ഡെൽറ്റ വേരിയന്റിന്റെ വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം യുകെയിൽ നിന്നുള്ള യാത്രക്കാർ യൂറോപ്യൻ യൂണിയനിൽ എത്തുന്നിടത്തെല്ലാം ക്വാറൻ്റീനിൽ പോകണമെന്ന ഉറച്ച നിലപാടിലാണ് ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ. “ഞങ്ങളുടെ രാജ്യത്ത്, നിങ്ങൾ ഗ്രേറ്റ് ബ്രിട്ടനിൽ നിന്നാണ് വരുന്നതെങ്കിൽ, ക്വാ റൻ്റീൻ കൂടിയേ തീരൂ. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിലും അങ്ങനെയല്ല, അതാണ് ഞാൻ ചൂണ്ടിക്കാട്ടുന്നത്,“ മെർക്കൽ ജർമ്മൻ പാർലമെന്റിൽ വ്യക്തമാക്കി.
എന്നാൽ സുരക്ഷിത രാജ്യങ്ങളുടെ യാത്രാ പട്ടിക പുതുക്കാൻ ഒരുങ്ങി യുകെ. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഈ വർഷത്തെ വേനൽക്കാല അവധി യാത്രകൾക്കുള്ള ഏറ്റവും പുതിയ മാർഗനിർദേശങ്ങൾ വ്യാഴാഴ്ച പ്രഖ്യാപിക്കും. ഏതൊക്കെ രാജ്യങ്ങളാണ് ക്വാറൻ്റീൻ വേണ്ടാത്ത ഗ്രീൻ ലിസ്റ്റിലേക്ക് മാറ്റേണ്ടതെന്നും യാത്രാ നിരോധനം തുടരേണ്ടതെന്നും സർക്കാർ ഇന്ന് വെളിപ്പെടുത്തും.
വിദേശ യാത്രകൾക്കായുള്ള യുകെ സർക്കാരിൻ്റെ ട്രാഫിക് ലൈറ്റ് സംവിധാനത്തിന്റെ ഭാഗമായി ജനപ്രിയ ഹോളിഡേ ഹോട്ട്സ്പോട്ടുകളായ മാൾട്ട, ബലേറിക് ദ്വീപുകൾ – ഐബിസ, മല്ലോർക്ക, മിനോർക്ക, ഫോർമെൻറേറ എന്നിവ ഗ്രീൻ ലിസ്റ്റിൽ ഇടം നേടുമെന്നാണ് പ്രതീക്ഷ. സമീപ ഭാവിയിൽ രണ്ട് ഡോസുകളും എടുത്തവർക്ക് എല്ലാ ആമ്പർ ലിസ്റ്റ് രാജ്യങ്ങളിലേക്കും യാത്ര നടത്താമെന്ന് ആരോഗ്യ സെക്രട്ടറി സൂചന നൽകി.
ഈ രാജ്യങ്ങളിൽ നിന്ന് മടങ്ങി വരുന്ന രണ്ട് ഡോസുകൾ എടുത്തവർക്ക് ക്വാറൻ്റീന് പകരം ദിവസേന കോവിഡ് ടെസ്റ്റ് ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള പരിഷ്ക്കാരങ്ങളാണ് സർക്കാർ പരിഗണിക്കുന്നത്.
അതിനിടെ ഇംഗ്ലണ്ടിലെ 20 ദശലക്ഷത്തിലധികം ആളുകൾക്ക് ലോംഗ് കോവിഡ് പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പഠനം. കോവിഡ് ഉള്ളവരിൽ മൂന്നിലൊന്ന് പേരും കുറഞ്ഞത് 12 ആഴ്ചയെങ്കിലും നീണ്ടുനിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതായി റിയക്ട്-2 നടത്തിയ പഠനം പഠനം വ്യക്തമാക്കുന്നു.
രണ്ട് വിഭാഗം ആളുകളിലാണ് ലോംഗ് കോവിഡ് പ്രശ്നങ്ങൾ ഏറ്റവും പ്രകടമായത്. ആദ്യ വിഭാഗത്തിൽ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ ക്ഷീണം, പേശിവേദന എന്നിവയാണ്, രണ്ടാമത്തെ വിഭാഗത്തിൽ ശ്വാസം മുട്ടൽ, നെഞ്ചിലെ മുറുക്കം, നെഞ്ചുവേദന എന്നിവയാണ് പൊതുവായ ലക്ഷണങ്ങൾ. 2020 സെപ്റ്റംബറിനും ഈ വർഷം ഫെബ്രുവരിക്കുമിടയിൽ ലണ്ടനിലെ ഇംപീരിയൽ കോളേജ് ലണ്ടനിൽ നടത്തിയ റിയാക്ട്-2 പഠനത്തിൽ 508,707 മുതിർന്നവരാണ് പങ്കെടുത്തത്.
Leave a Reply