ലണ്ടന്‍: ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ പുറത്തു വിടുന്നതില്‍ യുകെയില്‍ 42 ശതമാനം കുറവുണ്ടായതായി കണക്കുകള്‍. 1990 മുതലുള്ള കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. വൈദ്യുതി ഉല്‍പാദനത്തില്‍ കല്‍ക്കരിയുടെ ഉപയോഗം കുറച്ചതോടെ 2015-16 കാലയളവില്‍ 6 ശതമാനത്തിന്റെ കുറവാണ് ഗ്രീന്‍ഹൗസ് വാതകങ്ങള്‍ പുറത്തു വിടുന്നതില്‍ രേഖപ്പെടുത്തിയതെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിപ്പാര്‍ട്ടമെന്റ് ഓഫ് ബിസിനസ്, എനര്‍ജി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി റിപ്പോര്‍ട്ടാണ് ഇത് സൂചിപ്പിക്കുന്നത്.
എന്നാല്‍ വൈദ്യുതോല്‍പാദന മേഖലയില്‍ ഉണ്ടായ ഈ പുരോഗതി ഗതാഗത, ഹീറ്റിംഗ് വ്യവസായ മേഖലയില്‍ ദൃശ്യമാകുന്നില്ലെന്ന് പരിസ്ഥിതിവാദികള്‍ പറയുന്നു. കണക്കുകള്‍ ആശാവഹമാണെന്നും അവര്‍ വ്യക്തമാക്കി. സാമ്പത്തിക മേഖലയില്‍ പുരോഗതിയുണ്ടാകുന്നതിനൊപ്പം കാര്‍ബണ്‍ പുറന്തള്ളലിലും കാര്യമായ കുറവുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് ബിഇഐഎസ് റിപ്പോര്‍ട്ട് പറയുന്നത്.
2050ഓടെ ഗ്രീന്‍ഹൗസ് വാതകങ്ങളുടെ ബഹിര്‍ഗമനം പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ ഈ വിധത്തില്‍ നീങ്ങിയാല്‍ സാധിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. 1990നേക്കാള്‍ 42 ശതമാനം ബഹിര്‍ഗമനത്തില്‍ കുറവുണ്ടായിട്ടുണ്ട്. വൈദ്യുതോല്‍പാദന മേഖലയില്‍ 1990ല്‍ പുറന്തള്ളിയിരുന്നതിനേക്കാള്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 54 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.