ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആരോഗ്യ പ്രവർത്തകർക്ക് പെർമനന്റ് റസിഡൻറ് വിസ കിട്ടാനുള്ള കാലാവധി കുറയ്ക്കാനുള്ള നീക്കം തള്ളി സർക്കാർ. ഇതോടെ യുകെയിൽ എത്തുന്ന മലയാളി നേഴ്സുമാർക്ക് പി ആർ ലഭിക്കാൻ 5 വർഷം തന്നെ കാത്തിരിക്കേണ്ടി വരും. ന്യൂസിലൻഡ്, കാനഡയുമൊക്കെ പെർമനന്റ് വിസ ലഭിക്കാനുള്ള ആരോഗ്യ പ്രവർത്തകരുടെ കാലാവധി രണ്ടു വർഷമായി കുറച്ചിരുന്നു. ഈ മാതൃക യുകെയിലും നടപ്പിലാക്കണമെന്ന ആവശ്യം ഉയർന്നു വന്നിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


പാർലമെന്റിൽ ഈ വിഷയം അവതരിപ്പിച്ച് സംസാരിച്ചത് ടോണി വോഗന്‍ എംപി ആണ്. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾ നിലവിലുള്ള രാജ്യങ്ങളിലേയ്ക്ക് യുകെയിൽ എത്തുന്ന നേഴ്സുമാർ പോകുന്ന അവസ്ഥയും വിഷയാവതരണ ഘട്ടത്തിൽ എംപി എടുത്തു പറഞ്ഞു. എന്നാൽ എംപിയുടെ വാദങ്ങളെ നിരാകരിക്കുന്ന നിലപാടാണ് കുടിയേറ്റ, പൗരത്വ മന്ത്രി സീമ മല്‍ഹോത്ര സ്വീകരിച്ചത്. ആരോഗ്യപ്രവർത്തകർക്ക് മാത്രമായി ഒരു നയം നടപ്പിലാക്കാൻ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. മറ്റ് മേഖലകളിലായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാരുടെ താത്പര്യം കൂടി സംരക്ഷിച്ചു കൊണ്ടുള്ള നടപടിയെ സർക്കാരിൻറെ ഭാഗത്തു നിന്നും സ്വീകരിക്കാൻ സാധിക്കുകയുള്ളൂ എന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.


എന്നാൽ ആരോഗ്യപ്രവർത്തകർക്ക് പിആർ ലഭിക്കുന്നതിനുള്ള കാലാവധി കുറയ്ക്കണമെന്ന വിഷയത്തിൽ മറിച്ചൊരു നീക്കം സർക്കാരിൻറെ ഭാഗത്തു നിന്ന് ലഭിക്കാനിടയില്ലെന്നാണ് ഈ വിഷയത്തെ കുറിച്ച് പല രാഷ്ട്രീയ നിരീക്ഷകരും മലയാളം യുകെയോട് പ്രതികരിച്ചത്. കഴിഞ്ഞ ജൂലൈ 4- ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ ലേബർ പാർട്ടി പ്രധാനമായും ഉയർത്തി കാട്ടിയത് കുടിയേറ്റം കുറയ്ക്കുക എന്നതായിരുന്നു. അധികാരത്തിൽ എത്തി ഏതാനും മാസങ്ങൾക്ക് അകം തന്നെ തങ്ങളുടെ പ്രഖ്യാപിത നയത്തിൽ വെള്ളം ചേർക്കാൻ സർക്കാരിനാവില്ല എന്നത് പല കോണുകളിൽ നിന്നും ചൂണ്ടി കാണിക്കപ്പെട്ടിരുന്നു. നിലവിൽ കെയർ വിസയിൽ എത്തുന്നവർക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് സാധിക്കില്ല. ഇത് ഉൾപ്പെടെ പല കാര്യങ്ങളിലും കുടിയേറ്റ വിരുദ്ധ മനോഭാവവുമാണ് യുകെ സർക്കാർ പിന്തുടരുന്നത് എന്ന ആക്ഷേപം ശക്തമാണ്.