ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബ്രിട്ടന്റെ സാമ്പത്തിക വളർച്ച 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതായി കണക്കുകൾ. കോവിഡ് കേസുകളിലെ വർധന സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയ്ക്ക് കാരണമായി. പണപെരുപ്പം ഉയർന്നതും വലിയ തിരിച്ചടിയായി. ഐഎച്ച്എസ് മാർകിറ്റ് /സിഐപിഎസ് സൂചിക ഈ മാസം 53.4 ലേക്ക് താഴ്ന്നു. കഴിഞ്ഞ വർഷം കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷമുള്ള ഏറ്റവും മോശം നിലയാണിത്. ഹോസ്പിറ്റാലിറ്റി, വിനോദം, യാത്രാ എന്നീ മേഖലകളിലാണ് പ്രതിസന്ധി രൂക്ഷം.
ഊർജ വില വർധനയും ജീവനക്കാരുടെ ചെലവും മൂലം ബിസിനസുകൾ വലിയ സമ്മർദത്തിലായി. ഒമിക്രോൺ കേസുകൾ പല ബിസിനസുകളെയും സാരമായി ബാധിച്ചുവെന്നും ഇത് വളർച്ചയെ കൂടുതൽ ദുർബലപ്പെടുത്തുന്നതായും ഐഎച്ച്എസ് മാർകിറ്റ് -ലെ ചീഫ് ബിസിനസ് ഇക്കണോമിസ്റ്റ് ക്രിസ് വില്യംസൺ വ്യക്തമാക്കി. ഡിസംബറിലെ 53.6 എന്ന നിലയിൽ നിന്നാണ് പിന്നെയും താഴ്ന്നത്.
ഹോസ്പിറ്റാലിറ്റി, വിനോദം ഉൾപ്പെടെ പല ബിസിനസ് മേഖലകളിലും തുടർച്ചയായി മൂന്നാം മാസവും ഈ പ്രതിസന്ധി തുടർന്നു. കോവിഡ് നിയന്ത്രണങ്ങളും ഉപഭോക്താക്കളിൽ നിന്നുള്ള ഡിമാൻഡ് കുറയുന്നതുമാണ് വളർച്ചയ്ക്ക് തടസ്സമായതെന്ന് സർവേയിൽ പങ്കെടുത്ത സ്ഥാപനങ്ങൾ വ്യക്തമാക്കി.
Leave a Reply