ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മ്യൂണിക് : റഷ്യയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്താൻ ജി 7 രാജ്യങ്ങള്‍. മ്യൂണിക്കില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായി. യുകെ, യുഎസ്, കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങൾ റഷ്യയുടെ സ്വർണ ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തി. മറ്റ് ജി 7 രാജ്യങ്ങളായ ജർമ്മനി, ഫ്രാൻസ്, ഇറ്റലി എന്നിവരും ഈ നീക്കത്തിൽ പങ്കാളികളാകണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിർദ്ദേശിച്ചു. യുക്രെയ്ന്‍ അധിനിവേശത്തിന്‍റെ പേരില്‍ റഷ്യയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാനാണ് ജി7 അംഗരാജ്യങ്ങളുടെ നീക്കം. റഷ്യന്‍ സ്വര്‍ണം ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്നത് ബ്രിട്ടനാണ്. എണ്ണ കഴിഞ്ഞാല്‍ റഷ്യയുടെ മുഖ്യവരുമാനമാർഗമാണ് സ്വർണകയറ്റുമതി.
പുടിൻ ഭരണകൂടത്തിന്റെ വരുമാന മാർഗങ്ങൾ തടസ്സപ്പെടുത്തണമെന്ന് ബോറിസ് ജോൺസൻ പറഞ്ഞു. 13.5 ബില്യൺ പൗണ്ടിന്റെ റഷ്യൻ കയറ്റുമതിക്ക് വിലക്ക് ബാധകമാകും. സ്വർണ്ണ ഇറക്കുമതി നിരോധനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും അടുത്ത ആഴ്ചകളിൽ പാർലമെന്റിൽ നിയമം കൊണ്ടുവരുമെന്നും യുകെ അറിയിച്ചു. റഷ്യയിൽ നിന്ന് മുൻപ് എത്തിയ സ്വർണത്തെ ഇത് ബാധിക്കില്ല.
ക്രെംലിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി യുക്രെയ് നില്‍ നിന്ന് പിന്‍മാറ്റാനാണ് വന്‍ശക്തി രാജ്യങ്ങള്‍ ശ്രമിക്കുന്നത്. അതേസമയം, റഷ്യയിൽ നിന്നുള്ള സ്വർണത്തിന് വിലക്ക് ഏർപ്പെടുത്തുന്നതോടെ ബ്രിട്ടനിൽ സ്വർണ വില ഉയരുമെന്ന ആശങ്കയുണ്ട്. സ്വർണത്തിനോട് കൂടുതൽ താല്പര്യമുള്ള മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഈ തീരുമാനം പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന് വരും ആഴ്ചകളിൽ അറിയാം.
Leave a Reply