ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുക്രൈനിലെ ജനവാസമേഖലകളെ റഷ്യ ലക്ഷ്യമിടുന്നതായി ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജൻസ്. ഹാർകിവ്, ചെർനിഹിവ്, മരിയുപോൾ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലെ ജനവാസമേഖലകളെ ലക്ഷ്യമിട്ടാണ് റഷ്യയുടെ ആക്രമണമെന്നും ഇന്റലിജൻസ് അറിയിച്ചു. മുമ്പ് 1999-ല്‍ ചെച്നിയയിലും 2016-ല്‍ സിറിയയിലും റഷ്യ സമാനമായ ആക്രമണ തന്ത്രങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. എന്നാൽ, യുക്രൈൻ പ്രതിരോധത്തിന്റെ അളവും ശക്തിയും റഷ്യയെ അത്ഭുതപ്പെടുത്തുന്നത് തുടരുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

വലിയ നാശനഷ്ടം വിതയ്ക്കാൻ ശേഷിയുള്ള ആയുധങ്ങളാണ് റഷ്യ ജനവാസമേഖലയിൽ ഉപയോഗിക്കുന്നതെന്ന് ഇന്റലിജൻസ് ആരോപിച്ചു. അതേസമയം, ആരോപണങ്ങൾ എല്ലാം റഷ്യ തള്ളി. ജലവാസമേഖലകള്‍ ലക്ഷ്യമിടുന്നുവെന്ന വാദം റഷ്യ നിഷേധിച്ചു.

ബ്രിട്ടീഷുകാർ യുദ്ധം ചെയ്യാനായി യുക്രൈനിലേക്ക് പോകരുതെന്ന് ബ്രിട്ടീഷ് സായുധ സേനാ മേധാവി സർ ടോണി റഡാകിൻ പറഞ്ഞു. യുകെയിൽ നിന്ന് കഴിയുന്ന രീതിയിൽ സഹായിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ അധിനിവേശം ഇപ്പോൾ ശരിയായ രീതിയിൽ നടക്കുന്നില്ലെന്നും അവരുടെ ശക്തി കുറഞ്ഞു വരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.