ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ മഞ്ഞും തണുപ്പും മഴയും കനത്തതോടെ അതിനോട് അനുബന്ധിച്ചുള്ള കാലാവസ്ഥാജന്യ രോഗങ്ങൾ പടർന്നു പിടിക്കുന്നതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നു . ഫ്ലൂവും കൊറോണ വൈറസും ചിക്കൻപോക്സും സ്കാർലറ്റ് പനിയും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കടുത്ത ജാഗ്രത പുലർത്തണമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അസുഖബാധിതരായ കുട്ടികളെ സ്കൂളുകളിൽ അയക്കാതിരിക്കുക, വാക്സിനുകൾ എടുക്കുക, ഏതെങ്കിലും രീതിയിൽ രോഗ ലക്ഷണമുള്ളവർ എത്രയും പെട്ടെന്ന് എൻഎച്ച്എസ് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഓൺലൈൻ ഉപദേശം സ്വീകരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് നിലവിൽ നൽകിയിരിക്കുന്നത്.
വാക്സിനുകൾ യഥാസമയം എടുക്കുന്നത് ഒരു പരിധിവരെ ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ സഹായിക്കും. കുട്ടികൾക്ക് ഫ്ലൂ വാക്സിൻ നൽകേണ്ട സമയവും സ്ഥലവും എപ്പോഴാണെന്ന് എൻഎച്ച്എസ് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ സാധിക്കും. കുട്ടികൾക്ക് വേദനയില്ലാതെ മൂക്കിലൂടെ നൽകുന്ന നേസൽ സ്പ്രേ വാക്സിനുകൾ ഇന്ന് ലഭ്യമാണ്. ഏതെങ്കിലും രീതിയിൽ കുട്ടികളിൽ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാതാപിതാക്കൾക്ക് ഫോണിലൂടെയോ ഓൺലൈൻ ആയോ ചികിത്സാ നിർദ്ദേശങ്ങൾ സ്വീകരിക്കാനുള്ള സംവിധാനവും എൻഎച്ച്എസ് ഒരുക്കിയിട്ടുണ്ട്.
ഏതെങ്കിലും രീതിയിൽ അസുഖബാധിതരായ കുട്ടികളെ സ്കൂളുകളിൽ വിടരുതെന്ന നിർദ്ദേശം പല മാതാപിതാക്കൾക്കും ബുദ്ധിമുട്ട് ഉളവാക്കും. ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്ന സാഹചര്യങ്ങളിൽ കുട്ടികൾ സ്കൂളുകളിൽ പോകാതിരിക്കുകയാണെങ്കിൽ ആരെങ്കിലും ലീവെടുക്കേണ്ട സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. യുകെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരായതുകൊണ്ട് തന്നെ പെട്ടെന്ന് അവധിയെടുക്കുന്നതിൽ ഒട്ടേറെ പരിമിതികളുണ്ട്
Leave a Reply