ന്യൂസ് ഡെസ്ക് മലയാളം യുകെ
കേരളത്തിൽ നിപ്പ വൈറസ് ജീവന് ഭീഷണിയായി പടർന്ന് പിടിക്കുന്നതിനെ വളരെ ഗൗരവത്തോടെ കാണുന്നതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മാധ്യമങ്ങളോട് പറഞ്ഞു. നിപ്പ വൈറസ് ബാധിക്കപ്പെട്ടിരിക്കുന്ന 75 ശതമാനം ആളുകളുടെയും ജീവന് ഗുരുതരമായ ഭീഷണി ഉണ്ടെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ . ഫലപ്രദമായ ചികിത്സാ സംവിധാനങ്ങളുടെ അഭാവം നിപ്പയെ മറ്റ് വൈറസുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
ഇതിനകം തന്നെ കേരളത്തിൽ രണ്ടു പേർ നിപ്പ വൈറസ് ബാധിച്ച് മരണമടഞ്ഞു. കോഴിക്കോട് ജില്ലയിൽ നിപ്പ സ്ഥിരീകരിച്ച് ഒരാഴ്ച പിന്നിടുമ്പോഴും സമ്പർക്ക പട്ടിക കുറ്റമറ്റതാക്കാൻ ആരോഗ്യവകുപ്പിന് സാധിക്കുന്നില്ലെന്നാണ് കേരളത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മസ്തിഷ്കത്തെ ഹാനികരമായി ബാധിക്കുന്ന വൈറസിനെ ഭയന്ന് കോഴിക്കോട് ജില്ലയിൽ സ്കൂളുകളും ഓഫീസുകളും അടച്ചിടുകയും 9 ഗ്രാമങ്ങളെ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. പ്രധാനമായും പഴം lകഴിക്കുന്ന വവ്വാലുകളിലൂടെയാണ് നിപ്പ വൈറസ് പടരുന്നത്.
യുകെയിൽ ഇതുവരെ നിപ്പ വൈറസ് കണ്ടെത്തിയിട്ടില്ല. യുകെയിലേയ്ക്ക് വൈറസ് എത്തിപ്പെടാനുള്ള സാധ്യത വളരെ വിരളമാണെന്ന് യുകെ ഹെൽത്ത് ആൻഡ് സെക്യൂരിറ്റി ഏജൻസിയുടെ വക്താവ് പറഞ്ഞു. കേരളത്തിൽ നിപ്പ വൈറസ് പടരുന്നതിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പാൻഡമിക് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ മൈൽസ് കരോൾ അറിയിച്ചു. കേരളത്തിൽ വൈറസ് ബാധിച്ചതിനെ തുടർന്ന് യാത്രക്കാർക്ക് എന്തെങ്കിലും നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ കുറിച്ച് ഔദ്യോഗികമായ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. നിപ്പയ്ക്കെതിരെ ഇപ്പോഴും ഫലപ്രദമായ മരുന്നുകൾ കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച് കടുത്ത ആശങ്കയാണ് ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ ഉണ്ടായിരിക്കുന്നത്. 4 മുതൽ 14 ദിവസങ്ങളാണ് വൈറസിന്റെ ഇൻകുബേഷന്‍ പീരിയഡ് എന്നതാണ് വൈറസ് യുകെയിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന വാദത്തിനെ പിന്തുണയ്ക്കാൻ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്
Leave a Reply