ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ തുടർച്ചയായ മൂന്നാമത്തെ മാസവും വീടുകളുടെ വില ഉയർന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. പലിശ നിരക്കുകൾ കുറഞ്ഞതും തൊഴിലാളികളുടെ ശമ്പളത്തിലുള്ള വർദ്ധനവും ആണ് വീടുകളുടെ വില ഉയരാനുള്ള കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. കൂടുതൽ ആളുകൾ വിപണിയിൽ പ്രവേശിക്കുന്ന സാഹചര്യത്തിൽ വില വീണ്ടും ഉയരുമെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.


കഴിഞ്ഞമാസം ഭവന വിപണി 0.3 % വർദ്ധിച്ചതായി ബ്രിട്ടനിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ലെൻഡറായ ഹാലിഫാക്സ് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നു. ജൂലൈയിൽ ആരംഭിച്ച വില വർദ്ധനവ് സെപ്റ്റംബർ മാസവും തുടരുകയായിരുന്നു. ആദ്യമായി വീട് വാങ്ങുന്നവർക്ക് നേഷൻവൈഡ് ബിൽഡിംഗ് സൊസൈറ്റി നൽകുന്ന ആനുകൂല്യങ്ങളും വിപണിയിലെ ഡിമാൻഡ് ഉയരാൻ കാരണമായിട്ടുണ്ട്. ചില മോർട്ട്ഗേജ് സ്ഥാപനങ്ങൾ വരുമാനത്തിന്റെ 6 ഇരട്ടി വരെ മൂല്യത്തിൽ വായ്പ അനുവദിച്ചത് ഉപയോക്താക്കളെ ആകർഷിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്.

നവംബർ മാസത്തിൽ നടക്കാനിരിക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടുത്ത അവലോകന യോഗത്തെയാണ് വിപണി വിദഗ്ധർ ഉറ്റുനോക്കുന്നത് . ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ വീണ്ടും കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് ബാങ്ക് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞിരുന്നു. പലിശ നിരക്കുകൾ കുറയുന്നതനുസരിച്ച് വീടുവാങ്ങാൻ സ്വപ്നം കണ്ടിരുന്നവരിൽ പല മലയാളി കുടുംബങ്ങളും ഉണ്ട്. പക്ഷേ ഡിമാൻഡ് കൂടിയതോടെ വിപണി വില ഉയർന്നത് പലരുടെയും വീട് സ്വന്തമാക്കാനുള്ള സ്വപ്നങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്.