ടോം ജോസ് തടിയംപാട്
തൊടുപുഴ ,മുട്ടംകാരൻ ബിനോയിയും മക്കളും ഇംഗ്ലണ്ടിൽ മാത്രമല്ല ബാഴ്സലോണയിലും താരങ്ങളായി .
സ്പെയിനിലെ ബാർസലോണയിലെ കനാൽ ഒളിമ്പിയയിൽ കഴിഞ്ഞ 18 ,19 തീയതികളിൽ നടന്ന അഞ്ചാമത് ബാർസലോണ ഡ്രാഗൺ ബോട്ട് ഫെസ്റ്റിൽ ലിവർപൂൾ അമത്തസ് ഡ്രാഗൺ ബോട്ട് ക്ലബ്ബിനൊപ്പം ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് ലിവർപൂൾ ബെർക്കിൻഹെഡിൽ താമസിക്കുന്ന തൊടുപുഴ ,മുട്ടംകാരൻ ബിനോയിയും മക്കളും ഇംഗ്ലണ്ടിൽ മാത്രമല്ല ബാഴ്സലോണയിലും താരങ്ങളായി .
മത്സരത്തിൽ 40 ഓളം ടീമുകളോട് ഇഞ്ചോടിഞ്ച് പോരാടിയത് , 500 മീറ്റർ ഓപ്പൺ റെയ്സില്‍ രണ്ടാം സ്ഥാനവും 200 മീറ്റർ റേസിൽ മൂന്നാം സ്ഥാനവും 200 മീറ്റർ മിക്സഡ് റേസിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ടീം അമത്തസ് ബ്രിട്ടന്റെ പേര് വാനോളം ഉയർത്തുന്നതിൽ ബിനോയിയും മക്കളും വലിയപങ്കാണു വഹിച്ചത്. ബ്രിട്ടനെ കൂടാതെ അമേരിക്ക, കാനഡ, ഫ്രാൻസ്, ഇറ്റലി, ക്രൊയേഷ്യ, ഖത്തർ, ബ്രസീൽ, ഓസ്ട്രിയ, അയർലൻഡ്, സ്പെയിൻ, യു എ ഇ, ജർമ്മനി, സ്ലോവാക്കിയ ,നെതർലാൻഡ് എന്നിങ്ങനെ 25 ഓളം രാജ്യങ്ങളും 1000 ത്തിലധികം തുഴച്ചിലുകാരും പങ്കെടുത്ത രണ്ടു ദിവസം നീണ്ട മൽസരത്തിൽ മിന്നുന്ന പ്രകടനമാണ് അമത്തസ് ടീം കാഴ്ച്ചവച്ചത്.
അമത്തസ് ഫാമിലിയിലെ 22 പേർ മാത്രമാണ് മൽസരത്തിൽ പങ്കെടുക്കുവാൻ ബാഴ്സലോണയിൽ എത്തിയത്. ഇംഗ്ലണ്ട് ടീമിൻ്റെ ചീഫ് കോച്ചായ ഡേവ് ബാങ്ങിൻ്റെ നേതൃത്വത്തിലാണ് ടീം അമർത്തസ് മത്സരങ്ങളിൽ പങ്കെടുത്തത്. നാല്പതോളം നാഷണാലിറ്റിയിലുള്ള ആയിരത്തിലധികം തുഴച്ചിലുകാരിൽ ബിനോയിയും മക്കളായ ആൽവിനും ആൽഡിനും മാത്രമായിരുന്നു ഇന്ത്യാക്കാരായി ഉണ്ടായിരുന്നത് എന്നത് ശ്രദ്ദേയമായ ഒരു കാര്യം തന്നെയാണ്.
രണ്ടാഴ്ച്ച മുമ്പ് സ്റ്റോക്ക്ടണിൽ വച്ച് നടന്ന യുകെ നാഷണൽ വള്ളംകളി മൽസരത്തിലും 200 മീറ്ററിലും 500 മീറ്ററിലും 2000 മീറ്ററിലും അമത്ത സിനൊപ്പം മൽസരിച്ച് ദേശീയ ചാമ്പ്യന്മാരായിരുന്നു. 2022 ജൂണിൽ നീണ്ട കാലത്തെ കുവൈറ്റ് പ്രവാസ ജീവിതം അവസാനിപ്പിച്ച് യുകെയിലേയ്ക്ക് കുടുംബ സമേതം കുടിയേറിയ ബിനോയിയേയും മക്കളേയും വന്നതിൻ്റെ പിറ്റേന്ന് തന്നെ വള്ളംകളിയിൽ ചേർത്തത് പ്രോത്സാഹിപ്പിച്ചത് യുകെ മലയാളികൾക്കിടയിൽ അറിയപ്പെടുന്ന അന്നത്തെ വിരാൾ മലയാളി കമ്മ്യൂണിറ്റി പ്രസിഡൻ്റ് ജോഷി ജോസഫ് ആയിരുന്നു. തോമസ് കുട്ടി ഫ്രാൻസിസിൻ്റെ നേതൃത്വത്തിലുള്ള ലിവർപൂൾ ജവഹർ ബോട്ട് ക്ലബ്ബിൽ പരിശീലനം നേടിയ ബിനോയിയും മക്കളും ആ വർഷത്തെ യുക്മ വള്ളംകളിയിൽ ഹാട്രിക് കിരീടം നേടിയിരുന്നു. തുടർന്ന് ഇംഗ്ലീഷ് ടീമായ അമത്തസ് ടീമിൽ മെമ്പർമാരായി മാറിയ ബിനോയിയും മക്കളും അതിശൈത്യത്തിലും പരിശീലനം നടത്തിയാണ് മൽസരങ്ങളിൽ പങ്കെടുക്കുന്നത്. കൂടാതെ ആൽവിനും ആൽഡിനും ബ്രിട്ടീഷ് നാഷണൽ ടീമിൻ്റെ പരിശീലനങ്ങളിൽ പങ്കെടുത്ത് അടുത്ത വർഷത്തെ അണ്ടർ 24 ലോകകപ്പിലേക്കുള്ള പ്രിപ്പറേഷനിലാണ്.
വള്ളംകളിയിൽ മാത്രമല്ല വടം വലിയിലും നിരവധി അന്താരാഷ്ട്ര മൽസരങ്ങളിൽ പങ്കെടുത്തിട്ടുള്ള ബിനോയി മുട്ടം കഴിഞ്ഞ ഒന്നര വർഷക്കാലമായി ലീവർപൂൾ ടൈഗേഴ്സ് വടം വലി ടീമിൻ്റെ മുഖ്യ പരിശീലകനായിരുന്നു. ഇന്നലെ നടന്ന യു.കെ.കെ.സി.എ നടത്തിയ വടംവലി മത്സരത്തിൽ രണ്ടാം സ്ഥാനവും നേടി . ഈ വർഷം മുതൽ ടീം ലിവർപൂൾ എന്ന പുതിയ ടീം സ്വന്തമായി രൂപീകരിച്ച് യുകെയിലെ വടം വലിരംഗത്ത് സജീവമായി രംഗത്തുണ്ട്..
ഒരു നല്ല ചെണ്ടമേളക്കാരനായ ബിനോയിയും മക്കളും മലയാളി പരിപാടിയിൽ ചെണ്ടമേളവുമായി അണിനിരക്കുമ്പോൾ മലയാളി ആഘോഷങ്ങൾ തൃശൂർ പൂരമായി പരിണമിക്കുന്നു എന്നത് ഒരു വാസ്തവമാണ്.
ഇടുക്കി , തൊടുപുഴ, നെല്ലിക്കുഴിയിൽ കുടുംബാംഗമായ ബിനോയിയുടെ മക്കളായ അൽവിനും ,ആൽഡിനും കായികമത്സരങ്ങളിൽ അപ്പനോടൊപ്പം കട്ടക്കു നിൽക്കുമ്പോൾ തന്നെ കലാമത്സരങ്ങളിലും ഇവർ പുറകിലല്ല. ലിവർപൂളിലെ വിവിധ സ്റ്റേജുകളിൽ ഇവർ നടത്തിയ ഡാൻസുകൾ കാണികളുടെ നിലക്കാത്ത കൈയടിയാണ് നേടിയിട്ടുള്ളത് .
ലിവർപൂൾ എൻഎച്ച്എസ് റോയൽ ഹോസ്പിറ്റലിൽ ഡൊമസ്റ്റിക് അസിസ്റ്റൻ്റായി ജോലി ചെയ്യുന്ന ബിനോയി തിരക്കിനിടയിലും സമയം കണ്ടെത്തി എഫ് ഗ്യാസ് എഞ്ചിനീയറിങ്ങും പാസായി. ഇപ്പോൾ വിരാൾ മെറ്റ് കോളേജിൽ ഗ്യാസ് എഞ്ചിനീയർ ആകാൻ പഠിച്ചു കൊണ്ടിരിക്കുന്നു. ആൽവിൻ ഗ്യാപ് ഈയറിലാണ്. ബയോ മെഡിക്കൽ സയൻസ് എടുക്കാനാണ് താൽപര്യം. ഇപ്പോൾ റോയൽ ലിവർപൂൾ ഹോസ്പിറ്റലിൽ കാറ്ററിങ്ങ് അസിസ്റ്റൻ്റായി ജോലി ചെയ്യുന്നു. ആൽഡിൻ സെൻ്റ് ജോൺ പ്ലസിങ്ങ്ടൺ സ്ക്കൂളിൽ 12-ാം ക്ലാസ് വിദ്യാർത്ഥിയാണ്.
Leave a Reply