ലണ്ടന്‍: ഒരു വശത്തു കോവിഡ് രണ്ടാമത്തെ സംഹാരതാണ്ഡവത്തിൽ വീർപ്പുമുട്ടുന്ന ആരോഗ്യമേഖലയിലെ ജീവനക്കാർ. കോവിദാന്തര ശമ്പളവർദ്ധനവ് നിഷേധിക്കപ്പെട്ട അല്ലെങ്കിൽ തുച്ഛമായ തുക ലഭിച്ച മലയാളികൾ ഉൾപ്പെടുന്ന നഴ്‌സിംഗ് സമൂഹം. വേതന വര്‍ധനയ്ക്ക് മടി കാണിച്ചാലും എന്‍എച്ച്എസ് സ്റ്റാഫിനെ പിഴിയാനുള്ള തീരുമാനം സംബന്ധിച്ച വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതിനു ഏറ്റവും വലിയ തെളിവാണ് എന്‍എച്ച്എസ് സ്റ്റാഫിന് ഹോസ്പിറ്റല്‍ പാര്‍ക്കിംഗ് ഫീസില്‍ 200% വര്‍ദ്ധന.

പാര്‍ക്കിംഗ് ഫീസില്‍ വമ്പിച്ച വര്‍ദ്ധനയോടെ മലയാളി നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ ആയിരക്കണക്കിന് എന്‍എച്ച്എസ് ജീവനക്കാരുടെ പോക്കറ്റ് കാലിയാവുന്ന വാർത്തയാണ് പുറത്തുവരുന്നത്. എന്‍എച്ച്എസ് ജീവനക്കാര്‍ക്കുള്ള ആനുവല്‍ പാര്‍ക്കിംഗ് പെര്‍മിറ്റുകളില്‍ 200 ശതമാനം വര്‍ദ്ധനവ് വരുന്നതായ ആഭ്യന്തര രേഖ ചോര്‍ന്നതോടെയാണ് എന്‍എച്ച്എസ് സ്റ്റാഫിനെ കാത്തിരിക്കുന്ന ഇരുട്ടടി പുറത്തുവന്നത്. ഇതോടെ പുതിയ പെര്‍മിറ്റുകള്‍ക്ക് 1440 പൗണ്ട് വരെ ചെലവ് വരും. ഡിസമ്പർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും എന്നാണ് രേഖ പറയുന്നത്.

എന്‍എച്ച്എസില്‍ 30 വര്‍ഷക്കാലം ജോലി ചെയ്ത സീനിയര്‍ നഴ്‌സിന്റെ വാർഷിക പാര്‍ക്കിംഗ് ചാര്‍ജ്ജ് 240 പൗണ്ടില്‍ നിന്നും 720 പൗണ്ടായി ഉയരും. ‘നഴ്‌സുമാരെന്ന നിലയില്‍ മോശം അനുഭവങ്ങളാണ് നേരിടുന്നത്, യഥാര്‍ത്ഥ ശമ്പള വര്‍ദ്ധന പോലുമില്ല.

മാനസികമായി മോശം അവസ്ഥയിലാണ്. ഹോസ്പിറ്റല്‍ ഒരു തരത്തിലും ഞങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നത് ഒരു യാഥാർത്യമാണ്, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു നഴ്‌സ് വാർത്തയോട് പ്രതികരിച്ചു.

തന്റെ സഹജീവനക്കാരും ഈ വിഷയത്തില്‍ രോഷാകുലരാണെങ്കിലും വിവരങ്ങള്‍ പുറത്തുപറയുന്നവര്‍ക്ക് എന്‍എച്ച്എസില്‍ ലഭിക്കുന്ന ‘നന്ദിപ്രകടനം’ അത്ര സുഖകരമല്ലാത്തതിനാലാണ് പലരും മിണ്ടാതിരിക്കുന്നതെന്നും നഴ്‌സ് വ്യക്തമാക്കി.

കോവിഡിന്റെ രണ്ടാം വ്യാപനത്തിന്റെ മധ്യത്തിലും ധീരമായി പൊരുതുന്ന എന്‍എച്ച്എസ് ജീവനക്കാരുടെ മുഖത്തുള്ള അടിയാണ് ഇതെന്ന് ലേബര്‍ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോന്നാഥന്‍ ആഷ്‌വര്‍ത്ത് പ്രതികരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹാന്‍കോക് പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണം എന്ന് ആഷ്‌വര്‍ത്ത് ആവശ്യപ്പെട്ടു. ഫ്രീ പാര്‍ക്കിംഗ് അനിശ്ചിതമായി നീട്ടാന്‍ കഴിയില്ലെന്ന് ഒരു ഹെല്‍ത്ത് മിനിസ്റ്റര്‍ വ്യക്തമാക്കിയിരുന്നു. പുതിയ പെര്‍മിറ്റുകളും, വിലയും ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രസ്തുത ട്രസ്റ്റിലെ ജീവനക്കാരെ അറിയിച്ചിരിക്കുന്നത്.

എന്‍എച്ച്എസ് ജീവനക്കാരെ വിലക്കയറ്റത്തില്‍ നിന്നും രക്ഷിക്കാന്‍ സർക്കാർ പ്രത്യേക നടപടി സ്വീകരിച്ചിട്ടുമില്ല. ലണ്ടന്‍ കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റാണ് പാര്‍ക്കിംഗ് ഫീ വര്‍ദ്ധന സംബന്ധിച്ച് ജീവനക്കാര്‍ക്ക് ഇമെയില്‍ അയച്ചത്.

ചില രോഗികള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് വര്‍ദ്ധനയ്ക്ക് പിന്നിലെന്ന് ട്രസ്റ്റ് കുറ്റപ്പെടുത്തി. ടോറി പ്രകടനപത്രിക അനുസരിച്ച് പുതുവര്‍ഷം മുതല്‍ വികലാംഗര്‍ക്കും, നൈറ്റ് ഷിഫ്റ്റിനെത്തുന്ന ജീവനക്കാര്‍ക്കും ഉള്‍പ്പെടെ ചില ഗ്രൂപ്പുകള്‍ക്ക് ഫ്രീ പാര്‍ക്കിംഗ് നല്‍കേണ്ടതാണ്. കാര്‍ പാര്‍ക്കിംഗ് പാര്‍ട്ണര്‍ഷിപ്പാണ് എന്‍എച്ച്എസ് ഹോസ്പിറ്റലുകളിലെ പാര്‍ക്കിംഗ് ലോട്ട് കൈകാര്യം ചെയ്യുന്നത്. പിതൃസ്ഥാപനമായ പാർക്കിംഗ് ഐ ക്ക് കിട്ടുന്നതിന്റെ 80 ശതമാനവും ലഭിക്കുന്നത്. 2018 ൽ മുൻ ഓണർ ആയ ക്യാപിറ്റ എന്ന കമ്പനിക്ക് ഡിവിഡന്റ് ആയി നൽകിയത് അഞ്ച് മില്യൺ ആണ് എന്ന് കമ്പനി റെക്കോഡുകൾ പറയുന്നു.

സൗജന്യ പാര്‍ക്കിംഗ് തുടരാനാവില്ലെന്ന് സമ്മറില്‍ ഹെല്‍ത്ത് മിനിസ്റ്റര്‍ മുന്നറിയിപ്പേകിയിരുന്നു. എന്നാല്‍ സൗജന്യ പാര്‍ക്കിംഗ് എപ്പോള്‍ അവസാനിക്കുമെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നുമില്ല. വാർത്ത പുറത്തുവന്നതോടെ ഇതുമായി ചോദ്യങ്ങളോടെ അധികൃതർ പ്രതികരിച്ചത് ഇങ്ങനെ. സൗജന്യ പാർക്കിംഗ് ആണ് ഫീ കൂട്ടുവാനുള്ള പ്രധാന കാരണമെന്നും അറിയിച്ചു. സംഭവം വിവാദമായതോടെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വർദ്ധനവ് നടപ്പാക്കുന്നില്ല എന്നാണ് ട്രസ്റ്റ് പറഞ്ഞത്.

ഇതേസമയം പാർക്കിംഗ് ഫീ വർദ്ധനവുമായി പാർക്കിംഗ് ഐ ക്ക് ബന്ധമില്ലെന്നും തീരുമാനിക്കുന്നത് ട്രസ്റ്റുകൾ ആണ് എന്നുമാണ് വാർത്തയുമായി ബന്ധപ്പെട്ട പ്രതികരണം.