ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ലോകമെമ്പാടുമുള്ള അവിസ്മരണീയ ചരിത്ര നേട്ടങ്ങളുടെ പട്ടികയിൽ എപ്പോഴും ഒരു മലയാളി സാന്നിധ്യം ഉണ്ടാകുമെന്ന പ്രസ്താവനയെ അന്വർത്ഥമാക്കിക്കൊണ്ട് 2022 ൽ ബ്രിട്ടനിലെ ബിർമിങ്‌ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിന്റെ സംഘാടകസമിതിയിലും മലയാളി സാന്നിധ്യം ശ്രദ്ധേയമായിരിക്കുകയാണ്. നാലുവർഷമായി ബ്രിട്ടനിൽ സ്ഥിരതാമസം ആക്കിയിരിക്കുന്ന പാലാ ഐങ്കൊമ്പ് സ്വദേശിനിയായ ഷാനു മാത്യുവിനാണ് ഈ ചരിത്ര നേട്ടത്തിൽ പങ്കാളിയാകുവാൻ അവസരം ലഭിച്ചിരിക്കുന്നത്. കോമൺവെൽത്ത് ഗെയിംസിന്റെ ബ്രിൻഡ് ലി പ്ലെയ് സിലെ ഹെഡ് ക്വാർട്ടേഴ് സിൽ വർക്ക് ഫോഴ്സ് ഡിപ്പാർട്ട്മെന്റിലാണ് ഷാനു ജോയിൻ ചെയ്തത്. മക്കളെ നോക്കുന്നതിനായി അഞ്ചുവർഷം നീണ്ട ഇടവേളയെടുത്ത ശേഷം തിരികെ ജോയിൻ ചെയ്തത് ഇത്തരത്തിൽ ഒരു ചരിത്രനിമിഷത്തിൽ പങ്കാളിയാകാനാണ് എന്നുള്ളത് തനിക്ക് അഭിമാനകരമാണെന്ന് ഷാനു മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

വർക്ക് ഫോഴ്സ് ഡിപ്പാർട്ട്മെന്റ് വോളണ്ടിയർ റിക്രൂട്ട്മെന്റ് നടത്തിക്കഴിഞ്ഞ സമയത്താണ് താൻ ജോലിയിൽ ജോയിൻ ചെയ്തതെന്ന് ഷാനു പറഞ്ഞു. അതിനുശേഷം ഇങ്ങോട്ടുള്ള എല്ലാ പ്രവർത്തനങ്ങളിലും തനിക്ക് ഭാഗമാകാൻ സാധിച്ചതിലുള്ള സന്തോഷം ഷാനു മലയാളം യുകെ ന്യൂസിനോട് പങ്കുവെച്ചു. വോളണ്ടിയർ റിക്രൂട്ട്മെന്റിന് ശേഷം, പിന്നീട് തിരഞ്ഞെടുക്കപ്പെട്ട വോളണ്ടിയർമാർക്ക് റോൾ ഓഫർസ് നൽകുന്ന ചുമതലയായിരുന്നു വർക്ക് ഫോഴ്സ് ടീമിന് ഉണ്ടായിരുന്നത്. അതിനുശേഷം പിന്നീട് ഈ വോളണ്ടിയർമാർക്ക് ആവശ്യമായ പരിശീലനം നൽകുന്ന ചുമതലയും തങ്ങളുടെ ഡിപ്പാർട്ട്മെന്റിന് ആയിരുന്നുവെന്ന് ഷാനു വ്യക്തമാക്കി. തങ്ങളുടെ ചുമതലകൾ നിർവഹിക്കുവാൻ ആവശ്യമായ പരിശീലനം വോളണ്ടിയർമാർക്ക് നൽകുന്നതിന് നേതൃത്വം നൽകുക എന്നതായിരുന്നു പ്രാഥമിക ചുമതല. അതിനുശേഷം അവരുടെ യൂണിഫോം ഉൾപ്പെടെയുള്ള കാര്യങ്ങളും വർക്ക് ഫോഴ്‌സ് ഡിപ്പാർട്ട്മെന്റിന്റെ ചുമതലയായിരുന്നു.

ഏകദേശം 15,000ത്തോളം വരുന്ന വോളണ്ടിയർമാരുടെ മുഴുവൻ ചുമതലയും തങ്ങളുടെ ഡിപ്പാർട്ട്മെന്റിന് ആയിരുന്നുവെന്ന് ഷാനു പറഞ്ഞു. അതിനുശേഷം വർക്ക് ഫോഴ്സ് ഡിപ്പാർട്ട്മെന്റിലെ എല്ലാ ജീവനക്കാരും പ്രമോഷനോടുകൂടി ഓരോ വേദിയിലേക്ക് നിയമിക്കപ്പെട്ടു. ഇതിൽ എൻ ഇ സി ( നാഷണൽ എക്സിബിഷൻ സെന്റർ ) വേദിയിലേക്ക് ഡെപ്യൂട്ടി വർക്ക്‌ ഫോഴ്സ് മാനേജരായി തനിക്ക് പോകുവാൻ സാധിച്ചതായി ഷാനു മലയാളം യുകെയോട് വ്യക്തമാക്കി. വേദിയിൽ എത്തിയശേഷം മത്സരത്തിൽ പങ്കെടുക്കുന്ന അത്‌ലറ്റു മാരുടെ എല്ലാ കാര്യങ്ങളും നോക്കുന്ന ചുമതലയും ഉണ്ടായിരുന്നതായി ഷാനു പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാലാ ഐങ്കൊമ്പ് സ്വദേശിനിയായ ഷാനു പെരുമാട്ടിക്കുന്നേൽ മാത്യു അഗസ്റ്റിന്റെയും ജെമിനി മാത്യുവിന്റെയും മകളാണ്. ഭർത്താവ് നിർമ്മൽ ജോസ് യുകെയിൽ ഐടി കൺസൾട്ടന്റായി ജോലി ചെയ്തു വരികയാണ്. ജോസഫ്, മരിയ എന്നീ രണ്ട് മക്കളാണ് ഇവർക്കുള്ളത്. ഭർത്താവിന്റെയും കുടുംബത്തിന്റെയും ഭാഗത്തുനിന്ന് ലഭിക്കുന്ന പിന്തുണ വളരെ വിലപ്പെട്ടതാണെന്ന് ഷാനു പറഞ്ഞു. സഹോദരനായ ദീപുവും, സഹോദരിയായ സാന്ദ്രയും ഇവരോടൊപ്പം യുകെയിൽ താമസിക്കുന്നു. ഇവരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന പിന്തുണ തനിക്ക് ഏറെ വിലപ്പെട്ടതാണെന്ന് ഷാനു പറഞ്ഞു.

പാലായിലെ ചാവറ പബ്ലിക് സ്കൂൾ നിന്നും സ്കൂൾ വിദ്യാഭ്യാസവും, കുട്ടിക്കാനം മരിയൻ കോളേജിൽ നിന്നും ഡിഗ്രി പഠനവും, ക്രിസ്തുജയന്തി കോളേജ് ബാംഗ്ലൂരിൽ നിന്ന് പോസ്റ്റ് ഗ്രാജുവേഷൻ പഠനവും കഴിഞ്ഞശേഷം ഫിനാൻസ് & മാർക്കറ്റിങ്ങിൽ എംബിഎ പഠനം പൂർത്തിയാക്കിയുമാണ് ഷാനു ഫിനാൻഷ്യൽ അനലിസ്റ്റ് ആയി ജോലി നോക്കി വന്നിരുന്നത്. തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് ഷാനു വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള നിരവധി പ്രമുഖരായ സ്പോർട്സ് താരങ്ങളോട് സംസാരിക്കുവാനും മറ്റും തനിക്ക് അവസരം ലഭിച്ചത് വലിയൊരു ഭാഗ്യമായി താൻ കാണുന്നതായും അവർ പറഞ്ഞു.