ന്യൂസ് ഡെസ്ക് മലയാളം യുകെ

ജോലിക്കായും വിദ്യാഭ്യാസത്തിനായും ഒട്ടേറെ മലയാളികളാണ് ദിനംപ്രതി യുകെയിൽ എത്തിക്കൊണ്ടിരിക്കുന്നത്. യുകെയിൽ എത്തിച്ചേരുന്ന എല്ലാ മലയാളികളെയും അലട്ടുന്ന ഒരു പ്രധാന കാര്യമാണ് ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് . പലപ്പോഴും മലയാളികൾക്ക് യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് വലിയ കീറാമുട്ടിയാണ്. ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള ആദ്യ പരീക്ഷ വിജയിക്കുന്നവരുടെ എണ്ണത്തിൽ വൻ കുറവ് സംഭവിച്ചതായാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

2007 – 08 കാലത്ത് പരീക്ഷ പാസാക്കുന്നവരുടെ എണ്ണം 65.4 % ആയിരുന്നു. എന്നാൽ 2022 – 23 വർഷത്തിൽ അത് 44.2% ആയി കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. പരീക്ഷയിൽ പരാജയപ്പെടുന്നവർക്ക് എത്ര തവണ വേണമെങ്കിലും എഴുതാമെങ്കിലും പരീക്ഷയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ് ആണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. നിലവിൽ ഏകദേശം 5 ലക്ഷത്തിൽ പരം ആളുകൾ ഡ്രൈവിംഗ് ടെസ്റ്റിന്റെ പരീക്ഷകൾക്കായി കാത്തിരിക്കുന്നതാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. തിയറി പരീക്ഷകൾക്ക് പുറമെ റോഡ് ടെസ്റ്റ് നടത്തുന്നതിനും വിജയശതമാനം കുത്തനെ ഇടിഞ്ഞിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


യുകെയിൽ തന്നെ സ്കോട്ട് ലാൻഡും വെയിൽസുമായി താരതമ്യം ചെയ്യുമ്പോൾ ഇംഗ്ലണ്ടിലാണ് ലൈസൻസ് കിട്ടാൻ ഏറ്റവും ബുദ്ധിമുട്ട് നേരിടുന്നത്. ഇതിൽ തന്നെ ഏറ്റവും കുറവ് വിജയനിരക്ക് യോർക്ക് ഷെയർ ഉൾപ്പെടുന്ന ഹോൺസിയിലാണ് .23.6 ശതമാനമാണ് ഹോൺസിയിലെ വിജയശതമാനം . ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് ആദ്യ ഒരു വർഷം സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാമെങ്കിലും തുടർന്ന് യുകെ ലൈസൻസ് എടുക്കേണ്ടതായി വരും. വിദ്യാർത്ഥികളായി എത്തുന്നവരെ ടെസ്റ്റിനായി മുടക്കേണ്ട ഭീമമായ തുകയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഏകദേശം 1650 പൗണ്ട് ആണ് ഡ്രൈവിംഗ് ടെസ്റ്റിനായി പലരീതിയിൽ വിനിയോഗിക്കേണ്ടതായി വരുന്നത്