ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിൽ വീട്ടു വാടക വീണ്ടും ഉയർന്നു. ഇതോടെ യുകെയിലെത്തി വാടകയ്ക്ക് കഴിയുന്ന മലയാളികൾ ഉൾപ്പെടെ പ്രതിസന്ധിയിലായി. വിലക്കയറ്റത്തിനൊപ്പം വീട്ടുവാടകയും ഉയർന്നതോടെ കനത്ത ജീവിതചെലവ് പ്രതിസന്ധിയിലായി കുടുംബങ്ങൾ. വാർഷിക വാടക 10.3% വർദ്ധിച്ച് ജുലൈയില്‍ ശരാശരി വാടക 1243 പൗണ്ടെന്ന റെക്കോര്‍ഡിലെത്തി. ലെറ്റിങ് റഫറന്‍സിങ് ആന്‍ഡ് ഇന്‍ഷുറന്‍സ് ഫേമായ ഹോംലെറ്റ് റെന്റല്‍ ഇന്‍ഡെക്സില്‍ നിന്നുള്ള പുതിയ കണക്കുകൾ പ്രകാരം സ്കോട്ട്ലൻഡിൽ 15.8% വാര്‍ഷിക വാടക വര്‍ദ്ധനവ് രേഖപ്പെടുത്തി.

തൊട്ടുപിന്നിൽ ലണ്ടൻ ആണ്. 12.9% വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലണ്ടനില്‍ ജൂലൈയിലെ വാടകയില്‍ മാത്രം 1.9% വര്‍ധനവുണ്ടായി. ഇതോടെ ശരാശരി വാടക 2109 പൗണ്ടായി ഉയർന്നു. ജൂലൈയില്‍ രാജ്യമാകമാനം വാടകയില്‍ 1.1 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുകെയിലെ ശരാശരി വാടകയായ 1037 പൗണ്ടിനേക്കാള്‍ ഏതാണ്ട് 70 ശതമാനം കൂടുതലാണ് ലണ്ടനിലെ വാടകയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

നിലവിലെ സാഹചര്യത്തില്‍ വാടകക്കാർ അവരുടെ വരുമാനത്തിന്റെ 32.1 ശതമാനം വാടക കൊടുക്കാന്‍ വേണ്ടി ചെലവാക്കുന്നു. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ഇത്തരത്തില്‍ ചെലവാക്കിയിരുന്നത് 30.2 ശതമാനമാണ്. രാജ്യത്ത് പലിശ നിരക്കിനൊപ്പം മോർട്ട്ഗേജ്‌ നിരക്കുകളും ഉയരുന്നതിനാൽ പലർക്കും സ്വന്തമായി വീട് വാങ്ങാനാകുന്നില്ല. വീട്ടുവാടക കുത്തനെ ഉയരുന്നതിനാൽ മറ്റ് ചിലവുകൾക്ക് പണം തികയാതെയും വരുന്നു.