സ്വന്തം ലേഖകൻ
യു കെ :- യു കെയിൽ വംശീയ അധിക്ഷേപങ്ങൾ നേരിടുന്നവരെ പിന്തുണച്ച് വൻ പ്രതിഷേധം. ലോക്ക് ഡൗൺ സമയങ്ങളിൽ പോലീസ് കറുത്തവർഗ്ഗക്കാരെ മാത്രം ലക്ഷ്യംവെച്ച് പീഡിപ്പിക്കുന്നതായി പ്രതിഷേധക്കാർ ആരോപിച്ചു. ലണ്ടൻ, കാർഡിഫ്, മാഞ്ചസ്റ്റർ, നോട്ടിങ്ഹാം എന്നീ സ്ഥലങ്ങളിലാണ് ശനിയാഴ്ചയും ഞായറാഴ്ചയും ആയി ശക്തമായ പ്രതിഷേധങ്ങൾ നടന്നത്. യുഎസിലെ മിനസോട്ടയിൽ നടന്ന ജോർജ് ഫ്ലോയ്ഡ് എന്ന കറുത്തവർഗ്ഗക്കാരന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ബ്രിട്ടണിലും പ്രതിഷേധങ്ങൾ നടന്നത്. യുഎസിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ അർപ്പിക്കുന്നതായി പ്രതിഷേധക്കാർ പറഞ്ഞു. ലോക്ക് ഡൗൺ സമയങ്ങളിൽ കറുത്തവർഗ്ഗക്കാർ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ പോലീസ് ശക്തമായി നിരീക്ഷണങ്ങൾ ഏർപ്പെടുത്തുന്നതിനെ പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള ആളുകളിൽ നിന്നു 54 ശതമാനത്തിലധികം പിഴയാണ് ലോക്ക് ഡൗൺ നിയമലംഘനത്തിന് ഈടാക്കിയിരിക്കുന്നത്.
പല സംഘടനകളിലും പ്രവർത്തിച്ചു വരുന്ന കറുത്ത വർഗ്ഗക്കാരായ യുവാക്കളാണ് ബ്രിട്ടണിൽ പ്രതിഷേധങ്ങൾക്ക് തുടക്കംകുറിച്ചത്. യുഎസിലെ പോലെതന്നെ, യുകെയിലും സ്ഥിതിഗതികൾ മെച്ചമൊന്നും അല്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. പ്രതിഷേധക്കാരിൽ ഒരാളായ 18 വയസ്സുകാരി അയ്‌മ ഗാർഡൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ, പത്താം വയസ്സിൽ നൈജീരിയയിൽ നിന്നും ബ്രിട്ടനിലേക്ക് വന്നത് മുതൽ താൻ പലതരത്തിലുള്ള വിവേചനങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞു.
പോലീസുകാരുടെയും ജനങ്ങളുടെയും വിവേചനപരമായ പെരുമാറ്റം മൂലം പല കറുത്തവർഗ്ഗക്കാരുടെയും മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇതിനെതിരെ ഇനിയും പ്രതിഷേധിച്ചില്ലെങ്കിൽ വീണ്ടും ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാകുമെന്ന് പ്രതിഷേധക്കാർ പറയുന്നു. ഇതിനിടയിൽ ഇരുപത്തിമൂന്നോളം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി പോലീസ് അധികൃതർ അറിയിച്ചു.
Leave a Reply