ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

36 മത്സരങ്ങളിൽ തോല്‍വിയറിയാതെ മുന്നേറിയ അര്‍ജന്റീനയുടെ സൗദിക്കെതിരായ തോല്‍വിയില്‍ ഞെട്ടിയത് അവരുടെ ആരാധകർ മാത്രമല്ല, ലോകകപ്പിലെ മറ്റ് എല്ലാ ടീമുകളുടെയും ആരാധകരും കൂടിയാണ്. സൗദി അറേബ്യയോട് 2–1ന്റെ തോല്‍വിയാണ് അർജന്റീന വഴങ്ങിയത്. 2009ന് ശേഷം ഒരു മത്സരത്തിൽ മെസ്സി ഗോളടിച്ചിട്ടും അര്‍ജന്റീന പരാജയപ്പെടുന്നത് ആദ്യമായാണ്. 1958 -ന് ശേഷം ഒരു ലോകകപ്പ് മത്സരത്തിൽ ആദ്യം ഗോളടിച്ച ശേഷം അർജന്റീന തോൽക്കുന്നതും ഖത്തർ ലോകകപ്പിലാണ്. ഒരു ലോകകപ്പ് മത്സരത്തിൽ ആദ്യ പകുതിയില്‍ ലീഡ് ചെയ്തു പിന്നീടു തോറ്റുപോകുന്നത് 1930ന് ശേഷം ആദ്യമായാണ്. ഈ തോൽവി ഭാരത്തെ മെസ്സിയും കൂട്ടരും എങ്ങനെ മറികടക്കും എന്നുള്ളതാണ് ചോദ്യം.

ആദ്യ പകുതിയിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിൽ മുന്നിലെത്തിയ അർജന്റീനയെ രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് സൗദി ഞെട്ടിച്ചത്. ആദ്യ പകുതിയിൽ ഓഫ്‌സൈഡ് കുരുക്ക്. രണ്ടാം പകുതിയിൽ ആക്രമണം. ഇതുവഴി അർജന്റീനയെ തകർക്കുകയായിരുന്നു സൗദി. അർജന്റീനയ്ക്കെതിരെ സൗദി ഒരു മത്സരം ജയിക്കുന്നതും ആദ്യമായാണ്. ലോകകപ്പിൽ ഇതുവരെ കളിച്ചിട്ടുള്ളതിൽ ആകെ നാലു കളികളാണ് സൗദി ജയിച്ചത്.

“ആരാധകർ ഈ ടീമിനെ വിശ്വസിക്കണം. ഞങ്ങൾ അവരെ നിരാശരാക്കില്ല. അർജന്റീനയുടെ ശരിയായ കരുത്ത് കാണിക്കാൻ ഒരുമിച്ചുനിൽക്കേണ്ട സമയമാണിത്” മെസ്സിയുടെ ഈ വാക്കുകളിലാണ് ആരാധകരുടെ നിലനിൽപ്പ്. 27ന് മെക്സിക്കോയ്ക്കെതിരെയാണ് അർജന്റീനയുടെ അടുത്ത പോരാട്ടം