ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂൺ വരെയുള്ള കാലയളവിലെ പണപ്പെരുപ്പം 2 ശതമാനമായി തുടരുകയാണെന്ന കണക്കുകൾ പുറത്തു വന്നു . പണപ്പെരുപ്പം 2 -ൽ നിന്ന് കുറഞ്ഞ് 1.9 ശതമാനമാകുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകൾക്കാണ് മങ്ങലേറ്റിരിക്കുന്നത്. സർവീസ് ഇൻഡസ്ട്രിയുടെ പണപ്പെരുപ്പം 5.7 ശതമാനമാണ്. ഈ സാഹചര്യത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുന്നതിന്റെ സാധ്യതകൾക്ക് മങ്ങലേറ്റേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ അനുമാനിക്കുന്നത് .
2022 ഒക്ടോബർ മാസത്തിൽ 11. 1 ശതമാനമായിരുന്ന പണപ്പെരുപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കടുത്ത ഇടപെടലിലൂടെയാണ് ഘട്ടം ഘട്ടമായി കുറഞ്ഞത്. ഇലക്ഷന് മുമ്പ് തന്നെ പലിശ നിരക്ക് കുറഞ്ഞേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ അവലോകന യോഗത്തിൽ പലിശ നിരക്ക് കുറയുന്നതിനുള്ള അഭിപ്രായം സ്വരൂപിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അവലോകന സമിതിക്കായില്ല. എന്നിരുന്നാലും അടുത്ത വട്ടം പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകൾ ഉണ്ടെന്ന റിപ്പോർട്ടുകൾ ആണ് സാമ്പത്തിക വിദഗ്ധർ പങ്കുവെച്ചത്.
സേവന മേഖലയിലെ ഉയർന്ന പണപ്പെരുപ്പം വൻ തിരിച്ചടിയാണെന്ന അഭിപ്രായം ശക്തമാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചില്ലെങ്കിൽ അത് വീടു വാങ്ങാൻ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ലോൺ എടുക്കാൻ ആഗ്രഹിച്ചിരുന്ന യു കെ മലയാളികൾക്ക് കടുത്ത നിരാശയായിരിക്കും സമ്മാനിക്കുന്നത്. പലിശ നിരക്ക് കുറയും എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഭവന വിപണിയിൽ കഴിഞ്ഞ മാസം തന്നെ വൻ ഉണർവ് സംഭവിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ ഓഗസ്റ്റ് 1 – ന് നടക്കുന്ന ബാങ്കിൻറെ അവലോകന യോഗത്തെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Leave a Reply