ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ സർവകലാശാലാ പഠനം പൂർത്തിയാക്കി തൊഴിൽ വിപണിയിലേക്ക് എത്തുന്നവർക്കുള്ള ജോലി അവസരങ്ങൾ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . റിക്രൂട്ട്മെന്റ് വെബ്സൈറ്റായ അഡ്സുനയുടെ കണക്കുകൾ പ്രകാരം ജൂലൈയിൽ ഗ്രാജുവേറ്റുകൾക്കായി പരസ്യം ചെയ്ത ഒഴിവുകൾ 8,383 മാത്രമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 45 ശതമാനത്തിന്റെ ഇടിവാണിത്. 2017ൽ 55,000ത്തിലധികം ഗ്രാജുവേറ്റ് തസ്തികകൾ ഉണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോഴത്തെ കനത്ത തിരിച്ചടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെപ്റ്റംബറിൽ 2,62,820 പേർ സർവകലാശാലകളിലേക്ക് പ്രവേശിക്കാനിരിക്കെയാണ് തൊഴിൽ വിപണിയിലെ ഈ പ്രതിസന്ധി. ആരോഗ്യസംരക്ഷണം, നേഴ്സിങ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലും ഒഴിവുകൾ കുറഞ്ഞതായി അഡ്സുന ചൂണ്ടിക്കാട്ടുന്നു. ദേശീയ ഇൻഷുറൻസ് സംഭാവനകളും മിനിമം വേതനവും ഉയർന്നതോടെ കമ്പനികൾ നിയമനം വെട്ടിക്കുറച്ചത് ആണ് പ്രധാന കാരണം. ഇതിനു പുറമെ പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് പകരം ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളിലേക്ക് നിക്ഷേപം മാറ്റുന്നതും തൊഴിൽ അവസരങ്ങളെ ബാധിക്കുന്നുണ്ട്.

എന്നാൽ അധ്യാപനം, യാത്രാ മേഖല, വ്യാപാരം, നിർമാണം എന്നിവയിൽ ഗ്രാജുവേറ്റുകൾക്കുള്ള അവസരങ്ങൾ വർധിച്ചിട്ടുണ്ട്. നിർമാണ മേഖലയ്ക്കൊപ്പം മാനുഫാക്ചറിങ് രംഗത്തും പുതിയ ഒഴിവുകൾ ഉയരുന്നത് പ്രതീക്ഷ നൽകുന്ന സൂചനയാണെങ്കിലും, മറ്റു മേഖലകളിലെ സാഹചര്യം മൂന്ന് മാസം മുമ്പത്തേക്കാൾ മോശമായതായി അഡ്സുന സഹസ്ഥാപകൻ ആൻഡ്രൂ ഹണ്ടർ പറഞ്ഞു. തൊഴിൽരഹിതരായ യുവാക്കളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ഈ പ്രവണത യുവാക്കൾക്കിടയിൽ ഭാവിയെക്കുറിച്ചുള്ള ആശങ്കയും നിരാശയും വർധിപ്പിക്കുകയാണ്.