എബ്രഹാം

സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെയും, തീവ്രദേശീയതക്ക് എതിരായി നിലകൊണ്ടതിന്റെയും പേരില്‍ സംഘപരിവാര്‍ തീരുമാനം അനുസരിച്ചു നാഥുറാം ഗോഡ്സെയുടെ കരങ്ങളാല്‍ ദാരുണമായി കൊലചെയ്യപ്പെട്ട ഇന്ത്യയുടെ രാഷ്ട്രപിതാവും ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ മനുഷ്യസ്‌നേഹികളില്‍ ഒരാളുമായിരുന്ന മഹാത്മാ ഗാന്ധിയെ അനുസ്മരിച്ചു കൊണ്ട് ചേതന യു.കെയുടെ ഓക്സ്ഫോര്‍ഡ് യൂണിറ്റ് ജനുവരി 26ന്റെ റിപ്പബ്ലിക്ക് ദിനകൂട്ടായ്മ സംഘടിപ്പിച്ചു. തീവ്രദേശീയതക്കും, സാംസ്‌കാരിക ഫാസിസത്തിനും, നമ്മുടെ സമൂഹത്തില്‍ വളര്‍ന്നു വരുന്ന വര്‍ഗ്ഗീയ ചിന്തകള്‍ക്കുമെതിരായുള്ള പോരാട്ടങ്ങള്‍ക്കു ശക്തി പകരുന്നതാവട്ടെ ഓരോ റിപ്പബ്ലിക്ക് ദിനാചരണങ്ങളുമെന്ന് പങ്കെടുത്ത അംഗങ്ങളെല്ലാം അഭിപ്രായപ്പെട്ടു.

മതനിരപേക്ഷതയും ജനാധിപത്യ ബോധവും നമ്മുടെ സാമൂഹ്യ പരിസരങ്ങളില്‍ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ക്ക് മുന്‍കൈ എടുക്കാന്‍ ചേതന യു.കെ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖാപിച്ചുകൊണ്ട് ചേതന യു.കെ സെക്രട്ടറി ലിയോസ് പോള്‍ മുഖ്യ പ്രഭാഷണം നടത്തി. ചേതന യു.കെ ഓക്സ്ഫോര്‍ഡ് യൂണിറ്റ് സെക്രട്ടറി എബ്രഹാം സ്വാഗതവും, ചേതന യു.കെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷാജി സ്‌കറിയ നന്ദിയും പറഞ്ഞു.