ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : വാറ്റ്‌ഫോഡ് മലയാളിയായ സിജിന്‍ ജേക്കബ് ഇപ്പോൾ യുകെ മലയാളികളുടെ അഭിമാനമാണ്. പ്രധാനമന്ത്രി ബോറിസ്‌ ജോൺസനെ കാണാൻ അവസരം ലഭിച്ചെന്ന് മാത്രമല്ല പ്രസക്തമായ ഒരു ചോദ്യവും സിജിൻ ചോദിച്ചു. ആരോഗ്യ പ്രവർത്തകരെ സ്ഥിരമായി കണ്ട് സംസാരിക്കുന്ന വ്യക്തിയാണ് ജോൺസൻ. ബോറിസ് ജോണ്‍സണ്‍ അടുത്തിടെ വിളിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ യോഗത്തില്‍ വാറ്റ്‌ഫോഡ് ഒബാന്‍മിയര്‍ കെയര്‍ ഹോം ഡെപ്യുട്ടി മാനേജരായ സിജിനും ഉള്‍പ്പെട്ടിരുന്നു. പ്രധാനമന്ത്രിയോടും കൂടെയുള്ള മന്ത്രിമാരോടും ചോദ്യങ്ങള്‍ ചോദിക്കാൻ അവർക്ക് അവസരം ലഭിച്ചതോടെ, സിജിൻ മനസ്സിൽ സൂക്ഷിച്ച ആശങ്ക ചോദ്യ രൂപത്തിൽ പുറത്തേക്ക് വന്നു. പ്രധാനമന്ത്രിയുടെ സംഘത്തില്‍ ഉണ്ടായിരുന്ന സോഷ്യല്‍ കെയര്‍ സഹ മന്ത്രി ജില്ലിയന്‍ കീഗനോട് അദ്ദേഹം ചോദിച്ചു; സോഷ്യൽ കെയറർമാരുടെ വേതനം എന്ന് കൂടും?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആരോഗ്യ മേഖലയില്‍ കഠിനാധ്വാനം നടത്തുന്ന കെയർ ജീവനക്കാരുടെ ശമ്പളവർദ്ധനവ് പരിഗണനയിലുണ്ടോ എന്ന ചോദ്യം സിജിൻ ആരാഞ്ഞു. ഇത് സർക്കാരിന്റെ മുൻഗണനാ വിഷയം ആണെന്നും ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സോഷ്യല്‍ കെയര്‍ സഹ മന്ത്രി വ്യക്തമാക്കി. കെയര്‍ മേഖലയിലെ ജീവനക്കാർക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായി പ്രാദേശിക കൗണ്‍സിലുകള്‍ വഴി മില്യണ്‍ പൗണ്ട് പാക്കേജാണ് കെയര്‍ ഹോമുകള്‍ക്കു നല്‍കിയിരിക്കുന്നത്. ജീവനക്കാര്‍ക്ക് ബോണസ് നല്‍കാനോ ആഴ്ചയില്‍ രണ്ടു തവണ പിസിആര്‍ ടെസ്റ്റ് നടത്താനോ ലാറ്ററല്‍ ഫ്ലോ ടെസ്റ്റ് ദിവസവും നടത്താനോ ഈ തുക ഉപയോഗിക്കാം. കെയര്‍ ജീവനക്കാര്‍, മാനേജര്‍മാർ,സോഷ്യല്‍ വര്‍ക്കര്‍മാർ, നഴ്സിങ് ഹോം ഉടമകൾ എന്നിവരടങ്ങുന്ന ഒരു സംഘത്തിനാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ക്ഷണം ലഭിച്ചത്.

സ്വദേശമായ കട്ടപ്പനയിൽ നിന്നും 2008ലാണ് എന്‍വിക്യു 4 ലെവല്‍ പഠനത്തിന് വേണ്ടി സിജിന്‍ യുകെയിൽ എത്തുന്നത്. തൊട്ടടുത്ത വര്‍ഷം പഠനത്തോടൊപ്പം സീനിയര്‍ കെയര്‍ ആയി ജോലി തുടങ്ങി. പോര്‍ട്‌സ്മൗത്തിലെ പ്രാദേശിക ജീവകാരുണ്യ സംഘടനയുടെ പേരിലുള്ള ബേസ് ഡ് ഓഫ് ഹെല്‍ത്ത് അവാര്‍ഡ് സിജിനെ തേടിയെത്തിയത് ഈ അവസരത്തിലാണ്. തുടർന്ന് വാറ്റ് ഫോഡിലേക്കു ജോലിക്കു പോയി. തുടക്കത്തില്‍ സീനിയര്‍ കെയര്‍ ആയ സിജിൻ പിന്നീട് ടീം ലീഡർ ആയി. അധികം വൈകാതെ തന്നെ ഡെപ്യൂട്ടി മാനേജര്‍ പദവിയിലെത്തി. ഭാര്യ ഷെറിൻ വാറ്റ്‌ഫോഡ് ജനറല്‍ ഹോസ്പിറ്റല്‍ നേഴ്സാണ്. എട്ടു വയസുള്ള നൈജിലും മൂന്നു വയസുകാരി എവ്‌ലിനുമാണ് ഇവരുടെ മക്കള്‍. തനിക്ക് ലഭിച്ച അംഗീകാരത്തെ ഫലപ്രദമായി വിനിയോഗപ്പെടുത്തിയ സിജിൻ, ഇന്ന് യുകെ മലയാളികൾക്കിടയിൽ ഒരു പ്രതീക്ഷയാണ്.