സ്വന്തം ലേഖകൻ

ബ്രിക്സ്റ്റൺ : ബ്രിക്സ്റ്റണിൽ ഇന്നലെ രാത്രി നടന്ന അനധികൃത പാർട്ടിയിൽ സംഘർഷം. ജനങ്ങളുമായി ഏറ്റുമുട്ടിയ 22 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഏഞ്ചൽ ടൗൺ എസ്റ്റേറ്റിനടുത്തുള്ള ഓവർട്ടൺ റോഡിൽ നടന്ന സംഗീത പരിപാടിയിൽ ആയിരങ്ങളാണ് ഒത്തുകൂടിയത്. സംഘർഷത്തെ തുടർന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും പങ്കെടുത്ത രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതര പരിക്കുകളില്ല. ഏറ്റുമുട്ടലിനിടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. “ഭയാനകമായ രംഗങ്ങളായിരുന്നു ഇന്നലെ രാത്രി അരങ്ങേറിയത്. പോലീസിനെതിരായ അതിക്രമങ്ങൾ അനുവദിക്കില്ല. ” ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. ആളുകൾ പ്രദേശം വിടാൻ വിസമ്മതിച്ചതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. പോലീസ് വാഹനങ്ങളും തല്ലിത്തകർക്കുകയുണ്ടായി.

പോലീസ് പോയതിനുശേഷം, കാണികളിൽ ചിലർ പരസ്പരം പോരടിക്കുന്നതായി വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ആക്രമണം അങ്ങേയറ്റം നിന്ദ്യമായിരുന്നുവെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. “ഇത് തീർത്തും നീചമായ പ്രവർത്തിയാണ്. കഴിഞ്ഞ വാരാന്ത്യത്തിൽ, രാജ്യം മുഴുവൻ നമ്മുടെ പോലീസ് ഉദ്യോഗസ്ഥരെ പ്രശംസിക്കാൻ ഒത്തുചേർന്നിരുന്നു. ഞാൻ ഉടൻ തന്നെ മെറ്റ് കമ്മീഷണറെ സമീപിക്കും.” അവർ ട്വീറ്റ് ചെയ്തു. പോലീസിനെതിരായ അതിക്രമങ്ങൾ അനുവദിക്കില്ലെന്നും കോവിഡ് 19തിനിടയിലുള്ള ഒത്തുചേരലുകൾ നിരുത്തരവാദപരവും മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്തുന്നതുമാണെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു.

വ്യാഴാഴ്ച പുലർച്ചെയാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്. രോഗഭീതി നിലനിൽക്കുന്ന ഈ സമയത്ത് വലിയ ഒത്തുച്ചേരലുകൾ ആശങ്ക വിതയ്ക്കുകയാണ്. രോഗം പടരാതിരിക്കാനും എൻ‌എച്ച്‌എസിനെ സംരക്ഷിക്കാനുമായി പൊതുജനങ്ങൾ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഞങ്ങളുടെ കടമയെന്ന് മെറ്റ് പോലീസ് കമാൻഡർ കോളിൻ വിൻ‌ഗ്രോവ് പറഞ്ഞു. നിയമവിരുദ്ധമായ സമ്മേളനങ്ങൾക്കെതിരെ കർശന നിയന്ത്രണങ്ങൾ സ്വീകരിക്കുവാൻ പോലീസ് ഒരുങ്ങുകയാണ്.