ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യയുടെ കേന്ദ്രമായി ബ്രിട്ടനെ മാറ്റുന്നതിനുള്ള വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് യുകെ ഗവണ്മെന്റ്. ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യയുടെ ആഗോള കേന്ദ്രമായി യുകെയെ മാറ്റുക എന്നത് എന്റെ അഭിലാഷമാണെന്നും, രാജ്യത്തെ കമ്പനികൾക്ക് നിക്ഷേപങ്ങളിലൂടെയും, പുതിയ കണ്ടുപിടുത്തങ്ങളിലൂടെയും ഈ രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കാൻ ഇന്ന് പ്രഖ്യാപിച്ച നടപടികൾ സഹായിക്കുമെന്നും ചാൻസലർ ഋഷി സുനക് പറഞ്ഞു.

ക്രിപ്റ്റോ കറൻസികളെയും അവ ഉപയോഗിച്ച് നടത്തുന്ന സാമ്പത്തിക ഇടപാടുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനങ്ങളെയാണ് ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് ഫിയറ്റ് കറൻസികളായ ഡോളറും , പൗണ്ടും, രൂപയും ഒക്കെ ക്രെഡിറ്റ് കാർഡുകളും, ഡെബിറ്റ് കാർഡുകളും ഉപയോഗിച്ച് ഇടപാടുകൾ നടത്തുമ്പോൾ ഉപയോഗിക്കുന്ന സാങ്കേതികവിദ്യപോലെ തന്നെ ക്രിപ്റ്റോ കറൻസികളെ സാമ്പത്തിക സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യ. ക്രിപ്റ്റോ കറൻസി വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഇന്ന് യുകെ ഗവണ്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

യുകെ ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ സാമ്പത്തിക നയങ്ങൾ വിശദീകരിക്കുന്ന എച്ച് എം ട്രഷറിയിലാണ് ക്രിപ്റ്റോ അസ്സെറ്റ് നിക്ഷേപവും അതിലൂടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്ന പദ്ധതികളും ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാങ്കേതികവിദ്യയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് ഇപ്പോൾ നിയന്ത്രിക്കുന്നതിലൂടെ, സർക്കാരിന് സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ കഴിയുമെന്നും, അതുവഴി ഈ പുതിയ സാങ്കേതികവിദ്യകൾ ആത്യന്തികമായി വിശ്വസനീയമായും സുരക്ഷിതമായും ഉപയോഗിക്കാൻ കഴിയുമെന്നും ചാൻസലർ അറിയിച്ചു. അതോടൊപ്പം യുകെയിലെ സാമ്പത്തിക മേഖല സാങ്കേതികവിദ്യയിൽ എപ്പോഴും മുൻപന്തിയിലാണെന്ന് ഉറപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും അറിയിച്ചു.  

ക്രിപ്റ്റോ അസ്സെറ്റ് മേഖലയിൽ വ്യക്തമായ നിയമനിർമ്മാണങ്ങൾ നടപ്പിലാക്കിക്കൊണ്ട് അംഗീകൃത പേയ്‌മെന്റ് രൂപമായി ക്രിപ്റ്റോ കറൻസിയിലെ സ്ഥിര വില നിലനിൽക്കുന്ന സ്റ്റേബിൾകോയിനുകളെ ഉപയോഗിക്കാൻ അവസരമൊരുക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ക്രിപ്‌റ്റോ അസെറ്റിന്റെ ഒരു രൂപമാണ് സ്റ്റേബിൾകോയിനുകൾ, അവ സാധാരണയായി ഡോളർ പോലുള്ള ഫിയറ്റ് കറൻസിയുമായി ബന്ധിപ്പിച്ചിരിക്കുന്നതും സ്ഥിരമായ മൂല്യം നിലനിർത്താൻ ഉദ്ദേശിച്ചുള്ളതുമാണ്. 

കൂടാതെ, പരീക്ഷണങ്ങൾക്കും നവീകരണത്തിനും സ്ഥാപനങ്ങളെ പ്രാപ്തരാക്കുന്നതിനായി ഒരു “ഫിനാൻഷ്യൽ മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ സാൻഡ്‌ബോക്‌സിനായി” നിയമനിർമ്മാണം നടത്താൻ സർക്കാർ പദ്ധതിയിടുന്നു. അത് ഈ വ്യവസായത്തെ നവീകരിക്കാൻ സ്ഥാപനങ്ങളെ സഹായിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്യും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ വ്യവസായവുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുന്നതിന് ഒരു ക്രിപ്‌റ്റോ അസെറ്റ് എൻഗേജ്‌മെന്റ് ഗ്രൂപ്പ് സ്ഥാപിക്കും. ക്രിപ്‌റ്റോ അസെറ്റ് മാർക്കറ്റിന്റെ കൂടുതൽ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് യുകെ നികുതി സമ്പ്രദായത്തിന്റെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യും. 

യുകെയിലെ ക്രിപ്റ്റോ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ നവീകരിക്കാൻ സഹായിക്കുന്നതിന് ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയുടെ (FCA) നേത്യത്വത്തിൽ  “ക്രിപ്റ്റോ സ്പ്രിന്റ്” എന്ന് വിശേഷിപ്പിക്കപ്പെടുന്ന, യുകെയുടെ നാണയങ്ങൾ ഉത്പാദിപ്പിക്കുന്ന റോയൽ മിന്റുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പും ആരംഭിക്കും.

ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യയുടെ വളർച്ചയിലൂടെ നാളെകളിലെ ബിസിനസ്സുകളും അവ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളും യുകെയിൽ വരുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും, ഈ വ്യവസായത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നതിലൂടെ അവർക്ക് ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ ആവശ്യമായ ആത്മവിശ്വാസം നൽകാനാകുമെന്നും ചാൻസലർ സുനക് പറഞ്ഞു.

കൂടുതൽ കാര്യക്ഷമതയും സുതാര്യതയും പ്രതിരോധശേഷിയും കൈവരിക്കുന്നതിന് വികേന്ദ്രീകൃതമായ രീതിയിൽ ഡാറ്റ സമന്വയിപ്പിക്കാനും പങ്കിടാനും ഇത് പ്രാപ്തമാക്കുന്ന ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി (ഡിഎൽടി) നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു. ക്രിപ്റ്റോ വ്യവസായവുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുന്നതിന് ഒരു ക്രിപ്‌റ്റോ അസെറ്റ് എൻഗേജ്‌മെന്റ് ഗ്രൂപ്പ് സ്ഥാപിക്കുക തുടങ്ങിയ നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവും.

കഴിഞ്ഞ രണ്ട് വർഷങ്ങളായി ക്രിപ്റ്റോകറൻസി നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് യുകെ  ഗവണ്മെന്റും ക്രിപ്റ്റോ കറൻസി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി നടത്തികൊണ്ടിരിക്കുന്നത്. ലോകത്തെ തന്നെ ക്രിപ്റ്റോ അസ്സെറ്റ് സാങ്കേതിക വിദ്യയുടെ ആഗോളകേന്ദ്രമായി മാറുവാൻ യുകെ ശ്രമിക്കുന്നു എന്ന വാർത്ത ലോകം മുഴുവനിലുള്ള ക്രിപ്റ്റോ കറൻസി നിക്ഷേപകരിൽ കൂടുതൽ ആത്മവിശ്വാസവും ധൈര്യവുമാണ് പകർന്നിരിക്കുന്നത്. ക്രിപ്റ്റോ കറൻസി മേഖലയിൽ നിയമനിർമ്മാണവും , ടാക്സും ഒക്കെ നടപ്പിലാക്കി വളരെവേഗം മുന്നേറികൊണ്ടിരിക്കുന്ന ഇന്ത്യൻ ക്രിപ്റ്റോ കറൻസി വ്യവസായത്തേയും ഇന്ന് യുകെ ഗവൺമെന്റ് പ്രഖ്യാപിച്ച തീരുമാനങ്ങൾ വളരെയധികം ഗുണകരമായി ബാധിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.