ഗ്ലാസ്‌ഗോ മലയാളി സമൂഹത്തിന്റെ കുടിയേറ്റത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ സമൂഹത്തിന്റെ നന്മ കാംഷിച്ച് പ്രവര്‍ത്തിച്ച, വ്യക്തിപരമായും, സാമൂഹികപരമായും, മതപരമായുമുള്ള ഗ്ലാസ്ഗോ മലയാളിയുടെ അസ്ഥിത്വത്തിന് തുടക്കം കുറിക്കാന്‍ നേതൃത്വം നല്‍കിയ മാത്തൂര്‍ കുടുംബം ഗ്ലാസ്ഗോയിലെ 15 വര്‍ഷക്കാലം നീണ്ട പ്രവാസത്തിനു ശേഷം ഓസ്‌ട്രേലിയയിലേക്ക് ചേക്കേറുന്നു.

2003ല്‍ ഗ്ലാസ്ഗോയിലെത്തിയ ബെന്നി മാത്തൂരും, ജിഷ ബെന്നിയും മക്കളായ ഐറിനും, എവലിനും മറ്റേതൊരു മലയാളിയേക്കാളുപരിയായി ഗ്ലാസ്ഗോ മലയാളി സമൂഹത്തിനു വേണ്ടി ആത്മാര്‍പ്പണത്തോടു കൂടി പ്രവര്‍ത്തിച്ചവരാണ്.

ഗ്ലാസ്‌ഗോ മലയാളി സമൂഹത്തിന് ഊടും പാവും നല്‍കിയതില്‍ ബെന്നിച്ചനുള്ള പങ്കിനെ ആര്‍ക്കും തമസ്‌കരിക്കാനാകില്ല. പിച്ചവെച്ചു തുടങ്ങിയ ഒരു മലായാളി പ്രവാസ സമൂഹത്തിന്റെ ഉന്നമനത്തിനായി ആത്മസമര്‍പ്പണ്ണം ചെയ്തവരാണ് ബെന്നിച്ചനും കുടുംബവും. കാമ്പസ്ലാംഗ് കേന്ദ്രീകൃതമായി ഒരു മലയാളി കൂട്ടായ്മ രൂപപ്പെട്ടു വരുവാനും ഫാ.സെബാസ്റ്റ്യന്‍ കല്ലത്തിന്റെ നേതൃത്വത്തില്‍ സെന്റ് ബ്രൈഡ്‌സ് പള്ളി വികാരി ഫാ.മോര്‍ട്ടന്റെയും, പ്രാദേശികരായ നല്ല ആളുകളുടെയും സഹായത്തോടെ ഒരു ഇന്ത്യന്‍ കമ്യൂണിറ്റി രൂപപ്പെടുത്തിയെടുക്കാന്‍ ബെന്നിച്ചന്‍ നടത്തിയ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ കാലത്തിന് വിസ്മരിക്കാവുന്നതല്ല.

 

2004 മുതല്‍ കാംബസ്ലാംഗ് കേന്ദ്രീകൃതമായി മാസം തോറും സീറോ മലബാര്‍ കുര്‍ബാന നടത്താനും പിന്നീട് സ്ഥിരമായി ഇവിടെ ഒരു വൈദികനെ കൊണ്ടുവരുമാനുമുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, 2006 നവംബര്‍ മാസത്തില്‍ സ്ഥിരമായി വൈദികനെത്തിയപ്പോള്‍ അച്ചനെ സഹായിക്കേണ്ടവര്‍ പലരും മാറി നിന്നപ്പോള്‍, മദര്‍വെല്‍ രൂപതയില്‍ സീറോ മലബാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി നിന്നവരില്‍ പ്രധാനി ഓര്‍ത്തഡോക്‌സ് സമുദായാഗം ആയ ബെന്നിച്ചനാണ്, പ്രാരംഭദശയിലുള്ള അരക്ഷിതാവസ്ഥയിലും, പ്രതിസന്ധി ഘട്ടത്തിലും കമ്മറ്റിക്കാരാകാന്‍ ആരും തയ്യാറാകാതിരുന്ന കാലഘട്ടങ്ങളില്‍ ദീര്‍ഘകാലം പള്ളികമ്മറ്റി അംഗമായും, ട്രഷററായും സേവനമനുഷ്ഠിച്ചു.

കൂടാതെ കത്തോലിക്കാ കുര്‍ബാനപ്പാട്ടുകള്‍ പാടാനറിയാവുന്നവര്‍ അകലം പാലിച്ചു നിന്നപ്പോള്‍, തനിക്കു പരിചിതമല്ലാത്ത കത്തോലിക്കാ പള്ളി പാട്ടുകള്‍ പഠിച്ച് പാടാന്‍ സന്മനസ്സ് കാണിച്ച ജിഷയും, മലയാളം അത്യാവശ്യത്തിനു മാത്രമറിയാവുന്ന ഐറിന്‍ അള്‍ത്താര ബാലികയായതും ഈ കുടുംബത്തിന്റെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്ന, മതത്തിന്റെ വേലി കെട്ടുകള്‍ക്കപ്പുറത്തേക്ക് ചിന്തിക്കാനും, പ്രവര്‍ത്തിക്കാനുമുള്ള ഈ കുടുംബത്തിന്റെ വിശാല മനസ്ഥിതിയാണ്.

  വൈമ ജോയിന്റ് സെക്രട്ടറി അഭിലാഷ് മാത്യുവിൻറെ (വെയ്ക്ക്ഫീൽഡ്) പിതാവ് നിര്യാതനായി

മലയാളികള്‍ പരസ്പരാശ്രയത്തിലും, പ്രതിബദ്ധതയിലും, പൗണ്ടിനെ രൂപയും ആയി ഗുണിച്ചു ജീവിച്ചിരുന്ന ആദ്യ നാളുകള്‍ മുതല്‍ 15 വര്‍ഷത്തിനിപ്പറവും. തങ്ങളുടെ സമയവും, സാഹചര്യങ്ങളും മറ്റുള്ളവര്‍ക്കായി മാറ്റിവെച്ചു കൊണ്ട്, സഹായമര്‍ഹിക്കുന്നിടത്ത് ഓടിയെത്തുന്ന ഈ കുടുംബത്തിന് സര്‍വ്വ ഐശ്വര്യങ്ങളും നേരുന്നു.

ഗ്ലാസ്ഗോ മലയാളിയുടെ അതിജീവനത്തിന്റെ ഘട്ടത്തിലും, തുടര്‍ന്നും സാമൂഹ്യ പ്രതിബദ്ധതയോടെ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും, പ്രീണനനയം ഒട്ടും കൈവശമില്ലാത്തതിനാലും ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന വ്യക്തി കൂടിയാണ് ബെന്നിച്ചന്‍.

കലാകേരളം ഗ്ലാസ്‌ഗോയുടെ മുന്‍ സെക്രട്ടറി, ഉപദേശക സമിതി അംഗം, കലാകേരളം ചെണ്ട ഗ്രൂപ്പിന്റെ തുടക്കക്കാരന്‍, ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍സ് ഓഫ് മദര്‍ മേരി മദര്‍വെല്‍ സ്‌കോട്‌ലാന്‍ഡ് (ICOMS) ട്രഷറര്‍, കമ്മറ്റി അംഗം. ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഗ്ലാസ്‌ഗോയുടെ തുടക്കകാരനും ട്രസ്റ്റിയും എന്നു വേണ്ട, ഗ്ലാസ്‌ഗോ മലയാളി സമൂഹത്തിന്റെ നാനാതുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ബെന്നിച്ചന്‍ അതു കൊണ്ട് മാത്രമാണ്, വെറും ഒരാഴ്ചകൊണ്ട് കലാകേരളം ഗ്ലാസ് ഗോ സംഘടിപ്പിച്ച യാത്ര അയപ്പില്‍ ഔദ്യോദിഗ ക്ഷണമില്ലാതെ തന്നെ അനേകര്‍ സാന്നിദ്ധ്യമറിയിച്ച് ആശംസകള്‍ നേര്‍ന്നത്.

ബഹു. മോര്‍ട്ടനച്ചന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളനത്തിലേക്ക് ബെന്നി മാത്തൂര്‍ കുടുംബത്തെ താലപ്പൊലിയുടെയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. വര്‍ണശബളമായ സമ്മേളന വേദിയില്‍ വെച്ച് കലാകേരളത്തിന്റെ വളര്‍ച്ചയുടെ പടവുകളില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മാത്തൂര്‍ കുടുംബത്തിനുള്ള സ്‌നേഹോപകാരം ഫാ.പോള്‍ മോര്‍ട്ടനും, പ്രസിഡന്റ് ജോമോന്‍ തോപ്പിലും, സെക്രട്ടറി പോള്‍സണ്‍ ലോനപ്പനും ചേര്‍ന്ന് നല്‍കി. വികാരനിര്‍ഭരമായ നിരവധി മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച യാത്രയയപ്പ് സമ്മേളനത്തില്‍ ഏവരുടെയും മനം കുളിര്‍പ്പിക്കുന്ന കലാസന്ധ്യയും അരങ്ങേറി.

ബെന്നിച്ചനും, ജിഷയ്ക്കും, ഐറിനും, ഇവിക്കും കലാകേരളം ഗ്ലാസ് ഗോ കുടുംബത്തിന്റെയും, സുഹൃത്തുകളുടെയും പ്രാര്‍ത്ഥാനിര്‍ഭരമായ ശുഭാശംസകള്‍ നേരുന്നതോടൊപ്പം. നിങ്ങള്‍ കാണിച്ച ആര്‍ജ്ജവത്തിനും, ആത്മാര്‍ത്ഥതയ്ക്കും, കപടതയില്ലാത്ത വ്യക്തിതിത്വത്തിനും ഒത്തിരി നന്ദി. സ്‌നേഹാശംസകള്‍.