ന്യൂസ് ഡെസ്ക് മലയാളം യുകെ

ലിംപോപോ: കോടീശ്വരന്റെ നാലു മക്കളെ തട്ടിക്കൊണ്ടുപോയ സംഘം മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 24 ലക്ഷം പൗണ്ട്. നാലു പേരും ജീവിച്ചിരിപ്പുണ്ടെന്നും പരിക്കുകൾ ഏറ്റിട്ടില്ലെന്നുമുള്ള തെളിവ് മാതാപിതാക്കൾക്ക് ലഭിച്ചതോടെ പണം നൽകിയെന്ന് റിപ്പോർട്ട്‌. ദക്ഷിണാഫ്രിക്കയിലെ ലിംപോപോയിലാണ് സംഭവം. കോടീശ്വരനായ നാസിം മോത്തിയുടെ നാല് മക്കളെ ഒക്ടോബർ 20 ന് സ്കൂളിലേക്കുള്ള യാത്രാമധ്യേയാണ് തട്ടിക്കൊണ്ടു പോയത്. മൂന്ന് ആഴ്ചയ്ക്ക് ശേഷം കുട്ടികൾ സുരക്ഷിതരായി വീട്ടിലെത്തിയതോടെ അവരെ എങ്ങനെ രക്ഷപ്പെടുത്തിയെന്നുള്ള ചോദ്യം ഉയർന്നു. സിദാൻ (6) സയാദ് (11) അലൻ (13), സിയ (15 ) എന്നീ സഹോദരങ്ങളെയാണ് തട്ടിക്കൊണ്ടുപോയത്. മോത്തിയും ഭാര്യ ഷക്കീറയും മോചനദ്രവ്യമായി 24 ലക്ഷം പൗണ്ട് നൽകിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. എന്നാൽ പണം നൽകിയെന്ന വാദം മോത്തി കുടുംബത്തിന്റെ വക്താവ് നിഷേധിച്ചു.

ലിംപോപോയിലെ പോളോക്‌വാനിലുള്ള സ്വകാര്യ സ്‌കൂളായ കുറോ ഹ്യൂവൽക്രുയിനിലേക്ക് സഹോദരങ്ങളെ കൊണ്ടുപോകുമ്പോഴാണ് ആയുധധാരികൾ കാർ തടഞ്ഞത്. വായുവിൽ വെടിയുതിർത്ത ശേഷം ഡ്രൈവറായ 64 കാരനെ തോക്കിൻമുനയിൽ നിർത്തി കുട്ടികളെ തട്ടിയെടുത്തു. തട്ടിക്കൊണ്ടുപോയവർ അധികം വൈകാതെ തന്നെ കുട്ടികളുടെ മാതാപിതാക്കളുമായി ചർച്ചകൾ ആരംഭിച്ചു. തങ്ങളുടെ മക്കൾ ജീവിച്ചിരിപ്പുണ്ടെന്നും പരിക്ക് ഉണ്ടായിട്ടില്ലെന്നും ഉറപ്പാക്കുന്ന തെളിവുകൾ സംഘത്തോട് ആവശ്യപ്പെട്ടതായും അത് ലഭിച്ച ശേഷം മാതാപിതാക്കൾ പണം നൽകിയതായും പ്രാദേശിക മാധ്യമമായ ന്യൂസ്‌ 24 റിപ്പോർട്ട്‌ ചെയ്തു.

തട്ടിക്കൊണ്ടുപോയ സ്ഥലത്തു നിന്നും 125 മൈൽ അകലെയുള്ള വുവാനിയിലാണ് കുട്ടികളെ ബന്ധിയാക്കിയത്. കുട്ടികളെ തിരികെ കൊണ്ടുവരുന്നതിന് മുമ്പായി വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. നാല് മക്കളെയും തിരികെ ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നും അവരുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നതിനാൽ ഏതാനും ദിവസങ്ങൾക്ക് ശേഷം മാത്രമേ മാധ്യമങ്ങളെ കാണൂ എന്നും മാതാപിതാക്കൾ അറിയിച്ചു. സഹായം നൽകിയ പോലീസിനും രാഷ്ട്രീയ പ്രവർത്തകർക്കും നന്ദി പറഞ്ഞ അവർ മോചനദ്രവ്യം നൽകിയിട്ടില്ലെന്ന് ആവർത്തിച്ചു.