷാമം ചരക്കുനീക്കത്തെ ബാധിച്ചു തുടങ്ങിയതോടെ സൂപ്പർ മാർക്കറ്റുകളിൽ പലേടത്തും സാധനങ്ങളുടെ കുറവും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇതു തുടർന്നാൽ ദിവസങ്ങൾക്കുള്ളിൽ ഇന്ധനക്ഷാമം മൂലം വാഹനങ്ങൾ നിരത്തിലിറങ്ങാത്ത സ്ഥിതിയുണ്ടാകും. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും രാജ്യത്ത് ഇന്ധല ക്ഷാമമല്ല, ഇത് പമ്പുകളിൽ എത്തിക്കാനുള്ള പ്രതിസന്ധി മാത്രമേയുള്ളൂ എന്നുമാണ് സർക്കാർ ആവർത്തിക്കുന്നത്.

സൈന്യത്തിന്റെ സഹായത്തോടെ ഇതു പരിഹരിക്കുമെന്ന് പറഞ്ഞുതുടങ്ങിയിട്ട് രണ്ടു ദിവസമായെങ്കിലും പമ്പുകളിൽ ഇന്ധനം എത്തുന്നില്ല. ഓരോ മണിക്കൂറിലും അടയ്ക്കുന്ന പമ്പുകളുടെ എണ്ണം ഏറിവരികയാണ്. ബ്രെക്സിറ്റ് നടപ്പായതു മുതൽ ആരംഭിച്ച, ഹെവി ഗുഡ്സ് വെഹിക്കിൾ ഡ്രൈവർമാരുടെ ലഭ്യത കുറവാണ് കോവിഡ് സാഹചര്യത്തിൽ വർധിച്ചുവന്ന് ചരക്കുനീക്കത്തിൽ വലിയ പ്രതിസന്ധിയായി പരിണമിച്ചിരിക്കുന്നത്.

അതുകൊണ്ടുതന്നെ പ്രശ്നം അടിയന്തിരമായി പരിഹരിക്കാൻ പ്രധാനമന്ത്രി ബോ റിസ് ജോൺസണ് മേലുള്ള സമ്മർദ്ദവും വർധിക്കുകയാണ്. നിലവിൽ ഒരു ലക്ഷത്തോളം ഹെവി ഗുഡ്സ് വെഹിക്കിൾ ഡ്രൈവർമാരുടെ കുറവാണ് ബ്രിട്ടനിലുള്ളത്. അത്ര എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രതിസന്ധിയല്ല ഇത്. ബ്രക്സിറ്റ് നടപ്പിലായ ജനുവരി മുതൽതന്നെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിൽ ജോലി ചെയ്തിരുന്ന ഹെവി ഗുഡ്സ് ഡ്രൈവർമാർ പലരും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിത്തുടങ്ങി.

ഇരുപതിനായിരത്തിലധികം ഡ്രൈവർമാർ ഇത്തരത്തിൽ മടങ്ങിയെന്നാണ് റോഡ് ഹോവിലേജ് അസോസിയേഷന്റെ കണക്ക്. ബ്രിട്ടനിൽ ഇനിയൊരു സെറ്റിൽമെന്റ് എളുപ്പവും സുഗമവും ആകില്ല എന്ന പ്രതീതിയായിരുന്നു ഇതിനു കാരണം. നിലവിൽ മൂന്ന് മാസത്തെ താൽക്കാലിക വിസ നൽകി ഇവരെ തിരികെ കൊണ്ടുവരാൻ യുകെ സർക്കാർ ശ്രമിക്കുമെങ്കിലും എത്ര പേർ ഇതിന് തയ്യാറാകുമെന്ന് കണ്ട റിയണം.

യുകെ സ്വയം കുഴിച്ച കുഴിയാണ് ഇന്ധന പ്രതിസന്ധിയെന്ന നിലപാടിലാണ് യൂറോപ്യൻ യൂണിയൻ. അതിനാൽ ജർമ്മനി ഉൾപ്പെടെയുള്ള ഇയു രാജ്യങ്ങളും യുകെ സർക്കാരിനെ കൈയ്യൊഴിയുകയാണ്.