ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബെർമിംഹാമിൽ വച്ച് നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൻെറ ഭാഗമായതിൻെറ സന്തോഷത്തിലാണ് യുകെ മലയാളിയായ ഷാജി പി പൂഴിപ്പറമ്പിൽ . ഗെയിംസിലെ പ്രധാന ഇനമായ ബാസ്ക്കറ്റ്ബോൾ ഫീൽഡിലേയ്ക്ക് വോളന്റീയറായി തെരഞ്ഞെടുക്കപ്പെട്ട ഏക ഏഷ്യൻ വ്യക്തിയാണ് ഷാജി . കേരള സംസ്ഥാന ബാസ്ക്കറ്റ്ബോൾ ടീം അംഗവും പോലീസ് ബാസ്ക്കറ്റ്ബോൾ ടീം പ്ലെയറുമായിരുന്നു ഈ യുകെ മലയാളി
ഗെയിംസ് ട്രയൽസിൽ പ്രത്യേകം പങ്കെടുക്കുകയും ലൈവ് സ്ട്രീം ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യയുടെ പരീക്ഷണഘട്ടത്തിൽ പങ്കെടുക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു. ഈ അവസരത്തിൽ തൻറെ കളി മികവും കായിക അഭ്യാസവും കൊണ്ട് സഹകളിക്കാരുടെയും കാണികളുടെയും പ്രത്യേകം അഭിനന്ദനം നേടിയെടുക്കാനും ഷാജിക്ക് സാധിച്ചു.
ബെർമിംഹാമിൽ വച്ച് നടക്കുന്ന കോമൺവെൽത്തിലെ ഈ അപൂർവ്വമായ മലയാളി സാന്നിധ്യം യുകെ മലയാളികൾക്ക് പ്രത്യേക അഭിമാന നിമിഷമായി. കോമൺവെൽത്ത് ഗെയിംസിലെ വോളന്റിയറിന് അപേക്ഷിച്ചപ്പോൾ എവിടെയെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബാസ്ക്കറ്റ്ബോളിൽ തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഷാജി മലയാളം യുകെയോട് പറഞ്ഞു. അതിലുപരി ബാസ്കറ്റ് ബോളിന്റെ പ്രധാനപ്പെട്ട മത്സരങ്ങൾ നടക്കുന്ന ഗ്രൗണ്ടിൽ തന്നെ അവസരം ലഭിച്ചത് സ്വപ്നതുല്യമായിരുന്നെന്ന് ഷാജി പറഞ്ഞു. മെയിൻ കോർട്ടിലെ റിഹേഴ്സൽ മത്സരങ്ങളിൽ കളിക്കാൻ പറ്റിയതിൻെറയും അവിടുത്തെ വോളണ്ടിയർ ടീമിലെ ഏക ഇന്ത്യക്കാരൻ ആയതിന്റെയും സന്തോഷത്തിലും അഭിമാനത്തിലുമാണ് ബാസ്ക്കറ്റ് ബോൾ കളിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഈ കളിക്കാരൻ . കൂടുതൽ മലയാളികൾ ഇങ്ങനെയുള്ള അവസരങ്ങളിൽ മുന്നോട്ടുവരണമെന്നാണ് തൻറെ ആഗ്രഹം എന്ന് അദ്ദേഹം വെളിപ്പെടുത്തി.
കേരളത്തിൽ വയനാട് ജില്ലയിലെ പുൽപള്ളിക്കടുത്ത് കബനി എന്ന സ്ഥലത്താണ് ഷാജിയുടെ സ്വദേശം . 1986 മുതൽ 89 വരെ തൃശൂർ കേരളവർമ്മ കോളേജ് വിദ്യാഭ്യാസ കാലയളവിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടി കളിക്കാൻ സാധിച്ചു. ആ കാലഘട്ടത്തിൽ തന്നെ യൂത്ത് ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ കേരളം വിജയിച്ചപ്പോൾ ഷാജി അതിന്റെ ഭാഗമായിരുന്നു. 1989 ജൂനിയർ നാഷണൽ മത്സരത്തിലും ഷാജി കേരളത്തെ പ്രതിനിധീകരിച്ചിരുന്നു. കളി മികവിന്റെ ഭാഗമായി ഷാജിക്ക് 1990 -ൽ തന്നെ കേരള പോലീസിൽ ജോലി ലഭിച്ചു .
2000 – വരെ പോലീസിൽ കളിച്ച ഷാജി ഫെഡറേഷൻ കപ്പ് നേടിയ ടീമിന്റെയും ഭാഗമായിരുന്നു. 2006 മുതൽ ഷാജി യുകെയിലാണ്. കോഴിക്കോട് കുറ്റിയാടി ചെമ്പനോട സ്വദേശിയായ ഭാര്യ ജെസ്സി ബർമിങ് ഹാം ചെസ്റ്റ് ക്ലിനിക്കിൽ നേഴ്സായി ജോലി ചെയ്യുന്നു. മക്കളായ എയ്ഞ്ജലീനും ലെസ് ലീനും നേഴ്സിംഗിന് പഠിക്കുകയാണ് . .
Leave a Reply