ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ തൊഴിൽ വിപണിയിൽ ജോലി ഒഴിവുകൾ കുറയുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎൻഎസ്) പുതിയ ഡേറ്റകൾ പറയുന്നു. മെയ് മുതൽ ജൂലൈ വരെയുള്ള കാലയളവിൽ തൊഴിൽ ഒഴിവുകൾ 5.8% കുറഞ്ഞ് 718,000 ആയി. 2021 ന്റെ തുടക്കത്തിൽ രാജ്യം കോവിഡ് മഹാമാരിയിൽ നിന്ന് കരകയറിയതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. ശമ്പളപ്പട്ടികയിലുള്ള ആളുകളുടെ എണ്ണത്തിലും നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ട്, ജൂൺ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ 8,000 ജീവനക്കാരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തൊഴിലില്ലായ്മ നിരക്ക് 4.7% ൽ തന്നെ തുടരുകയാണ്. രാജ്യവ്യാപകമായി 30 ദശലക്ഷത്തിലധികം തൊഴിലാളികളെ ശമ്പളപ്പട്ടിക ഇപ്പോഴും ഉൾക്കൊള്ളുന്നുണ്ടെന്ന് മുൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നയരൂപീകരണ വിദഗ്ദ്ധൻ ആൻഡ്രൂ സെന്റൻസ് ചൂണ്ടിക്കാട്ടി. ബിസിനസ് ചെലവുകളിലെ സമീപകാല വർദ്ധനവാണ് തൊഴിൽ ഒഴിവുകളിലെ ഈ കുറവിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
ഏപ്രിലിൽ, നാഷണൽ ലിവിംഗ് വേജ് മണിക്കൂറിൽ £11.44 ൽ നിന്ന് £12.21 ആയി ഉയർന്നിരുന്നു. അതേസമയം തൊഴിലുടമകളുടെ നാഷണൽ ഇൻഷുറൻസ് സംഭാവനകൾ 13.5% ൽ നിന്ന് 15% ആയി വർദ്ധിച്ചിട്ടുണ്ട്. ഊർജ്ജ, ഭക്ഷ്യ ചെലവുകളുടെ വർദ്ധനവും ബിസിനസുകളിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. പല സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണത്തിൽ വെട്ടികുറയ്ക്കലുകൾ നടത്തിയിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിലാണ് ശമ്പളപ്പട്ടികയിലെ കുറവ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതെന്ന് പഠനം പറയുന്നു. വർദ്ധിച്ച് വരുന്ന ചിലവുകളുടെ സാഹചര്യത്തിൽ കമ്പനികൾ ജാഗ്രത പാലിക്കുന്നുണ്ടെങ്കിലും വലിയ തോതിലുള്ള വെട്ടികുറയ്ക്കലുകൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.
Leave a Reply