ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്വന്തമായി ഒരു വീട് എന്നത് യുകെയിൽ എത്തി പച്ച പിടിച്ചു കഴിയുമ്പോൾ ഏതൊരു മലയാളിയുടെയും മനസ്സിലുള്ള ആഗ്രഹമാണിത്. എന്നാൽ എന്ന് വീട് വിപണിയിൽ പ്രവേശിക്കണം എന്നതിനെ കുറിച്ച് പലർക്കും വ്യക്തമായ ധാരണയില്ല. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറച്ചത് അനുകൂല സാഹചര്യമാണെന്ന അഭിപ്രായം പൊതുവെ ഉയർന്നു വന്നിരുന്നു.
എന്നാൽ മിക്ക മലയാളികളെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത് ഭവന വിപണിയിലെ ഉയർന്ന വില നിലവാരമാണ്. കഴിഞ്ഞ രണ്ട് മാസമായി വിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുകെയിലെ വീടുകളുടെ ശരാശരി വില 380,000 പൗണ്ടിൽ എത്തിയെന്നാണ് പ്രോപ്പർട്ടി വെബ്സൈറ്റുകളുടെ കണക്കുകൾ കാണിക്കുന്നത്. ഏപ്രിൽ മാസവുമായി താരതമ്യം ചെയ്യുമ്പോൾ മെയ് മാസത്തിൽ 2335 പൗണ്ട് ആണ് വിപണി വില ഉയർന്ന് ഒരു മാസം കൊണ്ട് 0.6 ശതമാനം വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത് എന്ന് പ്രോപ്പർട്ടി വെബ്സൈറ്റ് ആയ റൈറ്റ് മൂവ് പറയുന്നു.
2025 ലെ ആദ്യ മാസങ്ങളിൽ ഭവന വിപണിയിൽ ഒട്ടേറെ പേരാണ് പ്രവേശിച്ചത്. സ്റ്റാമ്പ് ഡ്യൂട്ടിയിലെ വർദ്ധനവ് ഏപ്രിലിൽ നിലവിൽ വരുന്നതിന് മുൻപ് വീട് സ്വന്തമാക്കാനുള്ള ഓട്ടത്തിലായിരുന്നു മിക്കവരും. എന്നാൽ ഏപ്രിൽ മാസത്തിനു ശേഷം ക്രയവിക്രയങ്ങളിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും വില കുറയാത്തതാണ് വിപണി വിദഗ്ധരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ഭവന വിപണിയിൽ വീണ്ടും മുന്നേറ്റം ഉണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതയാണ് ഈ വാദത്തിന്റെ പിന്തുണയായി ചൂണ്ടി കാണിക്കപ്പെടുന്നത്.
Leave a Reply