ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പൗണ്ടിന്റെ വിലത്തകർച്ചയിൽ ബ്രിട്ടീഷ് സാമ്പത്തിക മേഖല ആടിയുലയുകയാണ്. ഒരു ഘട്ടത്തിൽ ഒരു പൗണ്ടിന് 1.03 ഡോളർ എന്ന നിലവരെ ഏഷ്യൻ ട്രേഡ് മാർക്കറ്റിൽ വിലയിടിഞ്ഞു. ഇത് പിന്നീട് ഒരു പൗണ്ടിന് 1.05 ഡോളർ എന്ന നിലയിലേയ്ക്ക് മെച്ചപ്പെട്ടു. യൂറോയ് ക്കെതിരെയും പൗണ്ടിന്റെ വിലയിടിഞ്ഞു. 1.09 എന്ന നിലയിലേക്ക് 14 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേയ്ക്കാണ് പൗണ്ടിന്റെ വില തകർന്നടിഞ്ഞത്. പൗണ്ടിന്റെ വിലയിടിവ് നേരിടാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിയന്തര മീറ്റിംഗ് വിളിച്ചുകൂട്ടുമെന്നാണ് സാമ്പത്തിക രംഗത്ത് വിദഗ്ധർ വിലയിരുത്തുന്നത്.

വൻ നികുതി ഇളവുകൾ അവതരിപ്പിച്ച മിനി ബഡ്ജറ്റിനെ തുടർന്ന് കഴിഞ്ഞ ദിവസവും പൗണ്ടിന്റെ വിലയിൽ വൻ ഇടിവ് നേരിട്ടിരുന്നു . ചാൻസിലർ ക്വാസി കാർട്ടെംഗ് അവതരിപ്പിച്ച ബഡ്ജറ്റിനോട് ഓഹരി വിപണിയും പ്രതികൂലമായാണ് പ്രതികരിച്ചത്. യുകെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ആശങ്കകളും പൗണ്ടിന്റെ വിലയിടിവും ഓഹരി വിപണിയിൽ പ്രതിഫലിച്ചതായാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.