ബിനോയി ജോസഫ്

നന്മയുടെ പുസ്തകത്തിൽ ഇവരുടെ പേരുകൾ എഴുതിച്ചേർക്കപ്പെടും.. കാരുണ്യത്തിന്റെ നീരുറവ വറ്റാത്ത യുവതലമുറയുടെ  പ്രതീകങ്ങളായി, ജനമനസുകളുടെ സ്നേഹസാന്ത്വനമായി അവർ മാറുകയാണ്.. ജീവകാരുണ്യ പ്രവർത്തങ്ങളിൽ ഏവർക്കും മാതൃകയാവുകയാണ് യുകെയിലെ മലയാളി ദമ്പതികളായ ബിജു ചാക്കോയും ലീനുമോളും. പൂർണ പിന്തുണയുമായി ബിജുവിൻറെ അമ്മയും സഹോദരൻ ബിജോയിയും സഹോദരിമാരുമുണ്ട്. ഓർമ്മകളിൽ മാത്രം ജീവിക്കുന്ന പ്രിയപ്പെട്ട അച്ചാച്ചൻറെ സ്മരണയിൽ ലിങ്കൺ ഷയറിലെ ഗ്രിംസ്ബിയിൽ താമസിക്കുന്ന ബിജു ചാക്കോയും പത്നി ലീനു മോളുമാണ് പാവപ്പെട്ടവർക്കായി ഭവനങ്ങൾ ഒരുക്കുന്നത്. കോട്ടയം മാഞ്ഞൂരിലാണ് നാടിൻറെ ഉത്സവമായി മാറുന്ന ഈ ജീവകാരുണ്യ സംരംഭം ഫലപ്രാപ്തിയിലെത്തുന്നത്.  ലോകത്തിനു മുഴുവൻ മാതൃകയാവുന്ന ഈ സുമനസുകളെ അനുഗ്രഹാശിസുകൾ കൊണ്ട് മൂടുകയാണ് സുഹൃത്തുക്കൾ.

ഭവനരഹിതരായ അഞ്ചു കുടുംബങ്ങൾക്ക് സുരക്ഷിതമായുറങ്ങാൻ ഒരു കൊച്ചു ഭവനം സമ്മാനമായി നല്കാൻ കഴിഞ്ഞതിൽ ദൈവത്തോടു നന്ദി പറയുകയാണ് ബിജു ചാക്കോയും ലീനുമോളും. ബിജുവിൻറെ പിതാവ് എം.കെ ചാക്കോ മൂശാരിപറമ്പിലിൻറെ ഓർമ്മയ്ക്കായി, അദ്ദേഹത്തിൻറെ പത്താം ചരമവാർഷികത്തോട് അനുബന്ധിച്ചാണ് കോട്ടയം മാഞ്ഞൂർ പഞ്ചായത്തിൽ ഈ സ്നേഹഭവനങ്ങൾ ഒരുങ്ങുന്നത്. മക്കൾ ചെയ്യുന്ന സൽപ്രവൃത്തികൾക്ക് നേതൃത്വം കൊടുക്കാൻ ബിജുവിൻറെ അമ്മ മറിയാമ്മ ചാക്കോ സന്തോഷത്തോടെ മുന്നിൽ തന്നെയുണ്ട്. ഭവന നിർമ്മാണ കമ്മിറ്റിയുടെ രക്ഷാധികാരിയാണ് മറിയാമ്മ ചാക്കോ.

പതിനാറ് വർഷങ്ങൾക്കു മുൻപാണ് ബിജുവും ലീനുമോളും യുകെയിലേയ്ക്ക് കുടിയേറിയത്. 2001 ൽ യുകെയിൽ എത്തിയ ഇരുവരും ബി എസ് സി നഴ്സുമാരാണ്. ഇവർക്ക് നാല് ആൺകുട്ടികൾ ഉണ്ട്. ഇയർ 7 ൽ പഠിക്കുന്ന ജെയ്ക്ക്, ഇയർ 5 ൽ പഠിക്കുന്ന ജൂഡ്, ഇയർ 3 ൽ പഠിക്കുന്ന എറിക്  പിന്നെ നഴ്സറി വിദ്യാർത്ഥിയായ ഏബൽ. നഴ്സിംഗ് ജോലിയോടൊപ്പം യു കെയിൽ ചെറിയ ബിസിനസ് സംരംഭങ്ങൾക്ക് തുടക്കമിട്ട ഇവർ പടിപടിയായി വിവിധ ബിസിനസ് മേഖലകളിൽ വിജയക്കൊടി പാറിച്ചു കഴിഞ്ഞു. ഡുറം വിൻഗേറ്റിലുള്ള  ഡിവൈൻ കെയർ സെന്റർ ഇവരുടെ ഉടമസ്ഥതയിലുള്ള എൽബാ ഹെൽത്ത് കെയറിൻറെ ഭാഗമാണ്. യുകെയിൽ റീറ്റെയിൽ ബിസിനസ് ആരംഭിച്ച ധാരാളം മലയാളികൾക്ക് വേണ്ട സഹായങ്ങളും നിർദ്ദേശങ്ങളും നൽകാറുണ്ട്. യുകെയിലെ ക്നാനായ സഭയുടെ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലാണ് ബിജുവും കുടുംബവും. സാമൂഹിക സംസ്‌കാരിക രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച ഇവർക്ക് യുകെയിലും പുറത്തും വളരെ വലിയ ഒരു സുഹൃദ് വലയവുമുണ്ട്. കവിതയെയും സംഗീതത്തെയും സ്നേഹിക്കുന്ന ബിജുവും ലീനുമോളും യുകെയിലെ മിക്ക ഇവന്റുകളിലും നിറസാന്നിധ്യമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാവപ്പെട്ടവരോട് എന്നും അനുകമ്പയോടെ സാമൂഹിക രംഗത്ത് പ്രവർത്തിച്ചിരുന്ന തൻറെ പിതാവിൻറെ പ്രവർത്തന മാതൃകയാണ്, പാവപ്പെട്ടവർക്ക് സൗജന്യ ഭവനപദ്ധതി എന്ന ആശയത്തിലേക്ക് തന്നെ നയിച്ചത് എന്ന് ബിജു ചാക്കോ പറഞ്ഞു. മാഞ്ഞൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്, ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡൻറ്, ചാമക്കാല സെന്റ് ജോൺസ് കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം പരേതനായ എം.കെ ചാക്കോ മൂശാരിപറമ്പിൽ കാഴ്ച വച്ചിട്ടുണ്ട്. ബിജുവിൻറെ സഹോദരൻ ബിജോയി ചാക്കോയും  കുടുംബവും അമേരിക്കയിലാണ്. സഹോദരിമാരായ മിനിയും മേഴ്സിയും യുകെയിൽ ജോലി ചെയ്യുന്നു. മറ്റൊരു സഹോദരി സിസ്റ്റർ ഫ്രാൻസി മോനിപ്പള്ളി എം.യു. എം ഹോസ്പിറ്റലിൻറെ അഡ്മിനിസ്ട്രേറ്റർ ആണ്.

ജൂൺ 11 ന് എം.കെ ചാക്കോ അനുസ്മരണവും ഹോം ഫോർ ഹോംലെസ് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച അഞ്ചു വീടുകളുടെ താക്കോൽ ദാനവും നടക്കും. രാവിലെ 10 മണിക്ക് ചാമക്കാല സെന്റ് ജോൺസ് പള്ളിയിൽ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിൻറെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് മുൻ കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വീടുകളുടെ താക്കോൽ ദാന കർമ്മം നിർവ്വഹിക്കും. ചാമക്കാല ഇടവക വികാരി ഫാ. ജോസ് കടവിൽച്ചിറ സമ്മേളനത്തിൽ സ്വാഗതമാശംസിക്കും. മോൻസ് ജോസഫ് എം.എൽ.എ, പി.കെ ബിജു എം.പി, മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺ നീലംപറമ്പിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലൂക്കോസ് മാക്കിൽ എന്നിവർ പ്രസംഗിക്കും. ബിജു ചാക്കോ നന്ദി പ്രകാശനം നടത്തും.

യുകെ മലയാളികൾക്കെല്ലാം മാതൃകയായി മാറുന്ന ഈ ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നല്കുന്ന ബിജു ചാക്കോയ്ക്കും ലീനുമോൾക്കും മലയാളം യുകെ ന്യൂസ് ടീമിൻറെ അഭിനന്ദനങ്ങൾ.

Read more.. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീ ബോധമുണര്‍ന്നപ്പോള്‍ അറിഞ്ഞത് മകളുടെ മരണവാര്‍ത്ത