ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറച്ചു. നിലവിലെ പലിശ നിരക്കായ 4.5 ശതമാനത്തിൽ നിന്ന് 4.25 ശതമാനമായി ആണ് പലിശ നിരക്കുകളിൽ കുറവ് വരുത്തിയത്. യു എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് നിരക്കുകൾ ഉയർത്തി ആരംഭിച്ച വ്യാപാര യുദ്ധത്തിൽ നിന്ന് യുകെ സമ്പദ് വ്യവസ്ഥയെ കരകയറ്റുന്നതിനാണ് പലിശ നിരക്കുകൾ കുറയ്ക്കുന്ന നടപടി ബാങ്ക് കൈ കൊണ്ടതെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞ ആഗസ്റ്റ് മാസത്തിനുശേഷം ബാങ്ക് നടപ്പിൽ വരുത്തുന്ന നാലാമത്തെ പലിശ നിരക്കുകളിലെ വെട്ടി കുറവാണ് നിലവിൽ നടപ്പിലാക്കിയിരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന ഇൻറർനാഷണൽ മോണിറ്ററി ഫണ്ട് (ഐ എം എഫ് ) ൻ്റെ പ്രവചനം നേരത്തെ മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഐ എം എഫിൻ്റെ പ്രവചനം അനുസരിച്ച് ഈ വർഷം തന്നെ ഇനിയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതയുണ്ട്. ഈ വർഷം ആഗസ്റ്റിൽ നടത്തിയ പലിശ നിരക്കുകളിലെ വെട്ടി കുറവിനു പുറമെ യുകെ സമ്പദ് വ്യവസ്ഥ മന്ദഗതിയിലാകാനുള്ള സാധ്യത ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചൂണ്ടി കാണിച്ചിരുന്നു.
9 അംഗ ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റിയിൽ (എം പി സി ) രണ്ട് പേർ പലിശ നിരക്കുകൾ അര ശതമാനം കുറയ്ക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. മറ്റ് രണ്ട് പേർ നിരക്കുകൾ 4.5 ശതമാനത്തിൽ തന്നെ നിലനിർത്തണമെന്നാണ് വോട്ട് ചെയ്തത്. ഈ രണ്ട് അഭിപ്രായങ്ങൾക്കിടയിലും ബാങ്ക് 0.25 ശതമാനം പലിശ നിരക്കുകൾ കുറയ്ക്കുകയായിരുന്നു. 2026 വരെ പണപ്പെരുപ്പം 2 ശതമാനമെന്ന പ്രഖ്യാപിത ലക്ഷ്യത്തിന് മുകളിൽ തുടരുമെന്ന ആശങ്ക നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചിൻ്റെ റിപ്പോർട്ട് സമീപഭാവിയിലെ പലിശ നിരക്കുകളിൽ കുറവ് വരുത്തുന്നതിനെ ബാധിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. നിലവിൽ പലിശ നിരക്കുകളിൽ കുറവ് വരുത്തുന്നതിൽ പ്രധാന കാര്യം യൂഎസിന്റെ താരിഫ് നയങ്ങളിലെ മാറ്റങ്ങളെ തുടർന്നാണ്. വിദേശ കാറുകൾക്കും സ്റ്റീലിനും ട്രംപ് ഏർപ്പെടുത്തിയ 25% ഇറക്കുമതി ചാർജുകളിൽ നിന്ന് ഇളവുകൾ നേടുന്നതിനുള്ള സാധ്യതയെക്കുറിച്ച് യുകെ വാഷിംഗ്ടണുമായി ചർച്ചകൾ നടത്തിവരികയാണ്.
Leave a Reply