ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ 107 കൗൺസിലുകളിലായി നടന്ന തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം കരസ്ഥമാക്കി യുകെ മലയാളി സജീഷ് ടോം താരമായി. ആകെ പോൾ ചെയ്ത വോട്ടിന്റെ 70 ശതമാനം കരസ്ഥമാക്കിയാണ് ബേസിംഗ് സ്റ്റോക്കിലെ പോപ്പിലി വാർഡിൽ നിന്ന് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2021-ൽ ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഇവിടെ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സജീഷ് ടോമിന് തന്റെ പ്രവർത്തനങ്ങളുടെ അംഗീകാരമായി രണ്ടാംഘട്ട തിരഞ്ഞെടുപ്പ് വിജയം.
കൗണ്‍സിലിന്റെ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് കമ്മറ്റി, ലൈസന്‍സിംഗ് കമ്മറ്റി എന്നീ സമിതികളിൽ ഉൾപ്പെടെയുള്ള ശ്രദ്ധേയമായ പ്രവർത്തനമാണ് സജീഷ് ടോമിന്റെ മഹാഭൂരിപക്ഷത്തോടുള്ള വിജയത്തിന് പിന്നിൽ. സജീഷ് പ്രതിനിധാനം ചെയ്യുന്ന കൗൺസിലിൽ മഹാഭൂരിപക്ഷവും ഇംഗ്ലീഷുകാരാണ്. അതുകൊണ്ട് തന്നെ ഈ വിജയം യുകെയിലുള്ള മലയാളി സമൂഹത്തിനാകെ അഭിമാനകരമാണ്. കോട്ടയം ജില്ലയില്‍ വൈക്കം ചെമ്പ് അയ്യനംപറമ്പില്‍ കുടുംബാംഗമാണ് സജീഷ്. ബേസിംഗ് സ്റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷന്റെ നേതൃസ്ഥാനത്ത് പൊതുപ്രവർത്തനം ആരംഭിച്ച സജീഷ് യുകെയിലെ പ്രബല തൊഴിലാളി യൂണിയനായ യൂണിസണിൻ്റെ നേതൃസ്ഥാനം തുടങ്ങി നിരവധി മേഖലകളിലൂടെ യുകെയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമാണ്.
ഇംഗ്ലണ്ടിലെ ലോക്കൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ അക്ഷരാർത്ഥത്തിൽ നടന്നത് ലേബർ പാർട്ടി സ്ഥാനാർത്ഥികളുടെ തേരോട്ടമായിരുന്നു. എല്ലാവരും ഉറ്റുനോക്കുന്ന ലണ്ടൻ തിരഞ്ഞെടുപ്പിൽ സാദിഖ് ഖാൻ വിജയത്തിലേക്ക് അടുക്കുന്നതായുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. സാദിഖ് ഖാന് 40 ശതമാനം വോട്ട് ലഭിക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. നിലവിൽ 107 കൗൺസിലുകളിൽ 50 എണ്ണത്തിലും ലേബർ പാർട്ടിയാണ് മുന്നേറുന്നത്. ലേബർ പാർട്ടിയുടെ 1125 കൗൺസിൽ സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ കൺസർവേറ്റീവ് പാർട്ടിയുടെ 520 പേർ മാത്രമാണ് വിജയം കണ്ടത്.
Leave a Reply